dollar-money-roopa-coin-dirham

ഡോളറിനെ വെട്ടി മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

  • ഇന്ത്യയും യു.എ.ഇയും തമ്മില്‍ രൂപയും ദിര്‍ഹവും കൈമാറ്റം നടത്തി കച്ചവടം ചെയ്തു
  • ഐ.ഒ.സിയും അബുദാബി നാഷണല്‍ ഓയില്‍ കോര്‍പ്പറേഷനും തമ്മിലുള്ള എണ്ണ ഇടപാടാണ് കറന്‍സിയില്‍ നടത്തി

എ.എസ്. അജയ്‌ദേവ്

വിപ്ലവം വരും സഖാവെ എന്ന് വാ നിറച്ചും പറഞ്ഞാല്‍ പോര, പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ പ്രവര്‍ത്തിച്ച് വിപ്ലവം സൃഷ്ടിക്കണം. അതാണ് മാസ്. വെറും മാസല്ല, മരണ മാസ്. യു.എ.ഇയുമായി പതിറ്റാണ്ടുകളുടെ ബന്ധമുള്ള ഇന്ത്യ, ലോക മുതലാളിത്ത രാഷ്ട്രങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഒരു വിപ്ലവം തീര്‍ത്തിരിക്കുകയാണ്. ഇന്ത്യന്‍ രൂപയെ അന്താരാഷ്ട്രാ വിപണിയില്‍ ക്രയവിക്രയം നടത്താന്‍ പാകത്തിന് എത്തിച്ചു. ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തമ്മില്‍ രൂപയും ദിര്‍ഹവും കൈമാറ്റം നടത്തി കച്ചവടം നടത്തിയിരിക്കുകയാണ്. ചുരുക്കം ചില രാജ്യങ്ങളൊഴിച്ചാല്‍ മറ്റു രാജ്യങ്ങളെല്ലാം ഡോളറിലാണ് വിനിമയം നടത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കന്‍ കുത്തകയായ ഡോളര്‍ വിനിമയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടാണ് ഇന്ത്യന്‍ റുപ്പിക്ക് ലോകനിലവാരം ഉറപ്പിച്ചിരിക്കുന്നത്.

രാജ്യങ്ങള്‍ തമ്മിലുള്ള വിനിമയത്തില്‍ നിന്ന് ഇടനിലക്കാരനായ ഡോളറിനെ വെട്ടിക്കൊണ്ടാണ് നരേന്ദ്രമോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഇത് ചരിത്രമാണ്. അമേരിക്കയ്ക്കു പോലും ഇന്ത്യയുടെ രൂപ ഇടപാടില്‍ അതൃപ്തിയോ ദോഷ്യമോ ഇല്ലെന്നതാണ് വസ്തുത. അതിനു കാരണവും നരേന്ദ്ര മോദിയെന്ന ശക്തനായ ഭരണാധികാരിയുടെ നയതന്ത്ര ബന്ധമാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും അബുദാബി നാഷണല്‍ ഓയില്‍ കോര്‍പ്പറേഷനും തമ്മിലുള്ള എണ്ണ ഇടപാടാണ് കറന്‍സിയില്‍ നടന്നിരിക്കുന്നു. ഇത് ആദ്യമായാണ് പ്രാദേശിക കറന്‍സികള്‍ വഴിയുള്ള ഇടപാട് നടത്തുന്നത്. ഒരു ദശലക്ഷം ബാരല്‍ എണ്ണ വാങ്ങിയതിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അബുദാബി നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന് രൂപ നല്‍കിയിരിക്കുന്നുവെന്ന വാര്‍ത്ത നാഷണല്‍ ന്യൂസ് ഏജന്‍സിയാണ് പുറത്തു വിട്ടത്.

ഇടപാടിന് ഇന്ത്യന്‍ രൂപയും യു.എ.ഇ ദിര്‍ഹവും ഉപയോഗിച്ചതായി യു.എ.ഇ എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും പറയുന്നുണ്ട്. ഇതോടെ ഇന്ത്യ-യു.എ.ഇ നയതന്ത്ര ബന്ധവും സാമ്പത്തിക ബന്ധവും കച്ചവട ബന്ധവും കൂടുതല്‍ ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ജൂലൈ 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദര്‍ശനം നടത്തിയതിന്റെ ഭാഗമായി യു.എ.ഇയില്‍ എത്തിയിരുന്നു. യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഒരു സുപ്രധാന ചര്‍ച്ചയും നടത്തി. ഇതിന്റെ ഭാഗമായി അന്താരാഷ്ട്രാ ഇടപാടുകള്‍ക്കു വേണ്ടി പ്രദേശിക കറന്‍സികള്‍ ഉപയോഗിക്കുന്നതിനുള്ള കരാര്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കുകയും ചെയ്തു.

കരാര്‍ പ്രകാരം ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് സിസ്റ്റം നിലവില്‍ വന്നു. ഇതിനു ശേഷം നടക്കുന്ന ആദ്യ പണമിടപാടാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും അബുദാബി നാഷണല്‍ ഓയില്‍ കോര്‍പ്പറേഷനും തമ്മില്‍ നടത്തിയത്. അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ഇന്ത്യയുടെ ഏറ്റവം വലിയ മൂന്നാമത്തെ വ്യാപാര പങ്കാളി കൂടിയാണ് യു.എ.ഇ. ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ഏകദേശം 85 ബില്യണ്‍ ഡോളറിനുള്ള പെട്രോളിയം ഉത്പ്പന്നങ്ങളാണ്. ഇന്ത്യ-യു.എ.ഇ ലോക്കല്‍ കറന്‍സി ട്രാന്‍സാക്ഷന്‍ വഴി നടക്കുമ്പോള്‍ ഇരു രാജ്യങ്ങള്‍ക്കും ഡോളര്‍ വിനിമയത്തിന്റെ ലാഭം ഉണ്ടാകുമെന്നതും വലിയ കാര്യമാണ്.
ക്രൂഡോയിലും, ലിക്വിഫൈഡ് നാച്വറല്‍ ഗ്യാസും ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ ഉത്പ്പാദിപ്പിക്കുന്ന രാജ്യമാണ് യു.എ.ഇ. അതുകൊണ്ടു തന്നെ പെട്രോളിയം ഉത്പ്പന്നങ്ങള്‍ വാങ്ങാന്‍ മറ്റു രാജ്യങ്ങള്‍ യു.എ.ഇയെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍, മറ്റു രാജ്യങ്ങള്‍ പ്രദേശിക രൂപ ഡോളറിലേക്ക് വിനിമയം നടത്തിയാണ് ഉത്പ്പന്നങ്ങള്‍ വാങ്ങുന്നത്.

ലോക സാമ്പത്തിക ശക്തികളുടെ നിലനില്‍പ്പു തന്നെ ഡോളര്‍ വിനിമയത്തിലാണ്. ഇതില്‍ നിന്നുമാറി രാജ്യത്തിന്റെ കറന്‍സി മറ്റു രാജ്യങ്ങളുടെ കറന്‍സികളുമായി നേരിട്ട് വിനിമയം ചെയ്യുമ്പോള്‍ ഇന്ത്യ സാമ്പത്തിക ശക്തി ആര്‍ജ്ജിച്ചു എന്നുവേണം മനസ്സിലാക്കാന്‍. ഇന്ത്യയും-യു.എ.ഇയും തമ്മില്‍ ഒരപ്പുവെച്ച കരാറാണ് സമഗ്ര സഹകരണ സാമ്പത്തിക പങ്കാളിത്ത കരാര്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതിനും ലോക്കല്‍ ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് സിസ്റ്റവും നിലവില്‍ വന്നത്. കരാറിലൂടെ അഞ്ച് ശതമാനം ഇറക്കുമതി ചുങ്കം ഒഴിവാക്കപ്പെടും. ഇത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരരംഗത്തിന് പുതിയ ഉണര്‍വ് നല്‍കും. കരാര്‍ മൂലം ഇന്ത്യയിലെ ധാരാളം ഉല്‍പ്പന്നങ്ങള്‍ യു.എ.ഇയില്‍ ലാഭകരമായി എത്തിക്കാനും അതുവഴി വിലയില്‍ ഗണ്യമായ കുറവ് ഉണ്ടാകാനും സാധ്യതയുണ്ട്.

ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് ഇറക്കുമതിചെയ്യുന്ന മൊബൈല്‍ഫോണ്‍, ഭക്ഷ്യവസ്തുക്കള്‍, വസ്ത്രം, ആഭരണം, കായിക ഉപകരണങ്ങള്‍, മരുന്ന്, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, മത്സ്യം തുടങ്ങിയവയ്‌ക്കെല്ലാം അഞ്ച് ശതമാനം നികുതിഇളവ് ലഭിക്കുകയും ചെയ്യും. യു.എ.ഇയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈത്തപ്പഴം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, പെട്രോകെമിക്കല്‍സ് അലുമിനിയം ഇരുമ്പ് നിക്കല്‍ കോപ്പര്‍ സ്റ്റീല്‍ സിമന്റ് എന്നിവയ്ക്കും ഈ ഇളവു ലഭിക്കും. ഇതെല്ലാം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധത്തെ ശക്തിപ്പെടുത്തുമെന്നുറപ്പാണ്. ഇന്ത്യ-യു.എ.ഇ തമ്മിലുള്ള ഈ ബന്ധം ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് കേരളത്തിനാണ്. കേരളവുമായി അറബ് എമിറേറ്റ്‌സിന് ഹൃദയബന്ധമുണ്ട്. യു.എ.ഇ ഇന്നത്തെ യു.എ.ഇ ആയതിനു പിന്നില്‍ മലയാളികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ പങ്ക് വലുതാണ്. യു.എ.ഇയില്‍ ജോലിചെയ്യുന്നവരില്‍ അധികവും മലയാളികളാണെന്നതും തര്ക്കമില്ലാത്ത കാര്യമാണ്.

തിരിച്ചും യു.എ.ഇയുടെ സാമ്പത്തിക സഹായങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നത് കേരളമാണ്. മറ്റു സംസ്ഥാനങ്ങള്‍ക്കൊന്നും അതിന്റെ ക്രെഡിറ്റ് എടുക്കാനാവില്ല. അപ്പോള്‍ നരേന്ദ്രമോദിയുടെ നയതന്ത്ര ബന്ധത്തില്‍ വിരിഞ്ഞ ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് സിസ്റ്റം ആര്‍ക്കാണ് കൂടുതല്‍ പ്രയോജനം ചെയ്യുന്നത്. മലയാളികള്‍ക്കു വേണ്ടി പ്രധാനമന്ത്രി ചെയ്ത പുണ്യപ്രവൃത്തിയായിട്ടേ ഇതിനെ കാണാനാകൂ. എന്നാല്‍, പ്രധാനമന്ത്രിയുടെ വിദേശ പര്യടനത്തെ കളിയാക്കുന്നവരില്‍ അധികവും കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയ പാര്‍ട്ടികളാണ്. അമേരിക്കയോടും, ബ്രിട്ടണോടും, യു.എ.ഇയോടും, ഇറ്റലിയോടുമൊക്കെ നരേന്ദ്രമോദിയുടെ ഇടപെടലുകള്‍ക്ക് ഇന്ത്യയുടെ വികസന കാഴ്ചപ്പാട് മുഖ്യ അജണ്ടയാണ്. ഡോളറിനൊപ്പം രൂപയെ എത്തിച്ച നരേന്ദ്രമോദിയുടെ ദീര്‍ഘ വീക്ഷണമാണ് അദ്ദേഹത്തെ യഥാര്‍ഥ ഭരണാധികാരിയാക്കി മാറ്റിയത്.

Leave a Reply

Your email address will not be published.

media-journal Previous post ബിഹാറിൽ മാധ്യമപ്രവർത്തകനെ അക്രമികൾ വീട്ടിൽക്കയറി വെടിവച്ച് കൊന്നു
kanjangad-labour room- Next post കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ആദ്യ കുഞ്ഞ് പിറന്നു