
ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു
ഉമ്മന്‍ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യന് ആണ് മരിച്ചത്. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുതുപ്പള്ളി കിഴക്കേക്കര കുടുംബാംഗമാണ് തങ്കമ്മ. സംസ്കാരം പിന്നീട്. ഇന്ന് പുലര്‍ച്ചെ 4:25നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചത്. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ജനനേതാവിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ദര്‍ബാര്‍ ഹാളിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ ദര്‍ബാര്‍ ഹാളിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ബംഗളൂരുവില്‍ നിന്ന് 2.20 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ് തിരുവനന്തപുരം ജഗതിയിലെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസില്‍ എത്തിച്ചത്. പ്രതിപക്ഷനേതാവ് വിഡി സതീശന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിലാപയാത്രയെ അനുഗമിച്ചു. ആയിരക്കണക്കിനാളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനായി വസതിയല്‍ എത്തിയത്. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം, അദ്ദേഹം തിരുവനന്തപുരത്ത് ഉള്ളപ്പോള്‍ പോയിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പൊതുദര്‍ശനമുണ്ടാകും. ആറു മണിയോടെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. രാത്രി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലേക്കു തന്നെ മൃതദേഹം കൊണ്ടുപോകും.