
സ്ത്രീ സ്വാതന്ത്ര്യം എവിടെ: രാത്രി നടത്തവും, ചുംബന സമരവും, ശബരിമല കയറ്റവും എന്തിനായിരുന്നു
ഉടുതുണിയില്ലാതെ ജീവനുവേണ്ടി യുവതി ഓടിയത് കഴക്കൂട്ടം മണ്ഡലത്തിലാണെന്ന് മുന്‍ ദേവസ്വം മന്ത്രി കണ്ടല്ലോ
എ.എസ്. അജയ്‌ദേവ്
പുകവലിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഒരു പരസ്യമുണ്ട്. അതില്‍ പറയുന്നതു പോലെ ഈ നഗരത്തിനെന്തു സംഭവിച്ചു. എവിടെയും പീഡനങ്ങള്‍. സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത അവസ്ഥ. തലസ്ഥാനത്തിന്റെ ഐ.ടി സിറ്റിയെന്നറിയപ്പെടുന്ന കഴക്കൂട്ടത്ത് ഒരു യുവതിയെ സുഹൃത്ത് ക്രൂരമായി പീഡിപ്പിച്ച ഞെട്ടിക്കുന്ന സംഭവമാണ് പുതിയ വിശേഷമായി മലയാളികള്‍ക്ക് ലോകത്തോട് പങ്കുവെയ്ക്കാനുള്ളത്. പീഡനവും കൊലപാതകവും ഇവ രണ്ടും കേരളത്തിന്റെ പൊതു ആഘോഷമായി മാറ്റേണ്ട കാലമായെന്നു വേണം കരുതാന്‍. കാരണം, അരും കൊലയുടേയോ കൂട്ട ബലാല്‍സംഗത്തിന്റേയോ വാര്‍ത്തകള്‍ കേള്‍ക്കാത്ത ഒരു ദിവസം പോലും കടന്നു പോകുന്നില്ല. സര്‍ക്കാര്‍ ഭാഷയില്‍ പറയുകയാണെങ്കില്‍ ഒറ്റപ്പെട്ട സംഭവങ്ങളാണ് ഇതെല്ലാം. അങ്ങനെ ഒറ്റപ്പെട്ട സംഭവങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കേരളമാകെ. എല്ലാ പീഡനങ്ങളെയും ഒറ്റപ്പെട്ട സംഭവമാക്കി ചിത്രീകരിക്കുമ്പോള്‍ ഒറ്റപ്പെട്ടു പോകുന്നവര്‍ ഇരകളാണ്. ഇരകളുടെ കുടുംബങ്ങളും. അതാരും പിന്നീട് ഓര്‍ക്കാറു പോലുമില്ലെന്നതാണ് വസ്തുത. ഇവിടെയും അതു തന്നെ സംഭവിക്കും.

നോക്കൂ, ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതിനു വേണ്ടി രാത്രിയും പകലും അക്ഷീണം പ്രവര്‍ത്തിച്ച ഒരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കേരളമാകെ വനിതകളുടെ വന്‍മതില്‍ തീര്‍ത്ത് രണ്ടാം നവോത്ഥാന സമരത്തിന് നേതൃത്വം കൊടുത്തവരാണ് നമ്മള്‍. സ്ത്രീകളുടെ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലും വേണമെന്ന് ആര്‍ത്തു വിളിച്ച് രാത്രി നടത്തം സംഘടിപ്പിച്ചവരാണ് പുരോഗമന വാദികളായ മലയാളികള്‍. ചുമ്പന സമരവും, സദാചാര പോലീസിംഗിനെതിരേയും ഘോരഘോരം വാദിച്ചും വിയര്‍പ്പൊഴുക്കിയവരുമാണ്. എന്നിട്ടും സ്ത്രീകളെ തൃണംപോലെ പിച്ചിക്കീറി എറിയുന്ന നാടായി മാറിയിരിക്കുന്നു. എങ്ങനെയാണ് ഇത് സംഭവിക്കുന്നത്. നമ്മുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമാണോ. അതോ വിദ്യാഭ്യാസത്തിന്റെ പ്രശ്‌നമോ. അതോ, മലയാളികളുടെ മാനസികാവസ്ഥയുടെ പ്രശ്‌നമോ. മാറിയ കാലത്തിന്റെ-ഭക്ഷണ രീതികളുടെ-സാമൂഹി ചുറ്റു പാടുകളുടെ എന്തെങ്കിലും പ്രശ്‌നമാണോ. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.

എം.എല്‍.എയും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലം കൂടിയാണ് കഴക്കൂട്ടം. അവിടെയാണ് ഉടുതുണി പോലുമില്ലാതെ മാനം കളഞ്ഞ് ജീവന്‍ രക്ഷിക്കാന്‍ ഒരു സ്ത്രീ തെരുവിലൂടെ ഓടിയത്. രാത്രി നടത്തക്കാരുടെ ശ്രദ്ധ തിരിയേണ്ടതിവിടെയാണ്. നിങ്ങള്‍ രാത്രി നടന്നപ്പോള്‍ ഒരു സ്ത്രീ ഉടുതുണിയില്ലാതെ പട്ടാപ്പകല്‍ സ്വയരക്ഷ തേടി ഓടിയിരിക്കുന്നു. നടത്തത്തെക്കാള്‍ എന്തുകൊണ്ടും ഓട്ടമാണ് നല്ലതെന്ന് മലയാളി സ്ത്രീകള്‍ മനസ്സിലാക്കിക്കോണം. പുരോഗമന വനിതാ നേതാക്കളുടെ രാത്രി നടത്തം ഒരു വെറും ഷോയാണ്. ആ ഷോയില്‍ പങ്കെടുക്കാം. പക്ഷെ, ഷോയുടെ ബലത്തില്‍ രാത്രിയും പകലും പുറത്തിറങ്ങിയാല്‍ മാനം പോവുകയും, ഓട്ടം തുടങ്ങുകയും ചെയ്യേണ്ടിവരുമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.

വിഷയത്തിലേക്കു വരാം, സ്ത്രീ വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധയും ഇടപെടലും നടത്തുന്ന എം.എല്‍.എ ആയതു കൊണ്ട് കടകംപള്ളി സുരേന്ദ്രനോട് പ്രത്യേകിച്ച് പറയേണ്ടതില്ല. എങ്കിലും ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോഴാണല്ലോ മാപ്ര(മാധ്യമ പ്രവര്‍ത്തകര്‍ക്ക്)കള്‍ക്ക് പഴയകാര്യങ്ങളും ഇനി ചെയ്യേണ്ട കാര്യങ്ങളും ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത്. അതു കൊണ്ട് പറയാതെ വയ്യ. നിങ്ങളുടെ മണ്ഡലത്തിലൂടെ ഒരു പാവം സ്ത്രീ ഉടുതുണിയില്ലാതെ, തന്റെ മാനത്തിനും ജീവനും വേണ്ടി നിലവിളിച്ചു കൊണ്ട് റോഡിലൂടെ ഓടിയെങ്കില്‍ അത് നിങ്ങളുടെ പരാജയമാണെന്ന രാഷ്ട്രീയ ചാപ്പയൊന്നും കുത്തുന്നില്ല.

പക്ഷെ, നിങ്ങളടക്കമുള്ളവര്‍ വാഴ്ത്തിപ്പാടുന്ന നമ്പര്‍ വണ്‍ കേരളത്തിലാണ് ഈ ഓട്ടം നടന്നതെന്ന് ഓര്‍മ്മിപ്പിക്കുന്നു. ലൈംഗിക പീഡനത്തിന്റെ നീറ്റലും, വിശന്നൊട്ടിയ വയറും, മര്‍ദ്ദനത്തിന്റെ വേദനയും സഹിച്ച് അവള്‍ ഇറങ്ങി ഓടിയില്ലായിരുന്നുവെങ്കില്‍, ഇന്നത്തെ പത്രത്തില്‍ ആ പെണ്‍കുട്ടിയുടെ ഫോട്ടോയും കൊലപാതക വാര്‍ത്തയുമായിരിക്കും അച്ചടിച്ചു വരികയെന്ന് സഗൗരവത്തിലോ ദൈവനാമത്തിലോ മനസ്സിലാക്കണം.

കഴക്കൂട്ടം എന്നത് ഒരു ചെറിയ സ്ഥലമല്ല. ഇന്ത്യയിലെ ആദ്യ ഐ.ടി. പാര്‍ക്ക് സ്ഥാപിക്കപ്പെട്ട സ്ഥലമാണ്. ചരിത്രമാണ്. ഇന്ത്യയുടെ ഐ.ടി. ഭൂപടത്തില്‍ ഇടംപിടിച്ചൊരിടമാണ്. അവിടുത്തെ ജനപ്രതിനിധിയാണ്. അവിടുന്ന് ജയിച്ച് മന്ത്രിയായ ആളാണ്. അപ്പോള്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തണം. കഴക്കൂട്ടത്തെ ഐടി. ഹബ്ബില്‍ നിന്നും ഒരു സ്ത്രീ പീഡന ഹബ്ബാക്കി മാറ്റാനുള്ള നീക്കം എല്ലാ തലങ്ങളിലും നടക്കുന്നുണ്ട്. ഇതിന്റെ അവസാന ഉദാഹരണമായി യുവതിയെ, സുഹൃത്ത് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവം കണക്കാക്കണം. ഇതിന്റെ തുടര്‍ച്ച പ്രതീക്ഷിക്കുകയും വേണം.

കഴക്കൂട്ടത്തെ ഹോട്ടലില്‍ മറ്റൊരു സുഹൃത്തുമായി ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ പ്രതിയായ കിരണ്‍ ബലമായി ബൈക്കില്‍ കയറ്റി കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം ഒരു ഗോഡൗണില്‍ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയെ മര്‍ദ്ദിക്കുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതും പ്രതി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
പുലര്‍ച്ചെ 5 മണി വരെ ക്രൂരപീഡനത്തിന് ഇരയാക്കി. പ്രതിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യുവതി നിലവിളിച്ചു കൊണ്ട് പുറത്തേക്കൊടുകയായിരുന്നു. വിവസ്ത്രയായി ഓടുന്ന പെണ്‍കുട്ടിയെ ഗോഡൗണിനടുത്തുള്ള വീട്ടുകാരാണ് കാണുന്നത്. തുടര്‍ന്ന് യുവതിക്ക് വസ്ത്രം നല്കിയ ശേഷം കഴക്കൂട്ടം പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. യുവതി ക്രൂരമായ പീഡനത്തിന് ഇരയായതായും ശരീരമാസകലം ഗുരുതര പരിക്കേറ്റതായും പോലീസ് പറയുന്നു. യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഈ സംഭവം ഐ.ടി. പാര്‍ക്കുകളില്‍ ജോലിക്കെത്തുന്ന പെണ്‍കുട്ടികളെ സംബന്ധിച്ച് വലിയ ആശങ്കയാണ് തീര്‍ക്കുന്നത്.

അപരിചിതരും, പരിചയക്കാരും, സുഹൃത്തുക്കളും പെണ്‍കുട്ടികളോട് ഇങ്ങനെ പെരുമാറാന്‍ തുടങ്ങിയാല്‍ എങ്ങനെ ജീവിക്കാനാകും. ടെക്‌നോപാര്‍ക്കില്‍ നിരവധി കമ്പനികളിലായി ആയിരക്കണക്കിന് ജീവനക്കാരുണ്ട്. ഇതില്‍ ഭൂരിഭാഗം ജീവനക്കാരും സ്ത്രീകളാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഏറെയും. കഴക്കൂട്ടം ഭാഗങ്ങളില്‍ ഐ.ടി ഉദ്യോഗസ്ഥര്‍ രാത്രിയും രാവിലെയും ഓഫീസുകളില്‍ പോകാന്‍ ഇറങ്ങുന്നുണ്ട്. കഴക്കൂട്ടത്തെ വീടുകള്‍, ഫ്‌ളാറ്റുകള്‍, പേയിംഗ് ഗസ്റ്റ്, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലാണ് ഇവര്‍ കൂട്ടമായും അല്ലാതെയും താമസിക്കുന്നത്. സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ കഴക്കൂട്ടത്തുണ്ടായാല്‍ ഐ.ടി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും ഉണ്ടാവുക. സര്‍ക്കാരിനും പോലീസിനും മതിയായ സുരക്ഷ നല്‍കാനായില്ലെങ്കില്‍ സ്ത്രീകളുടെ ജീവിതം ദുസ്സഹമാകുമെന്നുറപ്പാണ്. രാത്രി നടത്തവും, സ്ത്രീ സ്വാതന്ത്ര്യവുമെല്ലാം മൈക്കു കെട്ടി പ്രസംഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിലെ വനിതാ നേതാക്കള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. എല്ലാ സ്ത്രീ പീഡനങ്ങളെയും ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയുമ്പോള്‍ നാളെ നിങ്ങളുടെ പെണ്‍ മക്കള്‍ക്കു നേരെയും ഉണ്ടാകും ലൈംഗീക പീഡനങ്ങള്‍.
