cpm-george-m.thomas-case-fabricater

പീഡന കേസിൽ പ്രതിസ്ഥാനത്ത് നിന്ന് നീക്കാൻ പണം വാങ്ങി; ജോർജ്ജ് എം തോമസിനെതിരെ ഗുരുതര ആരോപണങ്ങളുമായി അന്വേഷണ റിപ്പോർട്ട്‌

സിപിഎം അന്വേഷണ കമ്മീഷൻ ജോർജ്ജ് എം തോമസിനെതിരെ കണ്ടെത്തിയത് ഗുരുതര കുറ്റങ്ങൾ. പീഡന കേസിലെ പ്രതിയെ രക്ഷിക്കാൻ സഹായിച്ചു, പ്രതിയിൽ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി നൽകി, നാട്ടുകാരനിൽ നിന്ന് വഴി വീതി കൂട്ടാനായി മധ്യസ്ഥനെന്ന നിലയിൽ ഒരു ലക്ഷം രൂപ വാങ്ങി, ക്വാറി മുതലാളിമാരെക്കൊണ്ട് വീട് നിർമ്മാണത്തിന് സാമഗ്രികൾ വാങ്ങിപ്പിച്ചു തുടങ്ങി ഗൗരവമുള്ള ആരോപണങ്ങളാണ് ജില്ലാ കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിലുള്ളത്.എംഎൽഎ എന്ന നിലയിലുള്ള പദവി ഉപയോഗിച്ചെന്നാണ് ഇതിനൊക്കെ മറുപടിയായി അന്വേഷണക്കമ്മീഷനോട്‌ ജോർജ്ജ് എം തോമസ് പറഞ്ഞത്. പീഡന പരാതിയിലെ ധനാഢ്യനായ പ്രതിയെ പോലിസുദ്യോഗസ്ഥന്റെ സഹായത്തോടെ മാറ്റിയ ജോർജ്ജ്, ഇതിന് ഉപകാരമായി ഉദ്യോഗസ്ഥന് വയനാട്ടിൽ ഭൂമിയും റിസോ‍ർട്ടും വാങ്ങി നൽകുകയും ചെയ്തു. ഇതിന്റെ ബിനാമിയും ജോർജ്ജ് ആണ്. ഇതേ കേസിലെ പ്രതിയും സഹോദരനും തമ്മിൽ തർക്കമുണ്ടായപ്പോൾ 10 കോടി രൂപ ഇടപാടിനും ഇയാൾ മധ്യസ്ഥം നിന്നിട്ടുണ്ട്.ലാഭവിഹിതമായി പണം ലഭിച്ചയാളിൽ നിന്ന് 25 ലക്ഷം രൂപ എൽസി ഓഫിസ് കെട്ടിട നിർമ്മാണത്തിനായി വാങ്ങി. ഒരു വ്യക്തിയിൽ നിന്ന് ഇത്രയും പണം സ്വീകരിച്ച് ചട്ട വിരുദ്ധവും ജോർജ്ജ് എം തോമസിന്റെ ഈ ഇടപെടൽ ദുരൂഹവുമാണ്. ജോർജ്ജ് എം തോമസ് പുതിയ വീട് നിർമ്മിച്ചപ്പോൾ ടൈലും ഗ്രാനൈറ്റും മറ്റും ക്വാറിക്കാരാണ് വാങ്ങി നൽകിയത്. ഇതിന്റെ ബില്ലുകളും മറ്റും ശേഖരിച്ചാണ് കമ്മീഷൻ റിപ്പോർട്ട് നൽകിയത്. ഈയിനത്തിൽ ലക്ഷങ്ങളാണ് പറ്റിയത്.നാട്ടുകാരനായ ഒരാളിൽ നിന്ന് വീട്ടിലേക്കുള്ള വഴി വീതി കൂട്ടാൻ സഹായിക്കാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപയും വാങ്ങി. കാര്യം സാധിക്കാതായതോടെ ഇയാൾ പിന്നീട് പാർട്ടി നേതാക്കൾക്ക് പരാതി നൽകി. മണ്ഡലത്തിലെ സ്വകാര്യ പദ്ധതി നടത്തിപ്പുകാരോട് വീട് നിർമ്മാണത്തിനായി കമ്പിയും മറ്റ് സാമഗ്രികളും സൗജന്യമായി കൈപ്പറ്റി. ഇവ‍ർ പിന്നീട് പാർട്ടി നേതാക്കളെ പരാതി അറിയിച്ചു.ആറ് കോൺഗ്രസ് നേതാക്കൾ നയിക്കുന്ന ലേബർ സൊസൈറ്റിക്ക് വഴി വിട്ട് അംഗീകാരം വാങ്ങി നൽകി.ജോർജ്ജ് എം തോമസ് എം എൽഎ ആയിരുന്ന 2006 -2011. 2016-21 കാലയളവിലുമാണ് ക്രമക്കേടുകൾ നടന്നതെന്ന് റിപ്പോർട്ടിലുണ്ട്. പരാതിക്കാരായ പാർട്ടി നേതാക്കളും നാട്ടുകാരും തെളിവ് സഹിതമാണ് മൊഴി നൽകിയത്. വഴി വികസനത്തിന് പണവുമായി സമീപച്ചയാൾക്ക് അതേ നോട്ടു കെട്ടു തിരിച്ചെറിഞ്ഞ് കൊടുത്തു എന്നാണ് ജോർജ്ജ് എം തോമസ് കമ്മീഷന് മറുപടി നൽകിയത്. എന്നാൽ മറ്റ് ആരോപണങ്ങളിൽ എംഎൽഎ എന്ന നിലയ്ക്കുള്ള അവകാശം വിനിയോഗിച്ചു എന്നാണ് വിശദീകരിച്ചത്. ഈ മറുപടികൾ തള്ളിയാണ് ഒടുവിൽ പാർട്ടി നടപടിയെടുത്തത്.കേസിലിടപ്പെട്ട് ഇല്ലാതാക്കി എന്ന ആരോപണത്തിന്റെ തെളിവ് പുറത്ത് വന്നാൽ ക്രിമിനൽ വകുപ്പുകൾ ചുമത്തി ജോർജ്ജിനെതിരെ നടപടിയെടുക്കാം. എംഎൽഎ എന്ന നിലയ്ക്ക് പണം വാങ്ങിയത് വിജിലൻസും അന്വേഷിച്ചേക്കും. അതിനാൽ പാർട്ടിക്ക് പുറത്തേക്ക് അന്വേഷണം നടക്കാതിരിക്കാനായി പാർട്ടി റിപ്പോർട്ട് പുറത്ത് വരാതിരിക്കാനാവും സിപിഎം ശ്രമിക്കുന്നുണ്ടെന്ന വിലയിരുത്തലുണ്ട്.

Leave a Reply

Your email address will not be published.

vandhe-bharath-train-stop-in-thirur-supreme-court Previous post വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം തള്ളി; ഒന്ന് അനുവദിച്ചാൽ പല ഹർജികളെത്തുമെന്ന് സുപ്രീം കോടതി
biju-prabhakar-ksrtc-face-book-live-stream Next post കെഎസ്ആർടിസി സിഎംഡിയുടെ രൂക്ഷ വിമർശനം; കരുതലോടെ ട്രേഡ് യൂണിയനുകൾ