devarakonda-cinema-super-star

‘വായടച്ച് പണിയെടുക്കും;ഇറങ്ങാന്‍ പോകുന്ന സിനിമയുടെ വിജയത്തെക്കുറിച്ച് സംസാരിക്കില്ല’: വിജയ് ദേവരക്കൊണ്ട

തന്‍റെ സിനിമകള്‍ റിലീസാകുന്നതിനു മുന്‍പ് ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാകുമെന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തില്ലെന്ന് തെലുഗ് നടന്‍ വിജയ് ദേവരക്കൊണ്ട. കുറഞ്ഞത് തന്‍റെ അടുത്ത മൂന്ന് ചിത്രങ്ങളുടെ കാര്യത്തിലെങ്കില്‍ ഇതു പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമന്തയ്‌ക്കൊപ്പം അഭിനയിച്ച ഖുഷി എന്ന ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായാണ് വിജയുടെ പ്രസ്താവന. ഏറെ പ്രതീക്ഷയോടെ തിയറ്ററിലെത്തിയ താരത്തിന്‍റെ ചിത്രം ലൈഗറിന്‍റെ റിലീസിനു മുന്‍പ് താന്‍ നടത്തിയ പ്രസ്താവനകളെ ഉദ്ദേശിച്ചാണ് പരാമര്‍ശമെന്നാണ് റിപ്പോര്‍ട്ട്. ഖുഷിയുടെ ട്രെയിലർ ലോഞ്ചിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിജയ് ഇക്കാര്യം പറഞ്ഞത്.

“അടുത്ത മൂന്ന് സിനിമകൾക്കായി വായടച്ച് എന്‍റെ ജോലി ചെയ്യാന്‍ തീരുമാനിച്ചു. ലജ്ജ കൊണ്ട് ഞാനെനിക്ക് നല്‍കിയ ശിക്ഷയാണിത് ”വിജയ് പറഞ്ഞു.“പരാജയങ്ങൾ വളരെ പ്രധാനമാണ്. എനിക്ക് ലൈഗറിനെപ്പോലെ ഒരു പരാജയം ആവശ്യമായിരുന്നു. കാരണം ഒരുപാട് പഠിക്കാനുണ്ടായിരുന്നു. എനിക്ക് വഴികാട്ടിയായി ആരുമില്ല. ഞാൻ തന്നെ തീരുമാനങ്ങൾ എടുക്കുന്നു. വിജയിച്ചാലും പരാജയപ്പെട്ടാലും അതില്‍ നിന്നും ഒരു പാഠം പഠിക്കാനുണ്ടാകും. ഈയൊരു നയമാണ് ഞാനിപ്പോള്‍ എന്‍റെ ജീവിതത്തില്‍ പിന്തുടരുന്നത്” അര്‍ജുന്‍ റെഡ്ഡി താരം പറഞ്ഞു.

വിജയ് ദേവരക്കൊണ്ടയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായിരുന്നു ലൈഗര്‍. അഞ്ചു ഭാഷകളിലായി എത്തിയ ചിത്രം പക്ഷേ ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. 3000 സ്ക്രീനുകളിലായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അനന്യ പാണ്ഡെ, രമ്യ കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം മുന്‍ ലോക ഹെവി വെയ്റ്റ് ചാമ്പ്യന്‍ മൈക്ക് ടൈസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.സംവിധായകന്‍ പുരി ജഗന്നാഥനും കരണ്‍ ജോഹറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. വിസാഗ് ഭാഗത്ത് ദില്‍ രാജുവായിരുന്നു ചിത്രം വിതരണം ചെയ്തത്. ലൈഗറിലൂടെ നാലു കോടി രൂപയോളം നഷ്ടം വന്നുവെന്ന് നിര്‍മാതാവ് പിന്നീട് പറഞ്ഞിരുന്നു.

ലൈഗറിന്‍റെ പരാജയം തന്നെ അസ്വസ്ഥനാക്കിയെന്ന് സമ്മതിക്കുമ്പോൾ, സിനിമയുടെ പരാജയത്തെക്കാൾ, മോശം തെരഞ്ഞെടുപ്പില്‍ താൻ അസ്വസ്ഥനാണെന്ന് അദ്ദേഹം പറഞ്ഞു.“സിനിമയുടെ പരാജയം എന്നെ കാര്യമായി ബാധിച്ചില്ല. വിജയ് ദേവരകൊണ്ട എന്തെങ്കിലും പറയുമ്പോൾ, അത് സംഭവിക്കുമെന്ന് അദ്ദേഹം ഉറപ്പാക്കുന്നു. ഇത് ഹിറ്റാകുമെന്ന് ഞാൻ പറഞ്ഞു, അങ്ങനെയല്ല, ”വിജയ് കൂട്ടിച്ചേര്‍ത്തു. ഒരു സിനിമ പരാജയപ്പെടുമ്പോള്‍ അതു നമ്മളെ വേദനിപ്പിക്കും. എനിക്ക് ഹിറ്റുകളും പരാജയങ്ങളും ഉണ്ടായിട്ടുണ്ട്. ലൈഗര്‍ എന്‍റെ ആദ്യത്തെ പരാജയ ചിത്രമല്ല. ഇനിയും ഹിറ്റുകളും പരാജയങ്ങളുമുണ്ടാകും. എല്ലാം പരീക്ഷിക്കുക എന്നതാണ് എന്‍റെ ആഗ്രഹം. ഫലം വ്യത്യസ്തമായിരിക്കും. ചിലപ്പോള്‍ അതു നിങ്ങളെ വേദനിപ്പിക്കും. എന്നാലും ഞാന്‍ പിന്നോട്ടു നടക്കില്ല. പരാജയം വേദനിപ്പിക്കുമെങ്കിലും താൻ അതിനെ ഭയപ്പെട്ടിരുന്നില്ലെന്നും താരം പറഞ്ഞു. സെപ്തംബര്‍ 1നാണ് ഖുഷി തിയറ്ററുകളിലെത്തുന്നത്.മൊഴിമാറ്റം ചെയ്ത് തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

Leave a Reply

Your email address will not be published.

grow-vasu-fire-the-charm Previous post ‘പോരാട്ടം കോടതിയോടല്ല, ഭരണകൂടത്തോട്’; ജാമ്യം വേണ്ട; ഗ്രോ വാസു ജയിലിൽ തുടരും
jaya-prada-sixmonth-jail Next post തിയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസ്; ബിജെപി നേതാവും നടിയുമായ ജയപ്രദയ്ക്ക് ആറുമാസം തടവുശിക്ഷ