
CPMന്റെ സാമ്പത്തിക സത്യസന്ധത: പാര്‍ട്ടിയില്‍ നിന്നും ചാത്തുണ്ണി മാസ്റ്ററെ പുറത്തിക്കിയ ‘മാസ്റ്റര്‍ കാര്‍ഡ്’
- ഇന്ന് ആര്‍ക്കും സാമ്പത്തിക സത്യസന്ധത വേണമെന്നില്ല, പാര്‍ട്ടിക്കാരനായാല്‍ മതി
- കേരളത്തില്‍ രണ്ടു നീതിയുടെ പാര്‍ട്ടിക്കാലം
- യെച്ചൂരിക്ക് മിണ്ടാട്ടമില്ല, പൊളിറ്റ് ബ്യൂറോയെ തീറ്റിപോറ്റുന്നത് പാര്‍ട്ടി കേരളാ ഘടകമായതിനാല്‍ ചുപ് രഹോ
എ.എസ്. അജയ്ദേവ്
ഇന്ത്യന്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റു പാര്‍ട്ടിക്ക് എന്താണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിനെ പൂര്‍ണ്ണമായി തെറ്റു പറയാനൊക്കില്ല. കാരണം, എന്തോ സംഭവിച്ചിട്ടുണ്ട്. വര്‍ഗസമര രാഷ്ട്രീയത്തെ ബൈപ്പാസ് ചെയ്ത്, നേതാക്കള്‍ മുതലാളിത്ത സങ്കല്‍പ്പങ്ങളുടെ അന്തര്‍ധാരയിലേക്ക് ഉല്ലസിക്കുന്നുവെന്നാണ് നല്ല പാര്‍ട്ടിക്കാരുടെ ആത്മ വിമര്‍ശനം. ഇവിടെയാണ് സ്വയം വിമര്‍ശനത്തേക്കാള്‍ ആത്മ വിമര്‍ശനത്തിന് പ്രസക്തിയേറുന്നത്. സ്വയം വിമര്‍ശനം നടത്താന്‍ തെറ്റൊന്നും ചെയ്യാത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍, നേതാക്കളുടെ തെറ്റുകളെ ന്യായീകരിക്കുക വഴി സ്വയം ഇളിഭ്യരാകുന്നുണ്ട്. ഇതിനെയോര്‍ത്താണ് ആത്മ വിമര്‍ശനത്തിന് പ്രവര്‍ത്തകര്‍ വിധേയരായിക്കൊണ്ടിരിക്കുന്നതും. പാര്‍ട്ടി നേതാക്കളും അണികളും സാമ്പത്തിക അച്ചടക്കത്തിന്റെയോ, സത്യസന്ധതയുടെയോ കാവലാളാകേണ്ടവരാണ്. കാരണം, അവര്‍ വിശ്വസിക്കുന്ന പാര്‍ട്ടി നിലകൊള്ളുന്നത് തൊഴിലാളി വര്‍ഗ സിദ്ധാന്തത്തില്‍ അധിഷ്ഠിതമായാണ് എന്നതുകൊണ്ട്.

സാമ്പത്തിക അച്ചടക്കത്തിലൂന്നിയ സത്യസന്ധത കാട്ടാതിരുന്ന നേതാക്കള്‍ക്ക് കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റു പാര്‍ട്ടി നല്‍കിയിട്ടുള്ള ശിക്ഷ എന്താണെന്ന് മനസ്സിലാക്കണം. അതിന് മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് പാര്‍ട്ടി ഒരു നേതാവിനെതിരേ എടുത്ത നടപടിയെക്കുറിച്ച് അറിഞ്ഞിരിക്കണം. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ ചാത്തുണ്ണി മാസ്റ്ററെ പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്താക്കിയാണ് സാമ്പത്തിക കാര്യങ്ങളില്‍ സത്യസന്ധത കാണിക്കാത്തതിന് ശിക്ഷിച്ചത്. 1985ലാണ് ചാത്തുണ്ണി മാസ്റ്ററെ പുറത്താക്കിക്കൊണ്ടുള്ള നടപടി സി.പി.എം കൈക്കൊണ്ടത്. മാസപ്പടി വിവാദത്തിലും അഴിമതിയിലും പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ അനുദിനം വഷളാവുകയാണ്. പാര്‍ട്ടിയെ അച്ചടക്കത്തോടെ നയിക്കേണ്ട പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് മിണ്ടാട്ടമില്ല. സാമ്പത്തിക ഇടപാടില്‍ സത്യസന്ധത കാണിച്ചില്ലെന്നതിന്റെ പേരില്‍ സമുന്നത നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത പാരമ്പര്യമുള്ള പാര്‍ട്ടിക്ക് എന്തു സംഭവിച്ചു.

കോടികളുടെ പണ സമ്പാദനവും അഴിമതിയും നടത്തിയിട്ട് പോലും സി.പി.എം കേന്ദ്ര നേതൃത്വം ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല. സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കാത്തതിന്റെ പേരിലാണ് സി പി എമ്മിന്റെ സമുന്നത നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ ചാത്തുണ്ണി മാസ്റ്ററെ പാര്‍ട്ടി പുറത്താക്കിയതെന്നു പോലും ചരിത്രം ഓര്‍മ്മിപ്പിക്കുന്നുണ്ട്. 33 വര്‍ഷംമുമ്പ് സംസ്ഥാന കമ്മറ്റിയംഗമായ കെ. ചാത്തുണ്ണി മാസ്റ്ററെ സാമ്പത്തിക ഇടപാടുകളില്‍ സത്യസന്ധത പാലിക്കാതിരു ന്നതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള സംസ്ഥാന സെക്രട്ടറിയേറ്റിന്റ പ്രസ്താവനയും, മാസപ്പടി വിവാദത്തില്‍ പാര്‍ട്ടി ഇറക്കിയ പ്രസ്താവനയും താരതമ്യം ചെയ്യുമ്പോള്‍ സി.പി.എമ്മിന് സംഭവിച്ചിരിക്കുന്ന അപചയത്തിന്റെ ആഴം വ്യക്തമാകും. 1967, 70 എന്നീ വര്‍ഷങ്ങളില്‍ ബേപ്പൂരില്‍ നിന്ന് നിയമസഭയിലേക്കും 1979ല്‍ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട സമുന്നത നേതാവായിരുന്നു കെ. ചാത്തുണ്ണി മാസ്റ്റര്‍.

അടിയന്തരാവസ്ഥക്കാലത്ത് ഇടതു മുന്നണി ഏകോപന സമിതി കണ്‍വീനര്‍, ദേശാഭിമാനി, ചിന്ത പത്രാധിപര്‍ – ദീര്‍ഘകാലം സി.പി.എം സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1985 ജൂണ്‍ 24 ന് ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ ”ചാത്തുണ്ണി മാസ്റ്ററെ പുറത്താക്കി ‘ എന്നൊരു വാര്‍ത്ത വന്നിരുന്നു. ആ വാര്‍ത്ത ഇങ്ങനെയായിരുന്നു: ”തിരുവനന്തപുരം: ചാത്തുണ്ണി മാസ്റ്റര്‍ സാമ്പത്തിക ഇടപാടുകളില്‍ സത്യസന്ധത പാലിക്കാതിരിക്കുകയും തന്മൂലം അദ്ദേഹ ത്തെപ്പറ്റി പാര്‍ട്ടി മെമ്പര്‍മാരുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ അവിശ്വാസവും അവമതിപ്പും സൃഷ്ടിക്കുകയും ചെയ്തതിനും പാര്‍ട്ടി നയത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും കമ്മ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ് ) പാര്‍ട്ടി കേരള സംസ്ഥാന കമ്മിറ്റി മെമ്പറായ കെ. ചാത്തുണ്ണി മാസ്റ്ററെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. പാര്‍ട്ടിക്ക് നിയന്ത്രണമുണ്ടായിരുന്ന ജനശക്തി ഫിലിംസിന്റെ ഒരു ലക്ഷം രൂപയും കിസാന്‍ സഭയുടെ ഫണ്ടും വെട്ടിച്ചുവെന്നായി രുന്നു ചാത്തുണ്ണി മാസ്റ്റര്ക്കെതിയുള്ള ആരോപണം. ചതിപ്രയോഗത്തിലൂടെയാണ് ചാത്തുണ്ണി മാസ്റ്ററെ പുറത്താക്കിയതെന്ന ആക്ഷേപം അക്കാലത്ത് ഉയര്‍ന്നിരുന്നു.

വി.എസ് അച്ചുതാനന്ദനാണ് ചാത്തുണ്ണി മാസ്റ്ററുടെ പുറത്താക്കലിന് ചരട് വലിച്ചതെന്നാണ് പറയപ്പെട്ടുന്നത്. ഒപ്പം ഇ.എം.എസ്സിന്റ താല്പര്യവും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ 45 വര്‍ഷം നിര്‍ണായക പങ്ക് വഹിച്ച നേതാവാണ് ചാത്തുണ്ണി മാസ്റ്റര്‍. അദ്ദേഹത്തെ ”സാമ്പത്തിക ഇടപാടില്‍ സത്യസന്ധത പാലിക്കാതിരുന്നതിന്റെ ‘ പേരില്‍ പുറത്താക്കിയ പാര്‍ട്ടിയാണ്, മാസപ്പടി ഇടപാടില്‍ കുരുങ്ങിയ മുഖ്യമന്ത്രിയുടെ മകളെ ന്യായീകരിച്ചുകൊണ്ട് ന്യായീകരണക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. എന്നാല്‍, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വിവരം അന്ന് ചാത്തുണ്ണി മാസ്റ്റര്‍ അറിഞ്ഞത് പത്രം വായിച്ചിട്ടാണ് എന്നതാണ് കൗതുകകരം.
1.72 കോടി രൂപയുടെ മാസപ്പടി ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെയുടെ മകള്‍ നിമിത്തം പാര്‍ട്ടി മെമ്പറന്മാരുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ അവിശ്വാസവും അവമതിപ്പും ഉണ്ടായതായും പറയുന്നില്ല. അതിനു കാരണം പാര്‍ട്ടി സംവിധാനങ്ങള്‍ ഒന്നാകെ പിണറായിക്കു മുന്നില്‍ കീഴടങ്ങി നില്ക്കയാണ്. സെക്രട്ടറിയേറ്റ് മെമ്പറന്മാര് വരിവരിയായി നിന്ന് മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വരുമാനത്തെ ന്യായീകരിക്കുന്ന ഗതികേടിലാണ് പാര്‍ട്ടി എത്തിപ്പെട്ടിരിക്കുന്നത്.

2018 മെയ് മാസത്തില്‍ സി.പി.എമ്മിന്റെ രാജ്യസഭാംഗവും ബംഗാളില്‍ നിന്നുള്ള യുവ നേതാവുമായിരുന്ന ഋതബൃത ബാനര്‍ജി ആഡംബര ജീവിതം നയിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പാര്‍ട്ടി പുറത്താക്കിയത്. പോളിറ്റ് ബ്യൂറോ അംഗത്തിന്റെ മകള്‍ കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് പിതാവിന്റെ പദവി ഉപയോഗിച്ച് അനധികൃതമായി പണം സമ്പാദിക്കുന്നു എന്ന് ഒരു ക്വാസി ജുഡീഷ്യല്‍ ബോഡിയായ INTERIM BOARD FOR SETTLEMENTന്റെ വിധി പ്രസ്താവം വന്നിട്ടുപോലും സി.പി.എം നേതൃത്വം വിനീത വിധേ.യത്വത്തോടെ തലതാഴ്ത്തി നില്ക്കയാണ് ചെയയുന്നത്. കേരളത്തില്‍ നിന്നും പിണറായി വിജയന് സര്‍ക്കാരും സംസ്ഥാന പാര്‍ട്ടിയും കൊണ്ട് ജീവിതം തള്ളി നീക്കുന്ന പോളിറ്റ്ബ്യൂറോയാണ് ഇന്ത്യന്‍ കമ്യൂണിസത്തിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കുന്നതെന്ന് തൊഴിലാളി പ്രസ്ഥാനത്തിനു വേണ്ടി കൊടി പിടിക്കുന്നവരും മുദ്രാവാക്യം വിളിക്കുന്നവരും മറന്നു പോകരുത്.