
അമ്മ നോക്കിനിൽക്കേ അമ്പിളിമുറ്റത്ത് കളിച്ചുല്ലസിക്കുന്ന കുട്ടി; പ്രഗ്യാൻ റോവറിന്റെ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ
ചന്ദ്രോപരിതലത്തില്‍ ചുറ്റിത്തിരിയുന്ന പ്രഗ്യാന്‍ റോവറിന്റെ ചിത്രം പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ. സുരക്ഷിതമായ സഞ്ചാരപാത കണ്ടെത്തുന്നതിന്റെ ഭാഗമായാണ് റോവര്‍ വൃത്താകൃതിയിൽ കറങ്ങുന്നതെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ലാന്‍ഡര്‍ ഇമേജര്‍ ക്യാമറ എടുത്ത ചിത്രമാണ് ഇസ്രോ പുറത്തുവിട്ടിരിക്കുന്നത്. ഇനി ആറുദിവസങ്ങള്‍ കൂടി റോവർ ചന്ദ്രോപരിതലത്തില്‍ പരീക്ഷണങ്ങള്‍ നടത്തും.
അമ്മ വാത്സല്യത്തോടെ നോക്കിനില്‍ക്കുമ്പോൾ, കുട്ടി അമ്പിളിയമ്മാവന്‍റെ മുറ്റത്ത് കളിച്ചുല്ലസിക്കുന്നതുപോലെ തോന്നുന്നുവെന്നാണ് റോവറിന്റെ കറക്കത്തെ ഐ.എസ്.ആര്‍.ഒ. വിശേഷിപ്പിച്ചത്. ചന്ദ്രോപരിതലത്തിലെ യാത്രാവഴിയില്‍ കുഴി കണ്ടെത്തിയതോടെ റോവറിന്റെ സഞ്ചാരപാതയില്‍ നേരത്തെ മാറ്റം വരുത്തിയിരുന്നു.ഇതിനിടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം വീണ്ടും ഉറപ്പിക്കുന്ന നിരീക്ഷണങ്ങളും ഇസ്രോ പുറത്തുവിട്ടു. റോവറിലുള്ള ആല്‍ഫാ പാര്‍ട്ടിക്കിൾ എക്‌സ്‌റേ സ്‌പെക്ട്രോസ്‌കോപ്പ് (എ.പി.എക്‌സ്.എസ്.) എന്ന സംവിധാനം ഉപയോഗിച്ചാണ് പ്രഗ്യാന്‍ ദക്ഷിണധ്രുവത്തിലെ സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. എന്നാല്‍ സള്‍ഫറിന്റെ ഉറവിടത്തെ കുറിച്ച് വ്യക്തതയില്ല.ആന്തരികമായ ഉറവിടമാണോ അതോ അഗ്നിപര്‍വതം സ്ഫോടനം, ഉല്‍ക്കാശില എന്നിവ വഴിയാണോ സൾഫർ ചന്ദ്രോപരിതലത്തിൽ എത്തിയതെന്ന കാര്യത്തിൽ വ്യക്തതയുണ്ടാവാൻ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തണം.