
വിവാഹത്തിനു വിസമ്മതിച്ചിന്റെ പേരിൽ കോളജ് വിദ്യാര്‍ഥിനിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി
ഡല്‍ഹി കമല നെഹ്‌റു കോളജ് വിദ്യാര്‍ഥിനിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ മാളവ്യനഗര്‍ അരബിന്ദോ കോളജിനു പുറത്തായിരുന്നു കൊലപാതകം. 25കാരി നര്‍ഗീസിനെ സുഹൃത്തായ ഇര്‍ഫാൻ ആണ് കൊലപ്പെടുത്തിയത്.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ബന്ധുക്കളാണെന്നും റിപ്പോര്‍ട്ടുണ്ട്.വിവാഹത്തിനു വിസമ്മതിച്ചതാണു കൊലപാതകത്തിനു കാരണം.ഇര്‍ഫാനൊപ്പമാണു നര്‍ഗീസ് അരബിന്ദോ കോളജിനു സമീപത്തുള്ള പാര്‍ക്കില്‍ എത്തിയത്. പാര്‍ക്കിനുള്ളില്‍ വച്ച് ഇരുമ്പുവടി ഉപയോഗിച്ചാണു നര്‍ഗീസിനെ സുഹൃത്ത് തലയ്ക്ക് അടിച്ചത്. തലയില്‍ ഗുരുതരമായ പരുക്കേറ്റ നര്‍ഗീസിന്റെ മൃതദേഹം പാര്‍ക്കിലെ ബെഞ്ചില്‍ രക്തം വാര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ഇര്‍ഫാനെ അറസ്റ്റ് ചെയ്തു.വിവാഹ ആവശ്യം നിരസിച്ചതാണു പെണ്‍കുട്ടിയെ കൊല്ലാന്‍ കാരണമെന്നു ഇര്‍ഫാൻ പൊലീസിനോടു പറഞ്ഞു. നര്‍ഗീസിന്റെ കുടുംബം വിവാഹത്തെ എതിത്തതോടെ നര്‍ഗീസ് ഇര്‍ഫാനോടു സംസാരിക്കാതായി. നര്‍ഗീസിന്റെ പെരുമാറ്റം ഇര്‍ഫാനെ അസ്വസ്ഥനാക്കി. ഈ വര്‍ഷം ബിരുദപഠനം പൂര്‍ത്തിയാക്കിയ നര്‍ഗീസ് മാളവ്യ നഗറില്‍ കോച്ചിങ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. ഇവിടെ എത്തിയപ്പോഴാണ് ഇര്‍ഫാന്‍ നര്‍ഗീസിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഡല്‍ഹി തീര്‍ത്തും സുരക്ഷിതത്ത്വമില്ലാത്ത സ്ഥലമായി മാറിയെന്ന ആരോപണവുമായി ഡല്‍ഹി വനിതാ കമ്മിഷന്‍ ചെയര്‍പഴ്‌സന്‍ സ്വാതി മലിവാള്‍ രംഗത്തെത്തി. സംസ്ഥാനത്തു ക്രമസമാധാന നില തകര്‍ന്നിരിക്കുന്നു. ഇന്നു തന്നെ രണ്ടു സംഭവങ്ങള്‍ ഉണ്ടായി. ദബ്രിയില്‍ പെണ്‍കുട്ടിക്കു വെടിയേറ്റു. അരബിന്ദോ കോളജിനു സമീപം ഒരു പെണ്‍കുട്ടിയെ അടിച്ചുകൊന്നിരിക്കുന്നു. ഡല്‍ഹിയിലെ സ്ത്രീ സുരക്ഷ സംബന്ധിച്ച് അടിയന്തരമായി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും സ്വാതി മലിവാള്‍ പറഞ്ഞു.