
മകനെ വേണം; ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ
മകനെ ലഭിക്കാൻ ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ. കല്യാണിൽ നിന്ന് 4 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലു പെൺകുട്ടികളുടെ പിതാവായ നാസിക് സ്വദേശി കച്ച്‌റു വാഗ്മാരെയാണ് (32) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ കല്യാൺ റെയിൽവേ സ്റ്റേഷനു സമീപം കളിച്ചുകൊണ്ടിരുന്ന ആൺകുട്ടിയെയാണ് ഭക്ഷണവും പലഹാരങ്ങളും നൽകി വശത്താക്കി വാഗ്മാരെ ഒപ്പം കൂട്ടിയത്.
മകനെ കാണാതെ കുട്ടിയുടെ പിതാവ് റെയിൽവേ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷൻ പരിസരത്തെ സിസിടിവി പരിശോധിച്ചപ്പോൾ കുട്ടിയുമായി വാഗ്മാരെ നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചു. പിന്നീട്, ജൽനയിലേക്കുള്ള ട്രെയിനിൽ കയറാൻ കല്യാൺ സ്റ്റേഷനിൽ കുട്ടിയോടൊപ്പം വീണ്ടും എത്തിയപ്പോഴാണ് പിടിയിലാകുന്നത്.