delhi-election-congress

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസ്; തിരിച്ചടിച്ച് എഎപി

2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസ്‌ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അൽക്കാ ലാംബ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന നേതൃത്വത്തിന്റെ യോഗം നാലു മണിക്കൂർ നീണ്ടു. രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ, പിസിസി പ്രസിഡന്റ് അനിൽ ചൗധരി തുടങ്ങി 40ഓളം നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.അതേസമയം, കോൺഗ്രസ് തങ്ങളുമായി സഖ്യം വേണ്ടെന്നാണ് തീരുമാനിച്ചതെങ്കിൽ ‘ഇന്ത്യ’ മുന്നണിയുടെ അടുത്ത യോഗത്തിൽ പങ്കെടുക്കുന്ന കാര്യം പുനഃപരിശോധിക്കേണ്ടി വരുമെന്ന് ആംആദ്മി ദേശീയ വക്താവ് പ്രിയങ്ക കാക്കര്‍ പറഞ്ഞു. സ്വന്തം കാര്യങ്ങൾ മാറ്റിവച്ച് ഇന്ത്യയുടെ മുഴുവൻ താൽപര്യവും പരിഗണിച്ചാവണം തിരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്നും, ആരു മത്സരിക്കണമെന്ന കാര്യം സഖ്യകക്ഷികളുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജും വ്യക്തമാക്കി.അൽക്ക ലാംബയുടെ പ്രസ്താവന ‘ഇന്ത്യ’ സഖ്യത്തിലെ ഭിന്നതകളാണ് കാണിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി. കേന്ദ്രത്തിന്റെ ഡൽഹി സർവീസ് ബില്ലിനെതിരെ എഎപിയെ കോൺഗ്രസ് പിന്തുണച്ചതോടെ ബെംഗളൂരുവിൽ നടന്ന മുന്നണി യോഗത്തിൽ എഎപിയും പങ്കെടുത്തിരുന്നു. ഇപ്പോൾ ഡൽഹി ഭരിക്കുന്നത് എഎപി ആണെങ്കിലും, 2019ലെ തിരഞ്ഞെടുപ്പിൽ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർഥികളാണ് വിജയിച്ചത്.

Leave a Reply

Your email address will not be published.

school-kalothsavam-kollam Previous post സ്കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത് നടത്തും; കായികമേള ഒക്ടോബറിൽ കുന്നംകുളത്ത്
manippoor-riots-central-cbi-investigation Next post മണിപ്പുർ കലാപം; കേസുകൾ അന്വേഷിക്കാൻ 53 അംഗ സിബിഐ സംഘം; 29 വനിതാ ഉദ്യോഗസ്ഥർ