
വിഷം ചീറ്റുന്ന ക്രിമിനലുകള്‍ വാഴും താവളം
രണ്ടുകോടിയുടെ പാമ്പിന്‍ വിഷവുമായി മുന്‍ സി.പി.എം പഞ്ചായത്ത് പ്രസിഡന്റ് പിടിയില്‍
എ.എസ്. അജയ്‌ദേവ്
കേരളത്തില്‍ നടക്കുന്ന ഏതു ക്രിമിനല്‍ പ്രവര്‍ത്തനത്തിനു പിന്നിലും ഒരു സി.പി.എമ്മുകാരന്‍ ഉണ്ടാകുമെന്നത് സത്യമാകുന്ന കാലഘട്ടമാണിത്. ക്രിമിനലുകള്‍ക്ക് സഹായികളും, സംരക്ഷകരും സി.പി.എമ്മാണെന്ന് പ്രതിപക്ഷം പറയുന്നതിലും വസ്തുതയുണ്ടോയെന്ന പരിശോധന നടത്തേണ്ടതും ആവശ്യമായിരിക്കുന്നു. വര്‍ഗ സമരങ്ങള്‍ക്ക് അവധിനല്‍കി, വര്‍ഗീയതയുടെയും വര്‍ഗ ബഹുജന സംഘടനകളെ ക്രിമിനലുകളുടെ കൂടാരങ്ങളാക്കി മാറ്റുകയും ചെയ്യുന്ന പ്രവര്‍ത്തനത്തിലാണ് പാര്‍ട്ടി കടന്നിരിക്കുന്നത്. പാര്‍ട്ടിയുടെ അടിത്തറ എന്നത്, പണത്തിലും അധികാരത്തിലും, ഗുണ്ടായിസത്തിലുമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വായനാനുഭവങ്ങള്‍ക്കപ്പുറം കേട്ടറിവുകള്‍ക്കും കണ്ടറിവുകള്‍ക്കും പ്രാധാന്യമേറി. പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം സാമൂഹത്തിന്റെ സഹകാരി എന്നതില്‍ നിന്നും സാമൂഹ്യവിരുദ്ധരായി മാറി. പാര്‍ട്ടിക്കു വേണ്ടിയാണ് ഈ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനമെന്ന ലേബല്‍ ഒട്ടിച്ച് മറ്റുള്ളവരെ ഭയപ്പെടുത്തുന്നത്.

രണ്ടുകോടി രൂപ വിലവരുന്ന പാമ്പിന്‍വിഷവുമായി മുന്‍ സി.പി.എം പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നുപേര്‍ അറസ്റ്റിലായിരിക്കുകയാണ്. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. ഒരാള്‍ സി.പി.എം മുന്‍ പഞ്ചായത്ത് പ്രസിഡന്റും മറ്റൊരാള്‍ മുന്‍ അദ്ധ്യാപകനുമാണ്. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശിയായ പ്രദീപ് നായര്‍, കോന്നി ഇരവോണ്‍ സ്വദേശിയും അരുവാപ്പുരം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ പാഴൂര്‍ പുത്തന്‍ വീട്ടില്‍ ടി.പി കുമാര്‍, മേത്തല സ്വദേശി വടക്കേവീട്ടില്‍ ബഷീര്‍ എന്നിവരാണ് പിടിയിലായത്.

കൊണ്ടോട്ടിയിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ ബുധനാഴ്ച വൈകിട്ടോടെ പിടികൂടിയത്. മലപ്പുറം സ്വദേശിക്ക് വിഷം വില്‍ക്കാനാണ് ഇവര്‍ എത്തിയത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം വനംവകുപ്പിന് ഇവരെ കൈമാറും. ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്ക് വിഷം എത്തിച്ചുനല്‍കിയ ആളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഫ്‌ളാസ്‌ക്കില്‍ നിറച്ചാണ് വിഷം എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്.

ഏതു വിധേനയുടെ പണം സമ്പാദിക്കുക എന്നതിനപ്പുറം ഒരു പാര്‍ട്ടീക്കാരന്റെ ഉത്തരവാദിത്വം എന്താണെന്ന് ചിന്തിക്കാത്തവരാണ് സമൂഹത്തെ നയിക്കാന്‍ നിയോഗിക്കപ്പടുന്നത് എന്നതാണ് അത്ഭുതം. സമാനമായ ക്രിമിനല്‍ പശ്ചാത്തലവും, സ്വഭാവവുമുള്ളവരുടെ ഇടപെടലുകളില്‍ പാര്‍ട്ടിയുടെ ഇപ്പഴത്തെ അവസ്ഥ പരിതാപകരമാകുന്നുണ്ട്. നോക്കൂ, അടുത്ത കാലത്തായി കേരളത്തിലെ വിവിധ ജില്ലകളില്‍ നടന്ന സംഭവങ്ങളെ വിശകലനം ചെയ്താല്‍ മനസ്സിലാകുന്നത് പാര്‍ട്ടി അനുയായികളുടെ ക്രിമിലന്‍ പശ്ചാത്തലത്തിന്റെ ഒരു വേര്‍ഷനാണ്. കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് നടന്ന ക്രൂര ലെംഗീക പീഡനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ആളുടെ പശ്ചാത്തലവും പരിശോധിക്കൂ. സോഷ്യല്‍ മീഡിയകളില്‍ അയാളുടെ ലേബല്‍ സഖാവ് എന്നാണ്. ചുവന്ന കൊടികള്‍ക്കിടയില്‍ നില്‍ക്കുന്ന ആ ക്രിമിനല്‍ നടത്തിയ ലൈംഗീക പേക്കൂത്ത് പാര്‍ട്ടിയുടെ തണലില്‍ നിന്നുണ്ടായ ധൈര്യത്തിലാണ്. പാര്‍ട്ടിയിലെ പരമ ശക്തനായ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത്-പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും മുന്‍ മന്ത്രിയുമായിരുന്ന-നിലവില്‍ എം.എല്‍.എയുമായ നേതാവിന്റെ മണ്ഡലത്തില്‍-പാര്‍ട്ടിക്കാരനായ ഒരു ക്രിമിലിന് എന്താണ് ചെയ്യാന്‍ കഴിയാത്തത്.

സ്ത്രീകളെ ശബരിമലയില്‍ കയറ്റി രണ്ടാം നവോത്ഥാന സമരം നടത്താന്‍ നേതൃത്വം കൊടുത്ത മുന്‍ ദേവസ്വം മന്ത്രിയുടെ മണ്ഡലത്തിലെ പൊതു വഴിയിലൂടെ ഒരു സ്ത്രീ പിറന്നപടി ജീവനും കൊണ്ടോടിയത് പ്രബുദ്ധ മലയാളികള്‍ മറന്നുപോവുകയേ ചെയ്യരുത്. തീര്‍ന്നില്ല, അതേ എം.എല്‍.എ ദേവസ്വം മന്ത്രിയായിരിക്കെയാണ് ഒരു ദളിത് സ്ത്രീ സര്‍ക്കാരിനെയും പാര്‍ട്ടിയെയും മന്ത്രിയെയും വിശ്വസിച്ച് രണ്ടാം നവോത്ഥാന സമരത്തിന്റെ ഇരയായത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം നടത്താന്‍ പാര്‍ട്ടി നിര്‍ദ്ദേശത്തില്‍ കച്ചകെട്ടിയിറങ്ങിയ ബിന്ദു അമ്മിണിയെന്ന പാവം സ്ത്രീയുടെ കുടുംബം ഛിന്നഭിന്നമായി. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ വെറുക്കപ്പെട്ടവരെപ്പോലെ അലഞ്ഞുതിരിഞ്ഞ അവര്‍ കേരളംവിട്ടു. സ്ത്രീകള്‍ക്ക് സൈ്വരമായി ജീവിക്കാന്‍ കഴിയാത്ത നാടാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളമെന്ന് പറഞ്ഞാണ് അവര്‍ പലായനം ചെയ്തത്. ഇതും മറന്നുപോകാതിരിക്കണം. അതേ, എം.എല്‍.എയുടെ മറ്റൊരു സ്ത്രീ വിരുദ്ധതയാണ്, ഹണിട്രാപ്പില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയുമായുള്ള ഫോണ്‍ സംഭാഷണം. സോഷ്യല്‍ മീഡിയയില്‍ ഈ ഫോണ്‍ വിളി കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല.

സ്ത്രീയുടെ മാനത്തിനു പുല്ലു വിലകല്‍പ്പിക്കുന്ന ഭരണാധികാരികള്‍ സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്.
മഹാരാജാസ് കോളേജിലെ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രവര്‍ത്തിച്ച കുട്ടിയും, കായംകുളത്ത് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചവരും, അതുമായി അഡ്മിഷന്‍ നേടിയവരുമെല്ലാം അടുത്ത കാലത്തെ സി.പി.എമ്മിന്റെ കുട്ടി സംഘടനയിലും യുവജന സംഘടനയിലും പ്രവര്‍ത്തിച്ചിരുന്നവരാണ്. ഇവര്‍ ചെയ്തത് തെറ്റാണെന്ന് ലോകം അറിഞ്ഞപ്പോള്‍ അവരെ ക്രിമിനലുകളായി മുദ്രകുത്തുകയും, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി മുഖം രക്ഷിക്കുകയുമാണ് സി.പി.എം ചെയ്തത്. എന്നാല്‍, ഇവര്‍ ചെയ്ത ക്രിമിനല്‍ കുറ്റം ഒരുകാലത്തും പിടിക്കപ്പെട്ടില്ല എന്നിരിക്കട്ടെ, എങ്കില്‍ എന്തായിരിക്കും സംഭവിക്കുക. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയും, ആഭ്യന്തര സുരക്ഷയും, സ്ത്രീ പക്ഷ സാമൂഹ്യ മുന്നേറ്റവുമെല്ലാം അവതാളത്തിലാകുമെന്നുറപ്പല്ലേ. വഴി വിട്ട വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതു വഴി നാളത്തെ പാര്‍ട്ടീനേതൃത്വത്തെ കണ്ടെത്താമെന്നല്ലാതെ, സമൂഹത്തിന് അവരെക്കൊണ്ട് എന്താണ് ഗുണം.

രാഷ്ട്രീയ അടിമകളല്ലാത്ത നല്ല കമ്യൂണിസ്റ്റുകള്‍ ഒന്നു ചിന്തിച്ചുനോക്കൂ. കായംകുളം സി.പി.എമ്മില്‍ പൊട്ടിത്തെറികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നേതാക്കന്‍മാര്‍ ഗ്രൂപ്പുതിരിഞ്ഞ് പോരാടുകയാണ്. പാര്‍ട്ടിക്കാര്‍ക്കെതിരേ പ്രതിഭാ ഹരിയുടെ പരാതിയും, പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ഇപ്പോള്‍ തരംതാഴ്ത്തിയ പി.കെ. ശശിയുടെ ലൈംഗികാരോപണം പാര്‍ട്ടിതന്നെ അന്വേഷണ കമ്മിഷന്‍ വെച്ച് തേച്ചുമാച്ചു കളഞ്ഞതും മറന്നു പോകാനിടയില്ല. ഇതിനു പിന്നാലെയാണ് എറണാകുളം ജില്ലാ കമ്മിറ്റിയിലെ ഗോപി കോട്ടമുറിക്കല്‍, കണ്ണൂര്‍ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് പി. ശശിക്കെതിരേയും അച്ചടക്ക നടപടി എടുത്തിട്ടുണ്ട്. എം.എല്‍.എ പ്രതിഭാ ഹരിക്കെതിരേയും ഡി.വൈ.എഫ്.ഐക്കാര്‍ ഉയര്‍ത്തിയ പരാതികള്‍ സമാനമാണെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ സംസാരമുണ്ടായിട്ടുണ്ട്.

ഇതെല്ലാം പാര്‍ട്ടിയുടെ തന്നെ നല്ല മുഖത്തെ ഇല്ലാതാക്കിയ സംഭവങ്ങളാണ്. കാലം ചെല്ലുന്തോറും നീലക്കുറുക്കന്‍ രാജാവായ കഥപോലെ പാര്‍ട്ടിയിലെ നോക്കളുടെയും അണികളുടെയും കപട മുഖങ്ങള്‍ ഒലിച്ചു പോകുന്നത് കാണാനാകുന്നുണ്ട്. അങ്ങനെ നിലയില്ലാക്കയത്തില്‍ കിടക്കുന്ന കമ്യൂണിസ്റ്റ് മാനിയാക്കുകള്‍ക്ക് എല്ലാം പറഞ്ഞു ചിരിക്കാന്‍ വരും കാലത്ത് കേരളത്തിലെ സി.പി.എം പ്രവര്‍ത്തനം മാറിക്കൊണ്ടിരിക്കുന്നു എന്നല്ലാതെ മറ്റെന്തു പറയാന്‍.