
ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം, നൽകണമെന്ന് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി
ഉമ്മൻചാണ്ടിയുടെ സംസ്‌കാരച്ചടങ്ങിൽ ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഉമ്മൻചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചു. ഔദ്യോഗിക ബഹുമതികൾ ആവശ്യമില്ലെന്ന നിലപാട് ഉമ്മൻ ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഭാര്യ മറിയാമ്മ ഉമ്മൻ കത്ത് നൽകിയത്.
എന്നാൽ ഉമ്മൻ ചാണ്ടിക്ക് പൂർണ ഔദ്യോഗിക ബഹുമതി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ കുടുംബത്തിന്റെ അഭിപ്രായം തേടാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി. അർബുദത്തിന് ചികിത്സയിലിരിക്കെ, ബംഗളുരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ നാലുമണിയോടെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം.