
പാർട്ടിക്കോ കെ കെ ശൈലജയ്ക്കോ ഇതേക്കുറിച്ച് അറിയില്ല; സർക്കാരിനെ പരിഹസിക്കാൻ ശ്രമിക്കുന്നത് തെറ്റെന്ന് ഇപി ജയരാജൻ
കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയ വിഷയത്തിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സർക്കാരിനെയും സർവകലാശാലയെയും പരിഹസിക്കുന്ന നടപടിയെന്ന് ജയരാജൻ പ്രതികരിച്ചു. പാർട്ടിക്കോ കെ കെ ശൈലജയ്ക്കോ ഇതേക്കുറിച്ച് അറിയില്ല. ഒരു സിലബസിലും ഇടതുപക്ഷ മുന്നണി ഇടപെടാറില്ലെന്നും ഇ പി വ്യക്തമാക്കി.
ആരാണ് ഇത് ചെയ്തത് എന്ന് സർവകലാശാല പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനെയും യൂണിവേഴ്സിറ്റിയും പരിഹാസപ്പെടുത്താൻ ശ്രമിക്കുന്നത് തെറ്റാണെന്നും ഇ പി ജയരാജൻ പറഞ്ഞു. കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ ഒന്നാം സെമസ്റ്ററിലെ ‘ലൈഫ് റൈറ്റിംഗ്’ എന്ന പേപ്പറിലാണ് കെ കെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയത്. സി കെ ജാനു, ബി ആർ അംബേദ്ക്കർ എന്നിവരുടെ ആത്മകഥകളും പാഠഭാഗത്തിലുണ്ട്. ബോർഡ് ഓഫ് സ്റ്റഡീസ് ഇല്ലാത്തതിനാൽ അഡ്ഹോക്ക് കമ്മിറ്റിയാണ് സിലബസ് രൂപീകരിച്ചത്. സിലബസ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ കോൺഗ്രസ് അധ്യാപക സംഘടന പ്രതിഷേധവുമായി രംഗത്തെത്തി. സിലബസ് രാഷ്ട്രീയ വത്കരിക്കാൻ ശ്രമം നടക്കുകയാണെന്നായിരുന്നു കെപിസിടിഎയുടെ ആരോപണം. അതേസമയം, ആത്മകഥ നിർബന്ധിത പഠന വിഷയമല്ലെന്നായിരുന്നു കരിക്കുലം കമ്മിറ്റിയുടെ വിശദീകരണം.
