
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ, നവംബർ മാസങ്ങളിൽ നടന്നേക്കും; ചര്‍ച്ചചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്
പുതുപ്പള്ളിയില്‍ ഉടൻ ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനൊപ്പം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും നടത്താനാണ് സാധ്യത. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന രീതിയിൽ മുന്നോട്ട് പോകാനാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.
കഴിഞ്ഞ രണ്ടുവട്ടവും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി.തോമസിന്റെ പേരുതന്നെയാകും ഈ പ്രാവശ്യവും സിപിഐഎം ആദ്യം പരിഗണിക്കുക എന്നാണ് വിവരം. ഓഗസ്റ്റ് 4, 5, 6 തീയതികളില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ ഡല്‍ഹിയില്‍ ചേരുന്നുണ്ട്. ഇതിനു ശേഷം ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകും.
ഈ യോഗത്തിന് ശേഷമാകും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകൾ തുടങ്ങുക. ഇതിനിടെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുപിന്നാലെ പാര്‍ട്ടിയില്‍ വീണ്ടും സജീവമായ ഇ.പി.ജയരാജന് ഇന്ന് സെക്രട്ടേറിയറ്റില്‍ പങ്കെടുത്തു.