
കോൺഗ്രസുകാർ നടക്കുന്നത് ബോംബുമായി, വിഐപി സംസാരിക്കുമ്പോൾ മൈക്ക് തകരാറായാൽ അന്വേഷണം സ്വാഭാവികം; ഇ.പി. ജയരാജൻ
ഉമ്മൻചാണ്ടി അനുസ്മരണത്തിനിടെ നടന്നത് അദ്ദേഹത്തിനു ലഭിക്കുന്ന ആദരവില്ലാതെയാക്കാൻ ഉമ്മൻചാണ്ടി വിരുദ്ധർ നടത്തുന്ന പ്രവർത്തനങ്ങളാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. വി.ഐ.പികൾ സംസാരിക്കുമ്പോൾ മൈക്ക് തകരാർ ഉണ്ടായാൽ അന്വേഷണമുണ്ടാവുന്നത് സ്വാഭാവികമാണെന്നും വി.ഐ.പി. സുരക്ഷാനിയമപ്രകാരമുള്ള ആ നടപടിയെ പോലും കോൺഗ്രസ് വിമർശിക്കുകയാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ബോംബുകളുമായാണ് കോൺഗ്രസുകാർ നാട്ടിൽ നടക്കുന്നതെന്നും സുധാകരനേയും കൂട്ടരേയും വിശ്വസിച്ച് കേരളത്തിൽ എങ്ങനെ ഇറങ്ങിനടക്കുമെന്നും എൽ.ഡി.എഫ്. കൺവീനർ പത്രസമ്മേളനത്തിൽ ചോദിച്ചു.
‘ഉമ്മൻ ചാണ്ടി അന്തരിച്ചപ്പോൾ എന്താണ് കെ.പി.സി.സി തിരുവനന്തപുരത്ത് കാട്ടിക്കൂട്ടിയത്. കോൺഗ്രസ് അധ്യക്ഷൻ എഴുതി വായിച്ച കാര്യങ്ങൾ ശരിയായില്ല. മുഖ്യമന്ത്രി സംസാരിച്ചപ്പോൾ മാത്രം മുദ്രാവാക്യംവിളി ഉണ്ടായി. ഉമ്മൻ ചാണ്ടിക്ക് കിട്ടുന്ന ആദരവ് ഇല്ലാതാക്കാൻ ഉമ്മൻ ചാണ്ടി വിരുദ്ധർ നടത്തുന്ന കാര്യങ്ങളാണിത്. വളരെ പക്വതയോടെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. ഏത് വി.ഐ.പി സംസാരിക്കുമ്പോൾ മൈക്ക് പ്രശ്നം ഉണ്ടായാലും പോലീസ് അന്വേഷിക്കണം. അത് വിഐപി സെക്യൂരിറ്റി നിയമ പ്രകാരമാണ്. അതിനെപോലും മോശ മായി വിമർശിച്ചു’, ഇ.പി. ജയരാജൻ പറഞ്ഞു.
മണിപ്പൂരിലെ മയക്കുമരുന്ന് മാഫിയക്ക് ബി.ജെ.പിയും ആർ.എസ്.എസുമായി ബന്ധമുണ്ടെന്നും ഇ.പി. ജയരാജൻ ആരോപിച്ചു. മണിപ്പുരിലെ കലാപം ബി.ജെ.പി. സ്പോൺസർ ചെയ്തതാണെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തുണയ്ക്കാത്തതിന്റെ പകപോക്കലാണിതെന്നും ഇ.പി. അഭിപ്രായപ്പെട്ടു. വിവാദ വനനിയമം പാസാക്കാൻ ബിജെപി ശ്രമിക്കുന്നത് വനവിഭവങ്ങൾ കൈവശപ്പെടുത്താനുള്ള ശ്രമമാണെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.