
മരണവെപ്രാളത്തിന്റെ 20 മണിക്കൂര്‍: പൊറുക്കുക മകളേ
- ചാന്ദ്‌നിയെ കൊന്നു ചാക്കില്‍ കെട്ടി ചെളിയില്‍ തള്ളി
എ.എസ്. അജയ്‌ദേവ്
നെഞ്ചു പൊട്ടുന്നുണ്ട്. കണ്ണീര്‍ നിറഞ്ഞ് കാഴ്ച മറയുന്നു. കൈകളുടെ വിറയല്‍ ഇനിയും വിട്ടു മാറിയിട്ടില്ല. എന്നിട്ടും എഴുതാനുറച്ചത്, ഞാനുമൊരു പെണ്‍കുഞ്ഞിന്റെ അച്ഛനായതു കൊണ്ട്. ചാന്ദ്‌നി. അതാണവളുടെ പേര്. വയസ്സ് അഞ്ച്. വിരിയും മുമ്പേ തല്ലിക്കൊഴിച്ച പെണ്‍കുരുന്ന്. കഴിഞ്ഞ 20 മണിക്കൂറും ചാന്ദ്‌നിയെ ജീവനോടെ തിരിച്ചു കിട്ടാന്‍ കേരളമാകെ പ്രാര്‍ത്ഥിക്കുകയായിരുന്നു. പക്ഷെ, പ്രാര്‍ത്ഥനകളൊന്നു കല്ലും മണ്ണും വിണ്ണുമായ ദൈവങ്ങള്‍ കേട്ടില്ല. ചാന്ദ്‌നിയെ തിരികെ കിട്ടി. ജീവനില്ലാത്ത, കഷ്ടണങ്ങളാക്കിയ, ചാക്കില്‍ക്കെട്ടിയ നിലയില്‍. ആലുവ മാര്‍ക്കറ്റിലെ കാടുമൂടിയ ചെളിയില്‍ നിന്നും. കരള്‍ പൊടിയുന്ന വേദന തോന്നുന്നത് എനിക്കു മാത്രമാണോ.

പെണ്‍മക്കളുള്ള ഓരോ അച്ഛനമ്മമാര്‍ക്കും വേദനിക്കുമെന്നുറപ്പാണ്. നമ്മുടെ മക്കള്‍ സമൂഹത്തില്‍ സുരക്ഷിതരാണോ. എന്തു വിശ്വസിച്ചാണ് മക്കളെ വളര്‍ത്തേണ്ടത്. ഈ നാടിനെ വിശ്വസിച്ചോ, അതോ നമ്മള്‍ തെരഞ്ഞെടുത്ത ഭരണ കര്‍ത്താക്കളെ വിശ്വസിച്ചോ, അതോ നമ്മുടെ നീതിന്യായ വ്യവസ്ഥയെ വിശ്വസിച്ചോ. എല്ലായിടത്തും കാപട്യം നിറഞ്ഞുകഴിഞ്ഞിരിക്കുന്നു. വീടിനു മുമ്പിലെത്തുന്ന പത്രക്കാരനെയും, പാല്‍ക്കാരനെയും, ആക്രിക്കാരനെയും, ഭിക്ഷക്കാരനെയും വരെ വിശ്വസിക്കാനാവാത്ത നാട്. സമൂഹം ലൈംഗിക വൈകൃതങ്ങളുടെ റിസര്‍ച്ച് സെന്ററായി മാറ്റിയവരുടെ കൂട്ടമായി മാറിയിരിക്കുന്നു.

കുട്ടികളില്‍ ലൈംഗികാസക്തി തീര്‍ക്കുന്ന മാനസിക രോഗികള്‍ മുതല്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നവര്‍, കുട്ടികളെ മാത്രം നോട്ടമിടുന്ന വൃദ്ധര്‍ തുടങ്ങി എല്ലാ ക്രിമിനല്‍ സ്വഭാവമുള്ളവരും നിറഞ്ഞു. സ്വയ്‌രമായി ജീവിക്കാന്‍ കഴിയാതെ പോകുന്നവര്‍ പലായനം ചെയ്യേണ്ടത് എങ്ങോട്ടാണ്. ഫ്‌ളാറ്റിലും വീടുകളിലും കുടിലുകളിലും ആരും സുരക്ഷിതരല്ല. അത്യാധുനിക ലോകത്ത് പെണ്‍കുഞ്ഞുങ്ങളെ എങ്ങനെ സംരക്ഷിച്ചാലും കൊല്ലാക്കൊല ചെയ്യാനിറങ്ങുന്നവര്‍ക്ക് അതൊരു തടസ്സമാകില്ല. ഇതോ സാക്ഷര കേരളം ഇതാണോ സമൂഹിക പശ്ചാത്തല മുള്ള കേരളം, ഇതാണോ സാംസ്‌ക്കാരിക കേരളം, ഇതാണോ ദൈവത്തിന്റെ സ്വന്തം നാട്, ഇതാണോ നമ്പര്‍ വണ്‍ കേരളം.

ഇന്നലെ വൈകിട്ടാണ് ആലുവയില്‍ നിന്ന് ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി ചാന്ദ്‌നിയെ കാണാതായത്. സംഭവത്തില്‍ പ്രതിയായ അസ്ഫാഖിനെ രാത്രിതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയില്‍ നിന്ന് കുട്ടിയെ കുറിച്ചുള്ള വിവരം കിട്ടാന്‍ പൊലീസ് മണിക്കൂറുകളോളം കാത്തിരുന്നു. വിവിധ സ്ഥലങ്ങളില്‍ പൊലീസ് ഇന്നലെരാത്രി മുതല്‍ തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു.

ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാര്‍, നീത ദമ്പതികളുടെ മകളായിരുന്നു ചാന്ദ്‌നി. ഇന്നലെ ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ താമസിക്കാനെത്തിയ അസ്ഫാഖ് ആലം കുട്ടിയെയുടെ കൊണ്ട് കടയില്‍ പോയി ജ്യൂസ് വാങ്ങിനല്‍കി. ഇവിടെ നിന്നും കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് പ്രതിയുടെ സി.സി.ടി.വി ദൃശ്യമടക്കം കിട്ടി. തായിക്കാട്ടുകര യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ചാന്ദ്‌നി. പിടിയിലായ അസ്ഫാഖ് ആലം ആസം സ്വദേശിയാണ്. 20 മണിക്കൂറോളമായി അഞ്ച് വയസുകാരിയെ തെരയുന്നതിനിടെയാണ് ആലുവ മാര്‍ക്കറ്റില്‍ ഒഴിഞ്ഞ പ്രദേശത്ത് മൃതദേഹം കണ്ടെത്തിയത്. ഒരു കുഞ്ഞിന്റെ മൃതദേഹമാണെന്ന് ആലുവ പൊലീസ് സ്ഥിരീകരിച്ചതോടെ ഉള്ളുലഞ്ഞു.

പിന്നാലെ കാണാതായ പെണ്‍കുട്ടിയുടേതാണ് മൃതദേഹമെന്ന് പോലീസ് ഉറപ്പിച്ചു. ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലാണ് മൃതേദേഹം കണ്ടെത്തിയത്. പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകള്‍ ഇത് മൃതദേഹമാണെന്ന് പൊലീസിനെ അറിയിച്ചത്. അങ്ങനെ ഒരു രാത്രി മുഴുവന്‍ നടത്തിയ തെരച്ചിലിനും പ്രാര്‍ത്ഥനകള്‍ക്കെല്ലാം അവധി നല്‍കിക്കൊണ്ട് നിലാവിന്റെ നൈര്‍മ്മല്യമുള്ള ചാന്ദ്‌നി യാത്രയായി. നിന്നെ കൊന്നവന് എന്ത് സുഖമാണ് ലഭിച്ചതെന്ന് ഇനിയാണ് അറിയേണ്ടത്.

നിന്റെ ശരീരത്തില്‍ നിന്നും ജീവനെടുക്കാന്‍ തോന്നിയ ആ മനസ്സ്, പിശാചിന്റേതാണ്. കൊല്ലുന്നതിനു മുമ്പു വരെ വീട്ടിലെത്താമെന്ന നിന്റെ പ്രതീക്ഷ, ജീവന്‍ പോകുമ്പോഴും ഒന്നുറക്കെ കരയാനാകാത്ത നിന്റെ മുഖമാണ് വന്നു നിറയുന്നത്. കൊല്ലരുതേ എന്ന് അപേക്ഷിച്ചിട്ടുണ്ടാകുമോ നീ. ശ്വാസം നിലയ്ക്കും മുമ്പ് അച്ഛനെയും അമ്മയെയും കാണാന്‍ കൊതിച്ചോ മകളേ. പൊറുക്കുക മകളേ, ഞങ്ങള്‍ തെറ്റുപറ്റിയവര്‍. നിന്റെ മരണത്തിന് ഉത്തരവാദികള്‍ ഈ നാട്ടിലെ നിയമ പാലകരും, ഭരണ വര്‍ഗവും, സാക്ഷര സമൂഹവുമാണ്.

20 മണിക്കൂര്‍ തെരഞ്ഞിട്ടും കിട്ടാതെ പോയ നിന്റെ ജീവന് പകരം തരാന്‍ ഒന്നുമില്ല. ആ അമ്മയുടെ നെഞ്ചു പൊട്ടുന്ന കരച്ചിലിനു മുമ്പില്‍ തലകുനിച്ചു നില്‍ക്കുകയല്ലാതെ, ക്ഷമ ചോദിക്കാനല്ലാതെ മറ്റെന്തു ചെയ്യാന്‍. കേരളത്തിലെ പോലീസ് സംവിധാനത്തിന് പ്രമാദമായ കേസുകള്‍ തെളിയിക്കാന്‍ കഴിവുണ്ട്. പക്ഷെ, ഒരു പിഞ്ചു കുഞ്ഞിനെ ജീവനോടെ കണ്ടെത്താനാകില്ല. പൊറുക്കുക മകളേ. നിനക്കു വേണ്ടി ഒരു തുള്ളിക്കണ്ണീര്‍