complaint-raise-aganst-police

വീട്ടമ്മയോട് അപമര്യാദയായി പെരുമാറി; പരാതിയില്‍ കേസെടുക്കാന്‍ വൈകി: നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കേസെടുക്കാൻ വൈകിയതിന് നാല് പൊലീസുകാര്‍ക്ക് സസ്‌പെൻഷൻ.

സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വൈക്കം പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ. ഉള്‍പ്പെടെ നാല് പേരെ എറണാകുളം റേഞ്ച് ഡി.ഐ.ജി. ഡോ.എ.ശ്രീനിവാസ് സസ്‌പെൻഡ് ചെയ്‌തത്.

എസ്.ഐ. അജ്മല്‍ ഹുസൈൻ, എ.എസ്.ഐ. വി.കെ. വിനോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വി.വിനോയി, പി.ജെ.സാബു എന്നിവര്‍ക്കാണ് സസ്‌പെൻഷൻ. ജൂലായ് 13ന് രാത്രി 7.30ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയോട് സ്‌കൂട്ടറില്‍ എത്തിയ യുവാവ് അപമര്യാദയായി പെരുമാറി. വൈക്കം പോലീസില്‍ വീട്ടമ്മ പരാതിനല്‍കിയിട്ടും കേസെടുക്കാൻ തയ്യാറായില്ല. തുടര്‍ന്ന് വീട്ടമ്മ ഡി.ഐ.ജി.യെ ഫോണില്‍ പരാതി അറിയിച്ചു. വൈക്കം പോലീസ് കേസെടുക്കാത്ത വിവരവും പരാതിയായിപറഞ്ഞു.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് 16ന് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ തിരുവനന്തപുരം കിളിമാനൂരില്‍നിന്നു കഴിഞ്ഞദിവസം പിടികൂടി. പോലീസിന്റെ വീഴ്ച സംബന്ധിച്ച്‌ കോട്ടയം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി.യാണ് അന്വേഷണം നടത്തിയത്. കേസെടുക്കാൻ വൈകിയെന്നും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഡിവൈ.എസ്.പി. അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് നല്‍കി. തുടര്‍ന്ന് മേല്‍നടപടിക്കായി റിപ്പോര്‍ട്ട് ഡി.ഐ.ജിക്ക് കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published.

crime-amma-and-daughter Previous post അമ്മയും കുഞ്ഞും മരിച്ച സംഭവം; 2 തവണ ഗർഭം അലസിപ്പിച്ചു: ഭർതൃ വീട്ടുകാർക്കെതിരെ കേസ്
dileep-bhavana-rape-case-court-punishment Next post നടിയെ ആക്രമിച്ച കേസ്; ‘എന്റെ ജീവിതം നഷ്ടമായി; വിചാരണ നീട്ടിക്കൊണ്ടുപോകാൻ ശ്രമം’: ദിലീപ്