
17,000 രൂപയുടെ ഫേഷ്യല്‍ ചെയ്ത യുവതിയുടെ മുഖം പൊള്ളി; ബ്യൂട്ടി പാര്‍ലറിനെതിരേ കേസെടുത്തു
മുംബൈയിലെ അന്ധേരിയില്‍ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് ഫേഷ്യല്‍ ചെയ്ത 23-കാരിയുടെ മുഖത്ത് പൊള്ളലേറ്റു. 17,000 രൂപ മുടക്കി ഫേഷ്യല്‍ സ്‌കിന്‍ കെയര്‍ ട്രീറ്റ്‌മെന്റ് ചെയ്ത യുവതിയുടെ മുഖമാണ് പൊള്ളിയത്. ബ്യൂട്ടി പാര്‍ലറിനെതിരേ യുവതി പരാതി നൽകിയതിനെ തുടർന്ന് ഉടമയ്‌ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
ട്രീറ്റ്‌മെന്റ് ചെയ്തപ്പോൾ തന്നെ യുവതിക്ക് ചെറിയ അസ്വസ്ഥത തോന്നിയിരുന്നു. അത് ബ്യൂട്ടി ബാര്‍ലറിലെ ജീവനക്കാരെ അറിയിച്ചപ്പോൾ ചിലര്‍ക്ക് ചില ഉത്പന്നങ്ങള്‍ ചെറിയ അസ്വസ്ഥതയുണ്ടാക്കുമെന്നും അത് സാധാരണമാണെന്നും കുറച്ച് സമയം കൂടി കാത്തിരുന്നാല്‍ എല്ലാം ശരിയാകുമെന്നും യുവതിയെ വിശ്വസിപ്പിച്ചു. എന്നാല്‍ മുഖത്തെ പൊള്ളല്‍ രൂക്ഷമായി വന്നതോടെ യുവതി ബ്യൂട്ടി പാര്‍ലറിലുള്ളവര്‍ക്കെതിരേ രംഗത്തെത്തുകയായിരുന്നു.
യുവതിയും ബന്ധുക്കളും സ്ഥാപനത്തിലെത്തുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു. പിറ്റേ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും മുഖത്താകെ പൊള്ളിയ പാടുകള്‍ പടര്‍ന്നിരുന്നു. ഇത് അല്‍പം ഗുരുതരമാണെന്നും, പാടുകള്‍ പോകാന്‍ സാധ്യതയില്ലെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. കാലാവധി കഴിഞ്ഞതോ നിലവാരമില്ലാത്തതോ ആയ ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകുമെന്നും അതല്ലെങ്കില്‍ വിവിധ ഉത്പന്നങ്ങള്‍ മിക്‌സ് ചെയ്തപ്പോള്‍ അനുപാതം തെറ്റിയിട്ടുണ്ടാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.