
ഹെലിക്കോപ്ടറും, സ്വിമ്മിംഗ് പൂളും സദ്യയുമൊക്കെയായി മുഖ്യന്റെ സുഖവാസം: നിത്യച്ചെലവിന് പണമില്ല; പിച്ചചട്ടിയെടുത്ത് കേരളം
- ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പണം സമാഹരിക്കുകയാണ്
- മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 1200 കോടി
- ചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 500 കോടി
എ.എസ്. അജയ്‌ദേവ്
സുരക്ഷിത യാത്രയ്ക്ക് ഹെലിക്കോപ്ടറും വാടകയ്‌ക്കെടുത്തും, ഔദ്യോഗിക നീരാട്ടിന് വസതിയിലെ സ്വിമ്മിംഗ് പൂള്‍ നന്നാക്കിയും, സ്വന്തം സുരക്ഷയ്ക്ക് 45 സുരക്ഷാ ഭടന്‍മാരെ അധികം നിയോഗിച്ചും, പൗരപ്രമുഖര്‍ക്ക് ഓണ സദ്യയും നല്‍കിയും മുഖ്യമന്ത്രി സുഖ ജീവിതം നയിക്കുമ്പോള്‍ നിത്യച്ചെലവിന് പണമില്ല കേരളം പിച്ചചട്ടിയെടുത്തിരിക്കുകയാണ്. ഹെലിക്കോപ്ടറിന്റെ മാസ വാടക 80 ലക്ഷം രൂപ. സ്വിമ്മിംഗ് പൂള്‍ നവീകരിക്കാന്‍ 42 ലക്ഷം രൂപ. പൗരപ്രമുഖര്‍ക്ക് ഓണസദ്യ നല്‍കാന്‍ 10 ലക്ഷം രൂപ. സുരക്ഷാ വിന്യാസത്തിന് ലക്ഷങ്ങള്‍ ചെലവാകും. ഇതെല്ലാം ധൂര്‍ത്തിന്റെ പട്ടികയിലല്ലാതെ വേറെ എവിടെ കൂട്ടാനാകും.

ഓണക്കാലം ആഘോഷിക്കാന്‍ കേരളം കടമെടുത്തിരിക്കുന്നത് 18,000 കോടിയാണ്. ഈ കടം എങ്ങനെ വീട്ടാനാകുമെന്ന് ഒരെത്തും പിടിയുമില്ലാതെ ഇരിക്കുകയാണ് ധനവകുപ്പ്. അക്ഷരാര്‍ത്ഥത്തില്‍ പിച്ച ചട്ടിയെടുത്ത കേരളം നിത്യച്ചെലവിന് പണം സമാഹരിക്കാനുള്ള വഴികള്‍ തേടുകയാണ്. ഇതിനായി ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പണം സമാഹരിക്കുകയാണ്. 1700 കോടി രൂപ ട്രഷറിയില്‍ ഈയാഴ്ച തന്നെ എത്തുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 1200 കോടിയും, ചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 500 കോടിയുമാണ് സമാഹരിക്കുക. ഇത് ട്രഷറിയില്‍ ഹ്രസ്വകാല സ്ഥിരനിക്ഷേപമായി സ്വീകരിക്കും. കൂടുതല്‍ ക്ഷേമനിധികളോട് പണം ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, പല ക്ഷേമനിധികളും ഇപ്പോള്‍ കടുത്ത പ്രതിസന്ധി നേരിടുന്നതും തിരിച്ചടിയായിരിക്കുകയാണ്. ആദായനികുതി വകുപ്പ് തെറ്റായി ഈടാക്കിയ 1000 കോടിരൂപ ബിവറേജസ് കോര്‍പ്പറേഷന് കിട്ടാനുണ്ട്. ഇതുകിട്ടിയാല്‍ അവരും സര്‍ക്കാരിന് പണം നല്‍കിയേക്കും. ഓണക്കാലത്തെ ചെലവുകളെത്തുടര്‍ന്ന് മറ്റ് ഇടപാടുകള്‍ക്ക് പണമില്ലാതെ വരുന്ന സ്ഥിതി ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഈവര്‍ഷം കേന്ദ്രം അനുവദിച്ചതില്‍ രണ്ടായിരത്തോളം കോടിരൂപ മാത്രമാണ് വായ്പയെടുക്കാന്‍ ശേഷിക്കുന്നത്. ഓണച്ചെലവുകള്‍ക്ക് പണം തികയ്ക്കാനായി ട്രഷറി ഇടപാടുകളുടെ പരിധി അഞ്ചുലക്ഷമാക്കി കുറച്ചിരുന്നു. ഓണക്കാലത്തെ പ്രത്യേക ചെലവുകള്‍ ഒഴിച്ചുള്ള ബില്ലുകള്‍ മാറ്റിവെക്കുകയും ചെയ്തു. ട്രഷറിയില്‍ നിയന്ത്രണത്തിന് അയവു നല്‍കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

എങ്കിലും അത്യാവശ്യമുള്ള ബില്ലുകള്‍ പാസാക്കാന്‍ ക്ഷേമനിധികളില്‍ നിന്നുള്ള പണമെത്തുന്നതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ മുന്‍ സര്‍ക്കാരുകളുടെ കാലത്തും ഇത്തരത്തില്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പതിവായി പണം സ്വീകരിച്ചിരുന്നു. എന്നാല്‍, ഇങ്ങനെ കടമെടുക്കുന്നതും സര്‍ക്കാരിന്റെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചതോടെ ഇതു നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. സാമ്പത്തികസ്ഥിതി അങ്ങേയറ്റം മോശമാവുമ്പോള്‍പ്പോലും ഇത്തരം താത്കാലിക ക്രമീകരണങ്ങള്‍ നടത്താന്‍ സംസ്ഥാനത്തിന് ആവുന്നില്ല. എന്നാല്‍, ഈ പണം ഡിസംബറിനു മുമ്പ് തിരികെ ക്ഷേമനിധികള്‍ക്ക് നല്‍കിയാല്‍ സംസ്ഥാനത്തിന്റെ വായ്പാ പരിധിയെ ബാധിക്കില്ലെന്ന വസ്തുതയും മറന്നുകൂടാ. അതേസമയം, പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി മുന്‍ ധനമന്ത്രി ടി.എം തോമസ് ഐസക്കിന്റെ വിമര്‍ശനം ചര്‍ച്ചയാവുകയാണ്.

രാജ്യത്തെ താരതമ്യേന കാര്യക്ഷമവും അഴിമതി കുറഞ്ഞതും പ്രതിബദ്ധതയുള്ളതുമായ ഭരണയന്ത്രമാണ് കേരളത്തിലേത്. എങ്കിലും അതിന് നിരവധി പോരായ്മകളുണ്ടെന്നാണ് മുന്‍ ധനമന്ത്രിയുടെ വിമര്‍ശനം. ‘പഠന കോണ്‍ഗ്രസുകളും ഭരണ പരിഷ്‌കാരവും: ഒരവലോകനം’ എന്ന തലക്കെട്ടില്‍ ‘ചിന്ത’ വാരികയില്‍ എഴുതിയ ലേഖനത്തിലാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ കടന്നാക്രമിച്ചിരിക്കുന്നത്. അനിശ്ചിതമായി നീണ്ടുപോകുന്ന പദ്ധതികള്‍ കേരളത്തിന്റെ ഭരണസംവിധാനത്തിന്റെ പോരായ്മകളുടെ തെളിവുകളിലൊന്നാണ്. വന്‍കിട പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ഭരണയന്ത്രം പ്രാപ്തമല്ല. സേവന മേഖലയിലെ രണ്ടാംതലമുറ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല. സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികള്‍ വര്‍ധിക്കുകയാണെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടുന്നു. കാലോചിതമായി നടത്തേണ്ട പരിഷ്‌കരണങ്ങള്‍ ഈ രംഗത്ത് ഉണ്ടായിട്ടില്ല എന്നതിന്റെ ഫലമായിട്ടാണ് നമ്മുടെ ഭരണയന്ത്രം തുരുമ്പിച്ചതും വേണ്ടത്ര ജനസൗഹാര്‍ദ്ദപരമല്ലാത്തതുമായി മാറിയത്.

ഇടതുപക്ഷ സര്‍ക്കാരുകള്‍ പരിഷ്‌കരണത്തിന് ഓരോ ഘട്ടത്തിലും പരിശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ വലതുപക്ഷ സര്‍ക്കാരുകള്‍ അതിനെ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാന്‍ തയ്യാറായിരുന്നില്ല. വ്യവസായ പ്രോത്സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകള്‍ പലപ്പോഴും ജനവിരുദ്ധമാകുന്നു. പൊതുമേഖലയെയും പൊതുസംവിധാനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം വിജയിക്കണമെങ്കില്‍ ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയും ജനകീയതയും ഉയര്‍ത്തിയേ തീരൂവെന്നും ഡോ. തോമസ് ഐസക്ക് വ്യക്തമാക്കുന്നു. സന്നദ്ധപ്രവര്‍ത്തകരെ അപമാനിച്ച് സര്‍ക്കാര്‍ പിരിച്ചുവിട്ടു. അതിനാല്‍ ചുരുക്കം പേര്‍ മാത്രമേ പഴയതു പോലെ പ്രവര്‍ത്തനരംഗത്തു തിരിച്ചുവരാന്‍ തയ്യാറായുള്ളൂ. അധികാര വികേന്ദ്രീകരണം വീണ്ടും ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനുള്ള പരിശ്രമവും വിജയിച്ചില്ല.

ഭരണ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് നീണ്ടനിര പ്രശ്നങ്ങളുണ്ട്. പാര്‍ട്ടി മുഖ വാരികയില്‍ തന്നെ പിണറായി സര്‍ക്കാരിനെതിരെ ഇത്തരമൊരു വിമര്‍ശന കുറിപ്പ് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നുറപ്പായിരിക്കുകയാണ്. എന്നിട്ടും, സര്‍ക്കാരിന്റെ ആഡംബര ജീവിതത്തെയും, ധൂര്‍ത്തിനെയും കുറിച്ച് ഐസ്‌ക്ക് ഒരക്ഷരം മിണ്ടുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി വാടകയ്‌ക്കെടുക്കുന്ന ഹെലിക്കോപ്ടറിന്റെ വാടക മാസം 80 ലക്ഷം രൂപയാണെങ്കില്‍ ഒരു വര്‍ഷം 9 കോടി 96 ലക്ഷം രൂപയാകും. ഇത് എല്ലാ ദിവസവും ഉപയോഗിക്കാനുള്ളതല്ലെന്ന ബോധ്യം ഉണ്ടാകണം. നോക്കൂ, കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ പള്ളിപ്പുറത്തു വെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്ലിഫ് ഹൗസില്‍ പണ്ട് സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിച്ചത്. കരുണാകരന് പിന്നാലെ മുഖ്യമന്ത്രിയായ ഇ.കെ. നായനാര്‍ പറഞ്ഞത്, എന്റെ പട്ടിയെ അവിടെ കുളിപ്പിക്കുമെന്നാണ്.

എന്നാല്‍, ഈ സ്വിമ്മിംഗ് പൂള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അരക്കോടിയോളം രൂപ ചെലവാക്കിയാണ് നവീകരിക്കുന്നതും പരിപാലിക്കുന്നതും. ഇത് കടം കയറി മുടിഞ്ഞു നില്‍ക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ആവശ്യമുള്ളതാണോയെന്ന് ചിന്തിക്കണം. വെള്ളക്കരം ഇരട്ടിയുടെ ഇരട്ടി വര്‍ദ്ധിപ്പിച്ചാണ് സര്‍ക്കാര്‍ ക്ലിഫ് ഹൗസിലെ സ്വിമ്മിംഗ് പൂള്‍ നവീകരണം നടത്തുന്നതെന്ന് പറയാതെ വയ്യ. ട്രഷറിയുടെ കഴുക്കോല്‍ ഊരി വിറ്റ് ഓണം ആഘോഷിച്ചപ്പോള്‍ അവിടെയും മുഖ്യമന്ത്രി പൗരപ്രമുഖര്‍ക്കായി ഓണസദ്യ ഒരുക്കി ഞെട്ടിച്ചു. അതിദരിദ്രര്‍ക്കു നല്‍കുന്ന ഓണക്കിറ്റ് ഇനിയും കൊടുത്തു തീര്‍ന്നിട്ടില്ലെന്നോര്‍ക്കണം. 10 ലക്ഷംരൂപയാണ് ഓണസദ്യയ്ക്കായി മുഖ്യമന്ത്രി പൊടിച്ചത്.