
ഇഡിയുടെയും സിബിഐയുടെയും തലവന്മാർ ഇനി ചീഫ് ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസര്‍ ഓഫ് ഇന്ത്യക്ക് റിപ്പോർട്ട് ചെയ്യും; പുതിയ തസ്തിക രൂപീകരിക്കുന്നു
ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് മാതൃകയില്‍ ചീഫ് ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസര്‍ ഇന്ത്യ എന്ന തസ്തിക രൂപീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സിബിഐ, ഇഡി എന്നീ അന്വേഷണ ഏജന്‍സികളുടെ തലവന്മാര്‍ പുതിയ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലാണ് ഈ തസ്തിക വരിക. പുതിയ ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരിട്ടുള്ള കീഴിലായിരിക്കും. സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് ഇഡി തലവന്‍ സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതനാകുന്ന സഞ്ജയ് മിശ്രയായിരിക്കും ഇന്ത്യയിലെ ആദ്യത്തെ ചീഫ് ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസര്‍ എന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രാഥമിക സാമ്പത്തിക തട്ടിപ്പുകേസുകളും, കള്ളപ്പണ കേസുകളുമാണ് ഇഡി അന്വേഷിക്കുന്നത്. അഴിമതി അടക്കമുള്ള സാമ്പത്തിക കേസുകള്‍ സിബിഐയാണ് അന്വേഷിക്കുന്നത്. അതിനാൽ ഈ രണ്ട് ഏജന്‍സികളും നടത്തുന്ന അന്വേഷണം ഏതൊക്കെ മേഖലകളിലാണെന്ന് കൃത്യമായി വേര്‍തിരിക്കാന്‍ കഴിയാറില്ല. ഇതുമൂലമുള്ള പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി രണ്ട് ഏജന്‍സികളും ഒരു ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ സാധിക്കുമെന്ന് വാദിച്ചാണ് പുതിയ തസ്തിക സൃഷ്ടിക്കുന്നത്. രണ്ട് ഏജന്‍സികളും ചേര്‍ന്നുള്ള പ്രവര്‍ത്തനത്തെ പുതിയ തസ്തിക സഹായിക്കുന്നും കേന്ദ്രം വാദിച്ചു.
കേന്ദ്ര സര്‍ക്കാരിലെ സെക്രട്ടറിയുടെ അതേ പദവിയായിരിക്കും പുതിയ ഇന്‍വസ്റ്റിഗേറ്റീവ് ഓഫീസര്‍ക്കും ലഭിക്കുക. അടുത്തമാസം 15-ാം തീയതിവരെയാണ് സഞ്ജയ് മിശ്ര ഇഡിയുടെ തലപ്പത്തുണ്ടാവുക. ഇദ്ദേഹത്തിന്റെ കാലാവധി നീട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം സുപ്രീം കോടതിയാണ് തടഞ്ഞത്. നേരത്തെ രണ്ടുവട്ടം ഇദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കിയിരുന്നു. പുതിയ തസ്തിക നിലവില്‍ വന്നാലും ഇഡി റവന്യു വകുപ്പിന്റെ കീഴില്‍ തന്നെ തുടരും.