
ഡീസലുമായി പോയ ടാങ്കർ ലോറി മറിഞ്ഞു: സമീപപ്രദേശത്തെ കിണറുകളിൽ തീപിടിച്ചു
പരിയാപുരത്തു ഡീസലുമായിപോയ ടാങ്കർ ലോറിമറിഞ്ഞതിനു പിന്നാലെ സമീപത്തെ കിണറ്റിൽ തീപിടിത്തമുണ്ടായി. പരിയാപുരം കൊല്ലറേശ്ശുമറ്റത്തിൽ ബിജുവിന്റെ വീട്ടിലെ കിണറ്റിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ബിജുവിന്റെ കിണറ്റിലെ ഡീസൽ കലർന്ന വെള്ളം ടാങ്കർ ലോറിയിലേക്കു മാറ്റുകയാണ്.അടുത്തുള്ള സേക്രട് ഹാർട്ട് കോൺവെന്റിലെ കിണറ്റിലും ഇതുപോലെ തീപിടിത്തമുണ്ടായിട്ടുണ്ട്. മോട്ടർ പ്രവർത്തിക്കാൻ സ്വിച്ചിട്ടപ്പോൾ കിണറിന്റെ ഉള്ളിൽ തീപിടത്തമുണ്ടാവുകയായിരുന്നു. മുകളിലെ തീ അണയ്ക്കാനായെങ്കിലും അടിഭാഗത്ത് ഇപ്പോഴും തീകത്തുന്നുണ്ട്. അപകടം നടക്കുമ്പോൾ ടാങ്കർ ലോറിയിൽ ഇരുപതിനായിരം ലീറ്റർ ഡീസൽ ഉണ്ടായിരുന്നു. ഇതിലെ ഭൂരിഭാഗം ഡീസലും ഒഴുകിപ്പോയി. ഞായറാഴ്ച പുലർച്ചെ നാലോടെ എറണാകുളത്തുനിന്നു ഡീസലുമായി കൊണ്ടോട്ടിയിലേക്കു പോവുകയായിരുന്ന ടാങ്കർ ലോറിയാണ് ചീരട്ടാമലയിലെ വ്യൂപോയിന്റിനടുത്ത് 25 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞത്. ലോറിയിൽനിന്ന് ഡീസൽ പരന്നൊഴുകി. വലിയ ശബ്‌ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.പെരിന്തൽമണ്ണ – പുലാമന്തോൾ റോഡിന്റെ തകർച്ചയും അങ്ങാടിപ്പുറം മേൽപാലത്തിലെ ഗതാഗതക്കുരുക്കും കാരണം ഭാരം കയറ്റിയ വാഹനങ്ങൾ അടക്കം ഒട്ടേറെ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ട്. കുത്തനെയുള്ള കയറ്റിറക്കവും, കൊടും വളവുകളുമുള്ള ഈ ഭാഗത്ത് ഡിവൈഡറുകളോ, മുന്നറിയിപ്പ് സംവിധാനങ്ങളോ, മുന്നറിയിപ്പ് ബോർഡുകളോ ഒന്നും സ്ഥാപിച്ചിട്ടില്ല.