
‘സത്യമേവ ജയതേ’: വെറുപ്പിന് മേൽ സ്നേഹത്തിൻ്റെ വിജയമാണിതെന്ന് കോൺഗ്രസ്; എ.ഐ.സി.സി ആസ്ഥാനത്ത് ആഘോഷങ്ങളുമായി പ്രവർത്തകർ
രാഹുലിനെതിരെയുള്ള അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതിനു പിന്നാലെ കോൺഗ്രസിൽ ആശ്വാസം. വെറുപ്പിനു മേൽ സ്നേഹത്തിൻ്റെ വിജയമാണിതെന്നായിരുന്നു കോൺഗ്രസിൻ്റെ പ്രതികരണം. എ.ഐ.സി.സി. ആസ്ഥാനത്ത് ആഘോഷങ്ങളുമായി പ്രവർത്തകർ തടിച്ചു കൂടി. രാഹുല്‍ ഗാന്ധിയുടെ മുഖം മൂടിയണിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ രാഹുലിന്റെ ചിത്രമുള്ള കൊടികളുയയര്‍ത്തി രാഹുലിന് മുദ്രാവാക്യം വിളിച്ചും കോടതിയില്‍ നിന്നുള്ള ആശ്വാസ വിധിയെ ആഘോഷിച്ചു. സത്യത്തിന്റെ വിജയമാണെന്നും സത്യമേവ ജയതേ എന്നും ആഹ്ളാദ പ്രകടനങ്ങൾക്കിടെ പ്രവർത്തകർ സാക്ഷ്യപ്പെടുത്തി.
സൂര്യനെയും ചന്ദ്രനെയും സത്യത്തെയും എക്കാലവും മൂടിവെക്കാനാവില്ല എന്ന ബുദ്ധൻ്റെ വാക്കുകളായിരുന്നു വിധി വന്നതിനു പിന്നാലെ പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. വളരെ ആശ്വാസകരമായ വിധിയാണെന്നും ഇന്ത്യയിലെ ജനാധിപത്യമതേതര വിശ്വാസികള്‍ ആഗ്രഹിച്ച വിധിയാണെന്നും നിയമ പോരാട്ടത്തിലൂടെ രാഹുല്‍ അതിശക്തനായി തിരിച്ചെത്തിയിരിക്കുന്നുവെന്നുമായിരുന്നും കൊടിക്കുന്നിൽ സുരേഷ് എം.പി വ്യക്തമാക്കി. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും പിന്തുണയോടെയും സ്‌നേഹത്തോടെയും രാഹുല്‍ ലോക്‌സഭയിലേക്ക് തിരിച്ചെത്തുന്നുവെന്നും സത്യത്തിന് വേണ്ടി പരിശ്രമിക്കുന്നവരുടെയൊപ്പം എക്കാലവും വിജയം സുനിശ്ചതമാണെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസും പറഞ്ഞു. രാജ്യം കാത്തിരുന്ന വിധിയാണെന്നായിരുന്നു കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവറിൻ്റെ പ്രതികരണം. രാഹുൽ പങ്കിടുന്ന ആശയത്തിൻ്റെ വിജയമാണിതെന്ന് കെ.സി.വേണുഗോപാൽ വ്യക്തമാക്കി.
രാഹുലിന്റെ അയോഗ്യത നീക്കി തിരിച്ചെത്താനുള്ള അവസരം വേണമെന്നാവശ്യവുമായി ലോക്‌സഭാ സെക്രട്ടറിയേറ്റിനെ എത്രയും വേഗം സമീപിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. അതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞതായാണ് വിവരം. മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് വരുമ്പോഴേക്കും രാഹുലിനെ പാര്‍ലമെന്റിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.