
കർക്കടകം കഴിഞ്ഞു, ഇനി സമൃദ്ധിയുടെ പൊന്നിൻ ചിങ്ങം
ചിങ്ങം ഒന്ന്, കേരളത്തിന് പുതുവര്‍ഷ ആരംഭവും കര്‍ഷക ദിനവുമാണ് ഇന്ന്. പഞ്ഞ കർക്കടകത്തിന് ശേഷമുള്ള വിളവെടുപ്പിന്റെ, സമൃദ്ധിക്കാലത്തിന്റെ ഓര്‍മ്മകളുമായാണ് മലയാളികള്‍ പൊന്നിന് ചിങ്ങത്തെ വരവേല്‍ക്കുന്നത്. അത്തവും, പത്ത് കഴിഞ്ഞാലെത്തുന്ന ഓണത്തപ്പനും മലയാളികൾക്കെന്നും ഗൃഹാതുരമാണ്. ഇനിയുള്ള ദിവസങ്ങൾ ഉത്രാടത്തിനും പൊന്നോണത്തിനും വേണ്ടിയുള്ള കാത്തിരിപ്പാണ്. നാടെങ്ങും ഇനി ആഘോഷത്തിന്റെ നാളുകളാണ്.
ഗ്രാമങ്ങളിൽ വസന്തകാലത്തിന്റെ ഭംഗി നിറഞ്ഞു തുടങ്ങി. മഞ്ഞയും ചുവപ്പും റോസും, അങ്ങനെ വർണ്ണാഭമായ പൂക്കളുടെ കാഴ്ചകളാണ് എവിടെയും. ദിവസങ്ങൾക്കുള്ളിൽ പൂവിളിയും പൂക്കളവും കൊണ്ട് നാടും നഗരവും നിറയും. തുമ്പപ്പൂവും മുക്കുറ്റിപ്പൂവും മറ്റ് കുഞ്ഞുകുഞ്ഞു പൂക്കളും തൊടികളിൽ വിരിഞ്ഞു തുടങ്ങുന്ന കാലം. വയലുകളിൽ സ്വർണ്ണനിറമേറ്റി നെൽക്കതിരുകൾ വിളഞ്ഞു നിൽക്കുന്ന കാഴ്ച. ഇനി കൊയ്തെടുത്ത് അറ നിറയ്ക്കണം. പിന്നെ പൊന്നോണത്തിന് കുത്തല്ലരി ചോറുകൂട്ടിയൂണ്. മലയാളികളുടെ ഓണപ്പഴമയിലെ പെരുമ ഇങ്ങനെ.
പൂക്കളും പൂവിളിയും മാത്രമല്ല മലയാള ഭാഷയുടെ മാധുര്യം ഓര്‍മിപ്പിക്കുന്ന ഭാഷ ദിനം കൂടിയാണിന്ന്, ഒപ്പം കര്‍ഷക ദിനവും. കാര്‍ഷിക സംസ്കാരത്തിന്റെ ഗൃഹാതുരമായ ഓര്‍മകളോടു കൂടിയാണ് ചിങ്ങമെത്തുന്നത്. ഒരു നല്ല പുതു വർഷത്തെ വരവേൽക്കാൻ എല്ലാവര്ക്കും റിപ്പോര്‍ട്ടർ ടിവിയുടെ ആശംസകള്‍.