
തയ്‌വാനുമായുള്ള സൈനിക, സുരക്ഷാ സഹകരണത്തിൽ നിന്ന് വിട്ടുനിൽക്കണം: ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ചൈന
ഇന്ത്യയുടെ മുൻ സേനാ മേധാവിമാർ തയ്‌വാൻ സന്ദർശിച്ചതിനു പിന്നാലെ, ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ചൈന. തയ്‌വാനുമായി സൈനിക, സുരക്ഷാ സഹകരണം വേണ്ടെന്നും, ‘ഏക ചൈനാ നയം’ ഇന്ത്യ പാലിക്കണമെന്നുമാണ് ചൈന ആവശ്യപ്പെട്ടത്. ഇന്ത്യയുടെ പേര് നേരിട്ട് പറയാതെ ഇത്തരം സന്ദർശനങ്ങളെ ചൈന ശക്തമായി എതിർക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഓഗസ്റ്റ് 8ന് കെറ്റഗലൻ ഫോറം 2023ന്റെ ഇന്തോ-പസഫിക് സുരക്ഷാ സംവാദത്തിനായാണ് മുൻ സൈനിക മേധാവി മനോജ് നരവനെ, മുൻ നാവികസേനാ മേധാവി കരംബീർ സിങ്, മുൻ വ്യോമസേനാ മേധാവി ആർ.കെ.എസ്.ബദൗരിയ തുടങ്ങിയവർ യി തയ്‌വാൻ തലസ്ഥാനമായ തായ്പെയ് സന്ദർശിച്ചത്. തയ്‌വാൻ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ തയ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ ആണ് ഉദ്ഘാടന പ്രസംഗം നടത്തിയത്. ഇതിനു പിന്നാലെയാണ് ചൈന മുന്നറിയിപ്പ് നൽകിയത്.‘‘ചൈനയുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളുടെ തയ്‌വാൻ അധികാരികളുമായുള്ള എല്ലാ ഔദ്യോഗിക ഇടപെടലുകളെയും ചൈന ശക്തമായി എതിർക്കുന്നു. ഇതാണ് ഞങ്ങളുടെ സ്ഥിരവും വ്യക്തവുമായ നിലപാട്. ബന്ധപ്പെട്ട രാജ്യം ഏക ചൈനാ നയം പാലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. തയ്‌വാനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിവേകത്തോടെ ശരിയായി കൈകാര്യം ചെയ്യുക, തയ്‌വാനുമായി ഏതെങ്കിലും തരത്തിലുള്ള സൈനിക, സുരക്ഷാ സഹകരണത്തിൽ നിന്ന് വിട്ടുനിൽക്കുക’’- വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു.അതേസമയം വിഷയത്തിൽ ഇന്ത്യൻ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡൽഹിയിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുക്കുമോ എന്ന കാര്യത്തിൽ ചൈന മൗനം തുടരുന്നതിനിടെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യ ഏക ചൈനാ നയമാണ് പിന്തുടരുന്നതെങ്കിലും ഒരു ദശാബ്ദത്തിലേറെയായി ഉഭയകക്ഷി രേഖകളിൽ അത് ആവർത്തിക്കുന്നത് നിർത്തിയിരുന്നു. എന്നാൽ ഇന്ത്യ തയ്‌വാനുമായി അനൗദ്യോഗിക ബന്ധം നിലനിർത്തുന്നുണ്ട്.