സി.പി.എമ്മും ലീഗും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിൽ നിന്നും പിന്മാറണം: കെ. സുരേന്ദ്രന്‍

ഏകീകൃത സിവില്‍ നിയമത്തെ എതിര്‍ക്കാനെന്ന പേരില്‍ സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിൽ നിന്നും മുസ്ലിംലീഗും സി.പി.എമ്മും പിന്മാറണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഏകീകൃത സിവില്‍ നിയമത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ലീഗിന്റെ പ്രചാരണം അവരുടെ കാപട്യം മറച്ചുവയ്ക്കാനാണ്. ഭരണഘടനയുടെ 44 ാം വകുപ്പില്‍ ഏകീകൃത സിവില്‍ നിയമം കൊണ്ടുവരണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഏകീകൃത സിവില്‍ നിയമം കൊണ്ടുവരാത്തതിന് 1995ല്‍ സുപ്രീംകോടതി രാജ്യത്തെ സര്‍ക്കാരിനെ വിമര്‍ശിച്ചതാണ്. രാഷ്ട്രീയമായി നേരിടും എന്ന ലീഗിന്റെ തീരുമാനം വര്‍ഗീയ ചേരിതിരിവുണ്ടാക്കുക എന്ന ലക്ഷ്യം വച്ചാണ്. ഇത് പൊതുസമൂഹം തിരിച്ചറിയണം. സ്ത്രീ പുരുഷ സമത്വവും സ്ത്രീശാക്തീകരണവുമാണ് ഏകീകൃത നിയമം കൊണ്ടു ലക്ഷ്യമാക്കുന്നത്. ഏകീകൃത സിവില്‍ നിയമമില്ലാത്തത് ലിംഗവിവേചനം ഇല്ലാതാക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനും തടസ്സമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതാണ്. ഈ വിഷയത്തിൽ ലീഗ് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചത് എന്തുതരം മതേതരത്വമാണെന്ന് മനസിലാവുന്നില്ല.

മുമ്പെല്ലാം ഏകീകൃത സിവില്‍ കോഡിനെ അനുകൂലിക്കുകയും അതിന് വേണ്ടി രംഗത്തുവരികയും ചെയ്തവരാണ് സി.പി.എമ്മുകാര്‍. സി.പി.എം ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് തന്നെ ഏകീകൃത സിവില്‍ നിയമത്തിനായി ശക്തിയായി വാദിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ സി.പി.എം ഏകീകൃത സിവില്‍ നിയമത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണ്. കേരളത്തില്‍ സി.പി.എം. മുസ്ലിംലീഗ് സഖ്യം തുടങ്ങാനിരിക്കുന്നതിന്റെ മുന്നോടിയാണ് സി.പി.എമ്മിന്റെ ചുവട് മാറ്റമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published.

youth-congress-attack-police-march Previous post തല്ലിച്ചതച്ചും കള്ളക്കേസുകളെടുത്തും നിശബ്ദമാക്കാമെന്ന് കരുതേണ്ട; കോണ്‍ഗ്രസ് മാര്‍ച്ചിനെതിരെ പൊലീസ് നടത്തിയത് നരനായാട്ട്
marunadan-malayali-press-media-swadesabhimani-ramakrishna-pilla Next post കേരളത്തില്‍ മാധ്യമ അടിയന്തിരാവസ്ഥയോ ?, വേട്ടയാടല്‍ എന്തിന് ?