chief-minister-speaker-shamzeer

ധൂര്‍ത്തിന് കുറവില്ലാത്ത മുഖ്യന്‍: ലക്ഷങ്ങള്‍ ചെലവിട്ട് ക്ലിഫ്ഹൗസില്‍ സ്വിമ്മിംഗ്പൂള്‍ പരിപാലനവും, ഓണസദ്യയും

  • സ്വിമ്മിംഗ് പൂള്‍ നവീകരണത്തിന് 42.50 ലക്ഷം
  • ഒപൗരപ്രമുഖര്‍ക്ക് ഓണസദ്യ നല്‍കാന്‍ 10 ലക്ഷം
  • സ്പീക്കര്‍ എ.എന്‍. ഷംസീറും 10 ലക്ഷം രൂപയ്ക്ക് സദ്യ നല്‍കുന്നു
  • ഓണത്തിന് പ്രതീക്ഷിക്കുന്നത് 19,000 കോടിയുടെ ചെലവാണെന്ന് ധനമന്ത്രി

എ.എസ്. അജയ്‌ദേവ്

സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ധൂര്‍ത്തിന് കടിഞ്ഞാണില്ലാതെ കുതിക്കുന്നു. ധനസ്ഥിതി ദയനീയമാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തന്നെ ഏത്തമിട്ട് പറയുമ്പോഴും ഒരു മുടക്കവുമില്ലാതെ നടക്കുന്നത് പിണറായി വിജയന്റെ കാര്യങ്ങള്‍ മാത്രമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓണത്തിന് പ്രതീക്ഷിക്കുന്നത് 19,000 കോടിയുടെ ചെലവാണെന്നും കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകള്‍ പോലും കെട്ടിയിട്ടിരിക്കുകയാണെന്നും പറയുന്ന ധനമന്ത്രി, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തല്‍കുളം പരിപാലിക്കാനായി നല്‍കിയത് ലക്ഷങ്ങളാണ്. കുടിവെള്ളത്തിനു പോലും നികുതി വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ചക്രശ്വാസം വലിപ്പിക്കുന്ന ഇടതു സര്‍ക്കാരിന്റെ രണ്ടു നയങ്ങളാണ് ഇവിടെ തുറന്നു കാട്ടപ്പെടുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് 2 ലക്ഷം രൂപക്ക് നിര്‍മ്മിച്ച നീന്തല്‍കുളം പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ നവീകരിക്കുകയായിരുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു നവീകരണ ചുമതല. നവീകരണവും വാര്‍ഷിക പരിപാലനത്തിനുമായി ഇതുവരെ ചെലവായത് 42.50 ലക്ഷം രൂപയാണ്. അഞ്ചാംഘട്ട വാര്‍ഷിക പരിപാലനത്തിന് ഈ മാസം 20ന് അനുവദിച്ച 4.03 ലക്ഷം ഉള്‍പ്പെടെയാണിത്. 1992 ജൂലൈയില്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് ഗുരുതരമായി അപകടം പറ്റിയതിനെ തുടര്‍ന്നായിരുന്നു ക്ലിഫ് ഹൗസില്‍ നീന്തല്‍കുളം നിര്‍മ്മിച്ചത്. ഡോക്ടര്‍മാരുടെ കര്‍ശന ഉപദേശത്തെ തുടര്‍ന്നായിരുന്നു നീന്തല്‍ ചികില്‍സ കരുണാകരന്‍ ആരംഭിച്ചത്. 2 ലക്ഷം രൂപ ഉപയോഗിച്ച് ക്ലിഫ് ഹൗസില്‍ നീന്തല്‍കുളം നിര്‍മ്മിച്ചതിനെതിരെ അതി ശക്തമായ വിമര്‍ശനമാണ് സി.പി.എം അഴിച്ചുവിട്ടത്.


താന്‍ അധികാരത്തില്‍ എത്തിയാല്‍ തന്റെ പട്ടിയെ അവിടെ കുളിപ്പിക്കുമെന്നായിരുന്നു പ്രതിപക്ഷനേതാവായ ഇ.കെ.നായനാരുടെ പ്രതികരണം. ഇ.കെ. നായനാര്‍, എ.കെ. ആന്റണി, വി.എസ്.അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി എന്നീ നാല് മുഖ്യമന്ത്രിമാര്‍ ക്ലിഫ് ഹൗസില്‍ താമസിച്ചെങ്കിലും ആരും നീന്തല്‍ക്കുളം ഉപയോഗിച്ചിട്ടില്ല. 2016ല്‍ മുഖ്യമന്ത്രിയായി ക്ലിഫ് ഹൗസില്‍ താമസം തുടങ്ങിയ പിണറായി നീന്തല്‍കുളം നവീകരിക്കാന്‍ ഉത്തരവിട്ടു. മകള്‍ വീണ വിജയന്റെ നിര്‍ബന്ധമായിരുന്നു ഇതിനുപിന്നില്‍. നീന്തല്‍ കുളത്തിന്റെ നവീകരണ ചെലവുകള്‍ക്ക് നിയമസഭയില്‍ പോലും മറുപടി ഉണ്ടായില്ല. കെ.പി.സി.സി. സെക്രട്ടറി അഡ്വ. സി. ആര്‍. പ്രാണകുമാറാണ് നീന്തല്‍കുള നവീകരണ ചെലവുകള്‍ പുറത്ത് കൊണ്ട് വന്നത്. ടൂറിസം ഡയറക്ടറേറ്റില്‍ നിന്ന് അഡ്വ. പ്രാണകുമാറിന് ലഭിച്ച വിവരവകാശ മറുപടി പ്രകാരം നീന്തല്‍കുളം നവീകരിക്കാന്‍ 18.06 ലക്ഷവും റൂഫിന്റെ ടെറസ് വര്‍ക്കുകള്‍ക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനായി 7.92 ലക്ഷവും ചെലവഴിച്ചു.


ഓരോ വര്‍ഷവും നീന്തല്‍കുളത്തിന്റെ വാര്‍ഷിക പരിപാലനം എന്ന ഓമന പേരില്‍ ഊരാളുങ്കലിന് ലഭിക്കുന്നതും ലക്ഷങ്ങളാണ്.
ഒന്നാംഘട്ട പരിപാലനത്തിന് 2.28 ലക്ഷം, രണ്ടാംഘട്ട പരിപാലനത്തിന് 2.51 ലക്ഷം, മൂന്നാംഘട്ട പരിപാലനത്തിന് 3.84 ലക്ഷം, നാലാംഘട്ട പരിപാലനത്തിന് 3.84 ലക്ഷം, അഞ്ചാംഘട്ട പരിപാലനത്തിന് 4.03 ലക്ഷം രൂപയുമാണ് അനുവദിച്ചത്. നീന്തല്‍ക്കുളത്തിന്റെ ധൂര്‍ത്തിനു പിന്നാലെ പൗര പ്രമുഖന്‍മാര്‍ക്ക് ഓണസദ്യ നല്‍കിയാണ് മുഖ്യമന്ത്രിയുടെ അടുത്ത ധൂര്‍ത്ത്. ഈ മാസം 26ന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വച്ചാണ് ഓണസദ്യ സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായിട്ടാണ് പിണറായിയുടെ വക ഓണസദ്യ. 500 പൗര പ്രമുഖര്‍ക്കാണ് ക്ഷണം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേഴ്സണല്‍ സ്റ്റാഫുകളും പാര്‍ട്ടി നേതാക്കളും കൂടിയാകുമ്പോള്‍ 1000 പേരിലേക്ക് എണ്ണമുയരും.

10 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിയമസഭാ ഹാളിന് വാടക കൊടുക്കണ്ടെന്ന ഗുണം മാത്രമാണുള്ളത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കല്‍ ഉത്തരവുകള്‍ ധനവകുപ്പില്‍ നിന്ന് തുടരെ തുടരെ ഇറങ്ങുമ്പോഴാണ് മുഖ്യമന്ത്രിയുടെ വക ഓണസദ്യ എന്നതാണ് വിരോധാഭാസം. സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കു നീങ്ങിയതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. മുഖ്യമന്ത്രിയും സംഘവും ഒഴികെ മറ്റാര്‍ക്കും ട്രഷറിയില്‍ നിന്നും പണം നല്‍കേണ്ടതില്ലെന്ന അനൗദ്യോഗിക ഉത്തരവാണ് നടപ്പാക്കിയിരിക്കുന്നത്.

ദൈനംദിന ചെലവുകളുടെ ബില്ലുകള്‍ക്കുള്ള നിയന്ത്രണം 10 ലക്ഷത്തില്‍ നിന്ന് 5ലക്ഷം രൂപയാക്കി. 5 ലക്ഷത്തിനു മേല്‍ തുകയുടെ പ്രധാന ബില്ലുകള്‍ പാസാകണമെങ്കില്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി തേടണം. ശമ്പളം, പെന്‍ഷന്‍ തുടങ്ങി അടിയന്തരവും പ്രധാനപ്പെട്ടതുമായ ചുരുക്കം ചെലവുകള്‍ ഒഴികെ എല്ലാ ബില്ലുകള്‍ക്കും നിയന്ത്രണം ബാധകമാകും. നിയന്ത്രണം ലംഘിച്ച് ബില്‍ പാസാക്കിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നു ട്രഷറിക്കു ധനവകുപ്പ് മുന്നറിയിപ്പു നല്‍കി. ധനവകുപ്പിന്റെ അനുമതിക്ക് വരുന്ന ബില്ലുകള്‍ പണം ഇല്ലാത്തത് കൊണ്ട് തിരിച്ചയക്കുകയാണ്. സാമ്പത്തികം മെച്ചപ്പെടുന്ന മുറക്ക് ഫയല്‍ സമര്‍പ്പിക്കുക എന്ന ഒറ്റവരിയില്‍ സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ തീര്‍പ്പാക്കുകയാണ്. സാമൂഹ്യ സുരക്ഷ പദ്ധതികള്‍ക്ക് പോലും പണം കണ്ടെത്താന്‍ സാധിക്കുന്നില്ല. 153.33 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ച കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന് നല്‍കിയത് 9 കോടി രൂപ മാത്രം. ആശ്വാസ കിരണം പദ്ധതിക്ക് 54 കോടി ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നയാപൈസ കൊടുത്തിട്ടില്ല. മറ്റ് സാമുഹ്യ സുരക്ഷാ പദ്ധതികളുടെ അവസ്ഥയും തലകീഴ് മറിഞ്ഞിരിക്കുകയാണ്. ട്രഷറി നിയന്ത്രണമൊന്നും മുഖ്യമന്ത്രിയുടെ ധൂര്‍ത്തിന് ബാധകമല്ല.

മുഖ്യമന്ത്രിക്കു പിന്നാലെ ഓണ സദ്യയുമായി സ്പീക്കര്‍ എ.എന്‍. ഷംസീറും രംഗത്തെത്തിയിരിക്കുകയാണ്. പിണറായി വിജയന്‍ ഓണസദ്യ ഒരുക്കുന്നത് പൗര പ്രമുഖര്‍ക്കാണെങ്കില്‍ ഷംസിര്‍ ഓണസദ്യ ഒരുക്കുന്നത് നിയമസഭയിലെ 1300 ജീവനക്കാര്‍ക്കാണ്. ഇ-നിയമസഭയുടെ ഭാഗമായി നിയമസഭയില്‍ ജോലി ചെയ്യുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസെറ്റിയുടെ ഉദ്യോഗസ്ഥരും ഓണസദ്യയില്‍ പങ്കെടുക്കും. നിയമസഭയിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് ഓണ സദ്യ സംഘടിപ്പിക്കുന്നത്. ഓണസദ്യ നല്‍കാന്‍ ഷംസിര്‍ ക്വട്ടേഷന്‍ വിളിച്ചിരിക്കുകയാണ്. ഇന്ന് വൈകുന്നേരം 3 മണിക്ക് മുമ്പ് ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ജി.എസ്.ടി ഉള്‍പ്പെടെ 1300 പേര്‍ക്ക് സദ്യ നല്‍കുന്നതിനുള്ള വില ക്വട്ടേഷനില്‍ രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷന്‍ ലഭിക്കുന്ന സ്ഥാപനം സ്വന്തം ചെലവിലും ഉത്തരാവാദിത്വത്തിലും ഭക്ഷണം നിയമസഭ സമുച്ചയത്തില്‍ വിളമ്പി തരണമെന്നും നിയമസഭ സെക്രട്ടേറിയേറ്റില്‍ നിന്നിറക്കിയ ക്വട്ടേഷന്‍ നോട്ടീസില്‍ പറയുന്നു.

ഇനി അറിയാനുള്ളത്, മറ്റു മന്ത്രിമാരുടെ സ്ഥിതിയാണ്. ആരൊക്കെ എവിടെയൊക്കെ ഓണസദ്യയും കുളവും തോണ്ടുന്നുവെന്ന് ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. ഓണക്കാലം കഴിയുന്നതോടെ പോലീസുകാരെല്ലാം നിരത്തുകളില്‍ കടുത്ത പിരിവുമായി ഇറങ്ങുമെന്നുറപ്പായിരിക്കുകയാണ്. ധൂര്‍ത്തടിക്കുന്ന പണമെല്ലാം സാധാരണക്കാരനില്‍ നിന്നും പിഴിഞ്ഞെടുക്കാനായിരിക്കും പോലീസിന്റെ നിയോഗം. ഒടിഞ്ഞുകുത്തി വീഴാറായ ഖജനാവിന്റെ കഴുക്കോല്‍ ഊരിയെടുത്ത് കേരളത്തെ കുത്തുപാളയെടുപ്പിക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം.

Leave a Reply

Your email address will not be published.

prakash-raj-chandrayaan-3 Previous post ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചു: നടൻ പ്രകാശ് രാജിനെതിരെ പൊലീസ് കേസെടുത്തു
Next post ഡീസലുമായി പോയ ടാങ്കർ ലോറി മറിഞ്ഞു: സമീപപ്രദേശത്തെ കിണറുകളിൽ തീപിടിച്ചു