
വീണ്ടും അമേരിക്കൻ പ്രസിഡന്റായാൽ ഇന്ത്യക്കെതിരെ ‘പ്രതികാര’ നികുതി ചുമത്തും; ഭീഷണിയുമായി ട്രംപ്
താൻ വീണ്ടും പ്രസിഡന്റായാൽ ഇന്ത്യക്കെതിരെ ‘പ്രതികാര’ നികുതി ചുമത്തുമെന്ന് ഡൊണാൾഡ് ട്രംപ്. ഐക്കണിക്ക് ഹാർലി-ഡേവിഡ്സൺ മോട്ടോർസൈക്കിളുകൾ ഉൾപ്പെടെയുള്ള ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന നികുതി ചുമത്തുന്ന വിഷയം വീണ്ടും ഉന്നയിച്ചാണ് ട്രംപിന്റെ ഭീഷണി. ഇന്ത്യയിൽ വളരെ ഉയർന്ന നികുതി നിരക്കാണെന്ന് മുൻപ് ഫോക്സ് ബിസിനസ് ന്യൂസിനു നൽകിയ അഭിമുഖത്തിലും ട്രംപ് ആരോപിച്ചിരുന്നു.”ഇന്ത്യക്ക് 100 ശതമാനവും 150 ശതമാനവും 200 ശതമാനവും താരിഫുകൾ ഉണ്ട്. എന്നാൽ അവർ നിർമിക്കുന്ന ഒരു ബൈക്ക്, നികുതിയും താരിഫും കൂടാതെ നമ്മുടെ വിപണിയിൽ സുഖമായി വിൽക്കാം. അതേസമയം, അമേരിക്കക്കാർ ഒരു ഹാർലി നിർമിച്ച് ഇന്ത്യയിലേക്ക് അയക്കുകയാണെങ്കിൽ ഭീമൻ താരിഫും ചുമത്തും. ഞങ്ങൾ പോയി ഇന്ത്യയിൽ ഒരു പ്ലാൻറ് നിർമിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അതിനു ശേഷം താരിഫ് ഉണ്ടാകില്ല”- ട്രംപ് വിശദമാക്കി.യു.എസ് പ്രസിഡന്റായിരുന്ന ആദ്യ കാലയളവിൽ, ട്രംപ് ഇന്ത്യയെ താരിഫ് രാജാവ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. പിന്നീട് യു.എസിലേക്കുള്ള ഇന്ത്യയുടെ മുൻഗണന പ്രവേശനം ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ് (ജി.എസ്.പി) അവസാനിപ്പിച്ചിരുന്നു. ഇന്ത്യ അങ്ങനെയൊരു സവിശേഷ മുൻഗണന യു.എസിന് നൽകുന്നില്ല എന്നാരോപിച്ചായിരുന്നു ഇത്.