
ആ ഒറ്റ കാരണത്താലാണ് മൊയ്തീൻ ഒഴിവാക്കിയത്, അന്ന് ഒരുപാട് കരഞ്ഞു; ഉണ്ണി മുകുന്ദൻ പറയുന്നു
മലയാള സിനിമയിൽ നായകനായിട്ട് മാത്രമല്ല വില്ലനായും സഹനടനായുമെല്ലാം ഉണ്ണി മുകുന്ദൻ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ അഭിനയത്തിന് പുറമെ നിർമ്മാണത്തിലേക്കും കടന്നിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെക്കുറിച്ചുള്ള സംവിധായകൻ ആർഎസ് വിമൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
എന്നു നിന്റെ മൊയ്തീൻ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ സംവിധായകൻ ആണ് ആർഎസ് വിമൽ. അദ്ദേഹം തിരക്കഥയെഴുതുന്ന പുതിയ സിനിമയാണ് ശശിയും ശാകുന്തളവും. ഈ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയാണ് ആർഎസ് വിമൽ ഉണ്ണി മുകുന്ദനെക്കുറിച്ച് സംസാരിച്ചത്. എന്നു നിന്റെ മൊയ്തീനിൽ താൻ മൊയ്തീനായ ആദ്യം മനസിൽ കണ്ട് ഉണ്ണി മുകുന്ദനെ ആണെന്നാണ് വിമൽ പറയുന്നത്.
ഈ സമയം ഉണ്ണി മുകുന്ദനും വേദിയിലുണ്ടായിരുന്നു. വിമലിന്റെ പ്രസംഗത്തിന് പിന്നാലെ ഉണ്ണി മുകുന്ദൻ അന്ന് നടന്ന കാര്യം തുറന്ന് പറയുകയും ചെയ്തു. മൊയ്തീന്റെ കഥ കേട്ടിട്ട് താൻ ഒരുപാട് കരഞ്ഞു. കഥ പറഞ്ഞ ശേഷം വിമൽ പോയി. എന്നാൽ അന്നത്തെ തന്റെ അവസ്ഥ വച്ചിട്ട് തനിക്ക് തോന്നിയത് വിമലിന് മുന്നോട്ട് പോകാൻ കഴിയുമോ എന്നായിരുന്നുവെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.
വിമൽ ഒരുപാട് വർഷത്തെ ഗവേഷണം ഒക്കെ ചെയ്തിരുന്നു. തന്നെ വച്ചിട്ട് ഒരു ബജറ്റോ ക്യാൻവാസോ അദ്ദേഹത്തിന് കൊണ്ടു വരാൻ സാധിക്കുമോ എന്നതായിരുന്നു ഉണ്ണി മുകുന്ദനുണ്ടായ സംശയം. ഇതോടെ താൻ സംവിധായകൻ പദ്മകുമാറിനെ വിളിച്ചുവെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. പിന്നീട് ചിത്രത്തിലേക്ക് പൃഥ്വിരാജ് എത്തുകയും ചിത്രം വലിയ വിജയമായി മാറുകയും ചെയ്തു. സിനിമ ഇത്രയും വലിയ തലത്തിലേക്ക് എത്തിയ് പൃഥ്വിരാജും ടൊവിനോയുമൊക്കെ വന്നതോടെയാണ്. അതുകൊണ്ടാണ് ആ സിനിമ സിനിമയായി മാറിയതെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.
ഒരു സിനിമ നന്നാകണമെങ്കിൽ അതിന്റേതായ ആളുകൾ വരണം. അതേസമയം തന്റെ ഏറ്റവും മികച്ച സിനിമ ഒരുപക്ഷെ വിമലിന്റെ അടുത്ത സിനിമയായിരിക്കാമെന്നും ഉണ്ണി മുകുന്ദൻ പറയുന്നുണ്ട്. ഉണ്ണി മുകുന്ദനായുള്ള തന്റെ കൂടിക്കാഴ്ചയെക്കുറിച്ച് ആർഎസ് വിമലും സംസാരിക്കുന്നുണ്ട്. എന്റെ മൊയ്തീൻ താങ്കളാണ്, ഇതൊന്ന് കണ്ടു നോക്കൂവെന്ന് പറഞ്ഞാണ് താൻ തന്റെ ഡോക്യുമെന്ററി ഉണ്ണിയെ കാണിച്ചതെന്നാണ് വിമൽ പറയുന്നത്.
ഡോക്യുമെന്ററിയിൽ അച്ഛൻ മൊയ്തീനെ കുത്തുന്ന രംഗം പറയുമ്പോൾ ഉണ്ണി ലാപ് ടോപ്പ് തള്ളി നീക്കിയെന്നും ഉണ്ണി ഒരു മാടാപ്രാവാണെന്നുമാണ് വിമൽ പറയുന്നത്. വലിയ ശരീരമാണെങ്കിലും പെട്ടെന്ന് ഫീൽ ചെയ്യുന്ന മനസാണ് ഉണ്ണി മുകുന്ദനെന്നാണ് വിമൽ പറയുന്നത്. അതിനാൽ ആ രംഗം താങ്ങാനാകാതെ സിനിമ ചെയ്യുന്നില്ല ചേട്ടാ എന്ന് പറഞ്ഞുവെന്നും സംവിധായകൻ ഓർക്കുന്നുണ്ട്. 2015 ൽ പുറത്തിറങ്ങിയ എന്നു നിന്റെ മൊയ്തീൻ വലിയ വിജയമായിരുന്നു.