corporation-master-plan-

ദീർഘവീക്ഷണമില്ലാത്ത മാസ്റ്റർ പ്ലാൻ തലസ്‌ഥാനത്തിന്റെ വളർച്ച മുരടിപ്പിക്കും

തിരുവനന്തപുരം കോർപ്പറേഷൻ മുന്നോട്ടുവെച്ച പുതിയ മാസ്റ്റർ പ്ലാനിലെ നിർദ്ദേശങ്ങൾ നഗരത്തിന്റെ വളർച്ച മന്ദഗതിയിലാക്കുമെന്നും ഭാവിയിലെ വികസന സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നും വിവിധ സംഘടനകൾ വിമര്ശിച്ചു. പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കും മുൻപ് തന്നെ കരട് മാസ്റ്റർ പ്ലാൻ നടപ്പിലാക്കാനുള്ള തീരുമാനം അനിശ്ചിതത്വത്തിന് കാരണമാകുമെന്നും പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ തിരിച്ചടിയാകുമെന്നും ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ടിസിസിഐ), ട്രിവാൻഡ്രം അജണ്ട ടാസ്‌ക് ഫോഴ്‌സ് (ടിഎടിഎഫ്), എവേക്ക് ട്രിവാൻഡ്രം (എടി) എന്നിവ കുറ്റപ്പെടുത്തി.

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ മാസ്റ്റർ പ്ലാൻ മാറുമ്പോൾ അത്യന്താധുനികമായ സമീപനവും ദീർഘവീക്ഷണവും ഉള്ള ഒന്നാവണം നിലവിൽവരേണ്ടതെന്ന് ടിസിസിഐ പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ പറഞ്ഞു. തലസ്ഥാന നഗരിയുടെ വികസനത്തിന് ലഭ്യമായ പരിമിതമായ ഭൂമിയുടെ ഏറ്റവും കാര്യക്ഷമമായ വിനിയോഗത്തിന് ഉതകുന്ന മാസ്റ്റർ പ്ലാൻ ആണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർദ്ദിഷ്ട കരട് പുരോഗമനപരമല്ലെന്ന് മാത്രമല്ല, സംസ്ഥാന തലസ്ഥാന മേഖലയുടെ (എസ്‌സി‌ആർ) ഭാവിയെ തകർക്കാൻ തീരുമാനിച്ച ചില ഉദ്യോഗസ്ഥരുടെ കരവിരുതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാറുന്ന സാഹചര്യങ്ങളെയും പുത്തൻ പ്രവണതകളെയും അതാത് സമയത്ത് ഉൾക്കൊള്ളാൻ കഴിയുന്നതിനോടൊപ്പം നിർവ്വഹണത്തിനുള്ള മാർഗ്ഗരേഖയും അടങ്ങുന്നതാകണം പുതിയ മാസ്റ്റർ പ്ലാൻ എന്നും അദ്ദേഹം പറഞ്ഞു. .

മാസ്റ്റർ പ്ലാൻ അന്തിമമാകുന്നത്തിന് മുൻപ് കരടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് ജനങ്ങൾക്കും നിക്ഷേപകർക്കും അസൗകര്യവും അനിശ്ചിതത്വവും ഉണ്ടാക്കുമെന്ന് ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി) പറഞ്ഞു.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ നഗരത്തിന് ഉണ്ടായിട്ടുള്ള വലിയ മാറ്റങ്ങളും വിഴിഞ്ഞം തുറമുഖത്തിന്റെ പൂർണ്ണതോതിലുള്ള പ്രവർത്തനം, വിജ്ഞാനാധിഷ്‌ഠിത വ്യവസായത്തിന്റെ പുരോഗതി, നൂതന ഗതാഗതമാർഗങ്ങളുടെ വരവ് എന്നിവ ഉണ്ടാക്കാൻ പോകുന്ന അഭൂതപൂർവമായ വളർച്ചയും കണക്കിലെടുക്കുന്നതാകണം പുതിയ മാസ്റ്റർ പ്ലാൻ എന്ന് ടിഎടിഎഫ് സെക്രട്ടറി കെ ശ്രീകാന്ത് പറഞ്ഞു. രേഖയുടെ പ്രസക്തിയും ഫലപ്രാപ്തിയും ഉറപ്പാക്കാൻ നിരന്തരമായ അവലോകനവും നവീകരണവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നഗരവികസനത്തിന് ഏറ്റവും മികച്ചതും ഏകോപിതവുമായ സമീപനം ഉറപ്പാക്കാൻ നിലവിലെ കരട് സമഗ്രമായി അവലോകനം ചെയ്യുകയും പരിഷ്‌ക്കരിക്കുകയും വേണമെന്ന് എവേക്ക് ട്രിവാൻഡ്രം സെക്രട്ടറി ആർ അനിൽ കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published.

thoppy-police-arrest-road-block Previous post തൊപ്പി’ക്ക് സ്‌റ്റേഷന്‍ ജാമ്യം; കണ്ണപുരം പൊലീസും കേസെടുത്തു: ഫോണ്‍ കസ്റ്റഡിയില്‍
dengu-edis-mosquito-health-minister-vigilant Next post പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്