cpm-ak-balan-benny-behanan-kpcc-udf-ldf

കെ സുധാകരനെതിരായ തട്ടിപ്പ് കേസ്: പിന്നിൽ കോൺഗ്രസ് നേതാവെന്ന് എകെ ബാലൻ

 കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നിൽ ഒരു കോൺഗ്രസ് നേതാവാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലൻ. പരാതിക്കാരിൽ ചിലർ ഈ കോൺഗ്രസ് നേതാവുമായി ബന്ധമുള്ളവരാണ്. സിപിഎം ബന്ധമുള്ള പരാതിക്കാരനെ മാറ്റിനിർത്തി മറ്റുള്ളവരുടെ രാഷ്ട്രീയം നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. കോൺഗ്രസിലെ ഗ്രൂപ്പുകൾ നേരത്തെ കെ സുധാകരന് മുന്നറിയിപ്പ് നൽകിയത് ഓർമിക്കണം. തട്ടിപ്പ് കേസ് വീണ്ടും സജീവമാക്കിയതിന് പിന്നിൽ കോൺഗ്രസിലെ ഉൾപ്പാർട്ടി പോരാണ്. അഞ്ച് നേതാക്കളാണ് കോൺഗ്രസിൽ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ച് നടക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ കേസിനു പിന്നിലും കോൺഗ്രസ്സുകാരാണ്. ഇപ്പോൾ സുധാകരന് കിട്ടുന്ന പാർട്ടി പിന്തുണ വെറും നമ്പർ മാത്രമാണെന്നും കേസുകൾക്ക് പിന്നിലെ കോൺഗ്രസ് നേതാവിന്റെ വിവരം വൈകാതെ പറയുമെന്നും അദ്ദേഹം പറഞ്ഞു.

അൽപ്പത്തരമാണ് എകെ ബാലൻ പറയുന്നതെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാൻ പറഞ്ഞു. രാഷ്ട്രീയ പകപോക്കലിന് വേണ്ടി ചുമത്തിയ കള്ളക്കേസാണ് സുധാകരനെതിരായ തട്ടിപ്പ് കേസ്. അച്യുതാനന്ദനെ വെട്ടി കസേരയിൽ കയറി ഇരിക്കുന്നവരാണ് ഇപ്പോൾ ഇത് പറയുന്നത്. കെ സുധാകരനെ മാർക്സിസ്റ്റ് പാർട്ടിക്ക് ഇട്ടുകൊടുക്കാൻ തയ്യാറല്ല. പുറകിൽ നിന്ന് കുത്തുന്ന പാർട്ടിക്കാർ തങ്ങളല്ല. അത് മാർക്സിസ്റ്റ് പാർട്ടിയുടെ പാരമ്പര്യമാണ്. എകെ ബാലൻ ഇത്രക്ക് തരംതാഴുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും ബെന്നി ബഹന്നാൻ പ്രതികരിച്ചു.

അതിനിടെ കോൺഗ്രസിന് പുതിയ തലവേദനയായി മാറിയിരിക്കുകയാണ് പത്തനംതിട്ടയിലെ വിമതർ. കോൺഗ്രസ് ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് പുതിയ രാഷ്ട്രീയ കൂട്ടായ്മ രൂപീകരിക്കാൻ വിമത നേതാക്കൾ തീരുമാനിച്ചു. ജൂലൈ നാലിന് വിശാല കൺവെൻഷൻ സംഘടിപ്പിക്കുന്നതിന് മുന്നോടിയായി ഇന്ന് വൈകിട്ട് യോഗം നടക്കും. നടപടി നേരിട്ട മുതിർന്ന നേതാക്കളായ സജി ചാക്കോ, ബാബു ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് വിമത നീക്കം. സമാന്തര ഡിസിസി നേതൃത്വം ഉൾപ്പടെ പ്രഖ്യാപിക്കാനും ആലോചനയുണ്ട്. സമാന്തര പ്രവർത്തനം വിലപ്പോകില്ലെന്ന വിലയിരുത്തലിൽ ആണ് കെപിസിസി. 

Leave a Reply

Your email address will not be published.

kpcc-sudhakaran-cpm-mv-govindan Previous post എം.വി ​ഗോവിന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും: കെ സുധാകരന്‍
collage-fake-certificate-vidya-aarsho-sfi Next post വിദ്യ ഇന്ന് ചോദ്യം ചെയ്യലിനെത്തിയില്ല, ചൊവ്വാഴ്ചയെത്താമെന്ന് അന്വേഷണ സംഘത്തെ അറിയിച്ചു