beverages-booking-app-bevco

ലാഭക്കച്ചവടം ഏത്: മദ്യ വില്‍പ്പനയോ, രജനി പടമോ, ചന്ദ്രയാനോ

ചന്ദ്രദൗത്യത്തിനായി ISRO ചെലവാക്കിയത് 600 കോടി. സൂപ്പര്‍ താരം രജനികാന്തിന്റെ പുത്തന്‍ ചിത്രം ‘ജയിലര്‍’ന്റെ കളക്ഷന്‍ 650 കോടി. ഓണനാളില്‍ മലയാളി കുടിച്ച് തീര്‍ത്തത് 750 കോടിയുടെ മദ്യം. ഇനി, നിങ്ങള്‍ പറയൂ. ഏതാണ് ലാഭക്കച്ചവടം. ചന്ദ്രയാനിലേക്ക് പര്യവേഷണം നടത്തുന്നതാണോ. അതോ രജ്‌നികാന്തിനെ വെച്ച് സിനിമ എടുക്കുന്നതാണോ. അതോ കേരളത്തില്‍ മദ്യക്കച്ചവടം നടത്തുന്നതോ. മലയാളിയെ തോല്‍പ്പിക്കാനാവില്ല. ഒന്നിനും കഴിഞ്ഞില്ലെങ്കില്‍ കുടിച്ചെങ്കിലും തോല്‍പ്പിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ്. ഓണനാളുകളില്‍ മലയാളി കുടിച്ച് തീര്‍ത്തത് 750 കോടിയുടെ മദ്യമാണെന്ന് പറയുമ്പോള്‍ അഭിമാനമാണോ അതോ അപമാനമാണോ തോന്നുന്നത്.

എന്തു തോന്നിയാലും സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകളില്‍ നടന്നത് റെക്കോഡ് മദ്യവില്പനയാണ്. 600 കോടി മുടക്കി പര്യവേഷണത്തിന് ഇന്ത്യ അയച്ച റോവര്‍ ഇനി 14 ദിവസം സ്ലീപ്പിംഗ് മോഡിലായിരിക്കും. എന്നാല്‍, കേരളത്തിലെ കുടിയന്‍മാര്‍ അടിച്ചു ഫിറ്റായി സ്ലീപ്പിംഗ് മോഡിലായാലും ഫിറ്റിറങ്ങുമ്പോള്‍ വീണ്ടും ബിവറേജസിനു മുമ്പില്‍ എത്തും. അതുകൊണ്ടു തന്നെ ചന്ദ്രയാന്‍ പര്യവേഷണത്തെക്കാള്‍ ലാഭകരമായ കച്ചവടം കേരളത്തിലെ മദ്യക്കച്ചവടം തന്നെയാണെന്ന് പറയാം. കഴിഞ്ഞ ഉത്രാട ദിനത്തില്‍ മാത്രം കേരളത്തില്‍ 85 കോടിയുടെ വിറ്റുവരവാണുണ്ടായത്. കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരത്താണ്. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനടുത്തുള്ള പവര്‍ ഹൗസ് റോഡിലെ ഔട്ട്ലെറ്റില്‍ നിന്ന് ഉത്രാട ദിനം വിറ്റുപോയത് 1,04,00,000 രൂപയുടെ മദ്യമാണ്. ആദ്യമായാണ് ഒരു ഔട്ട്ലെറ്റില്‍ നിന്ന് ഒരു കോടിയിലധികം രൂപയുടെ മദ്യം വില്‍ക്കുന്നത്.

സമീപകാലത്തെ ഏറ്റവും വലിയ വില്പനയാണിത്. ഇരിങ്ങാലക്കുട ഔട്ലെറ്റില്‍ 96 ലക്ഷത്തിന്റെ മദ്യവും വിറ്റിട്ടുണ്ട്. കണ്‍സ്യൂമര്‍ഫെഡില്‍ ഏറ്റവും കൂടുതല്‍ വില്പന നടന്നത് കുന്നംകുളത്തെ ഔട്ട്ലെറ്റിലാണ്. 58 ലക്ഷം രൂപയുടെ വില്‍പ്പനയുമായി ഞാറക്കലിലെ ഷോപ്പും 56 ലക്ഷം രൂപയുടെ വില്‍പ്പനയായി കോഴിക്കോട്ടെ ഷോപ്പും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഓണത്തിനോടുബന്ധിച്ച് പത്ത് ദിവസങ്ങളില്‍ മദ്യവില്‍പ്പനയിലുണ്ടായത് റെക്കോര്‍ഡ് നേട്ടമാണ്. 70 ശതമാനം വില്‍പ്പന നടന്നത് ബെവ്‌കോ ഔട്ട്‌ലെറ്റുകളിലാണ്. 30 ശതമാനം വില്‍പ്പന ബാറുകളിലാണ് നടന്നത്. 260 ഔട്ലെറ്റുകള്‍ വഴിയായിരുന്നു ഇത്തവണത്തെ വില്പന.പ്രാദേശിക നിയന്ത്രണങ്ങളുള്ളതിനാല്‍ അഞ്ചു ഔട്ട് ലെറ്റുകള്‍ തുറന്നിരുന്നില്ല. ഏറ്റവും കൂടുതല്‍ വിറ്റുപോയത് ബ്രാന്‍ഡിയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നടന്ന ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്‍ 10 ലക്ഷം രൂപയ്ക്കടുത്താണ് വരുമാനം.

തിരക്ക് കുറയ്ക്കാന്‍ 181 അധിക കൗണ്ടറുകള്‍ ബെവ്കോ തുറന്നിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായെത്തുന്നവര്‍ക്ക് മാത്രമായിരുന്നു മദ്യം നല്‍കിയിരുന്നത്. നിയന്ത്രണങ്ങള്‍ കച്ചവടത്തെ ബാധിക്കാതിരിക്കാന്‍ കോര്‍പ്പറേഷന്‍ എടുത്ത മുന്‍കരുതലുകളാണ് കച്ചവടം കൂട്ടിയതെന്ന് ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത പറയുന്നു. ഇനി നിങ്ങള്‍ പറയൂ ഏത് കച്ചവടമാണ് ലാഭകരം

അതേസമയം, സൂപ്പര്‍ താരം രജനികാന്തിന്റെ പുത്തന്‍ ചിത്രം ‘ജയിലര്‍’ന്റെ കളക്ഷന്‍ 650 കോടി കവിഞ്ഞതിന്റെ സന്തോഷത്തിലാണ് നിര്‍മ്മാതാവ് കലാനിധിമാരന്‍. 110 കോടിരൂപ പ്രതിഫലമായി രജനീകാന്തിന് നല്‍കിയിരുന്നു. ഇതു കൂടാതെ ലഭാവിഹിതവും നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാഭവിഹിതമെന്നോണം നല്‍കിയ തുക എത്രയാണെന്ന് വെളിവായിട്ടില്ല. അതേസമയം, നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ സിനിമ ബോക്‌സോഫീസില്‍ വിജയത്തേരോട്ടം തുടരുകയാണ്. രജനീകാന്തിന്റെ സിനിമ എടുക്കുന്നതും ഒരു വിജയക്കച്ചവടമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇനി നിങ്ങള്‍ പറയൂ ഏത് കച്ചവടമാണ് ലാഭകരം.

എന്നാല്‍, ചാന്ദ്ര ദൗത്യത്തിനായി ചെലവായത് 600 കോടിരൂപയാണ്. ചില ബോളിവുഡ് സിനിമകളുടെ നിര്‍മാണത്തിന് ചിലവായതിന്റെ അത്രയും പോലും ചന്ദ്രയാന്‍ 3 ന് ചിലവായിട്ടില്ലെന്ന റിപ്പോര്‍ട്ട് ഇന്ത്യന്‍ ജനത അമ്പരപ്പോടെയാണ് കേട്ടത്. ഇന്ത്യയുടെ ചിലവു കുറഞ്ഞ സമീപനത്തിന്റെ ശക്തിയില്‍ ലോകം മുഴുവനും സ്തംഭിച്ചിരിക്കുമ്പോള്‍, അതിന്റെ അമ്പതിരട്ടിയോളം രൂപയാണ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. ഏകദേശം 31,000 കോടി രൂപയുടെ നേട്ടമാണ് ഓഹരിവിപണിയില്‍ ഇന്ത്യ നേടിയത്. ആഴ്ചയിലെ ആദ്യ നാല് വ്യാപാര ദിനങ്ങളില്‍, 13 ബഹിരാകാശ സംബന്ധിയായ സ്റ്റോക്കുകളുടെ ഒരു ഗ്രൂപ്പിന്റെ സംയുക്ത വിപണി മൂലധനം 30,700 കോടി രൂപയായി ഉയര്‍ന്നു. ചന്ദ്രയാന്‍ 3 ലാന്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ച ആഴ്ചയില്‍ സ്‌പേസുമായി ബന്ധപ്പെട്ട ഓഹരികളിലെല്ലാം വലിയ പണമൊഴുക്കാണ് അനുഭവപ്പെട്ടത്. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തെ അത്രമാത്രം വിശ്വസിച്ച നിക്ഷേപകരായിരുന്നു ഇത്രയും പണം മുടക്കി ഓഹരികള്‍ വാങ്ങാന്‍ തയ്യാറായത്.

ആഴ്ചയിലെ ആദ്യ നാല് ദിവസങ്ങളില്‍ മാത്രം വിപണിമൂല്യത്തില്‍ 30,700 കോടി രൂപയുടെ കുതിപ്പ് രേഖപ്പെടുത്തി. ചന്ദ്രയാന്‍-3 നായി ഐഎസ്ആര്‍ഒയ്ക്ക് നിര്‍ണ്ണായക മൊഡ്യൂളുകളും സിസ്റ്റങ്ങളും നല്‍കിയ, അധികം അറിയപ്പെടാത്ത സ്‌മോള്‍ക്യാപ് കമ്പനിയായ സെന്റം ഇലക്ട്രോണിക്‌സിന്റെ ഓഹരികള്‍ ആഴ്ചയില്‍ 26% കുതിപ്പ് രേഖപ്പടുത്തി. അവന്റല്‍, ലിന്‍ഡെ ഇന്ത്യ, പാരസ് ഡിഫന്‍സ്, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ഓഹരികളും ഈ ആഴ്ച ശ്രദ്ധേയമായ ഇരട്ട അക്ക നേട്ടം കൈവരിച്ചു. ദൗത്യത്തില്‍ പങ്കാളികളായ ഇന്ത്യന്‍ കമ്പനികളുടെ നിര വളരെ വലുതാണ്. ബഹിരാകാശ വിപണിയില്‍ വലിയ അവസരമാണ് ചന്ദ്രയാന്‍ ദൗത്യം കമ്പനികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത്.

ഐഎസ്ആര്‍ഒയ്ക്ക് നിര്‍ണായക ഘടകങ്ങള്‍ നല്‍കിയ ഗോദ്റെജ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 8 ശതമാനത്തിലധികം ഉയര്‍ന്നു. ചന്ദ്രന്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയ ആദ്യ രാജ്യമായി ഇന്ത്യയെ മാറ്റുന്നതില്‍ പങ്കുവഹിച്ച കമ്പനികളുടെ പട്ടിക വളരെ വലുതാണ്. PTC ഇന്‍ഡസ്ട്രീസ് പമ്പ് ഇന്റര്‍‌സ്റ്റേജ് ഹൗസിംഗ് വിതരണം ചെയ്തു, വികാസ് എഞ്ചിനുകള്‍, ടര്‍ബോ പമ്പ്, ബൂസ്റ്റര്‍ പമ്പ് എന്നിവയുള്‍പ്പെടെയുള്ള ക്രയോജനിക് എഞ്ചിന്‍ സബ്‌സിസ്റ്റം പോലുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതില്‍ MTAR തങ്ങളുടെ പങ്ക് വഹിച്ചു. പാരസ് ചന്ദ്രയാന്‍-3 നാവിഗേഷന്‍ സംവിധാനം നല്‍കിയപ്പോള്‍ PSU BHEL ടൈറ്റാനിയം ടാങ്കുകളും ബാറ്ററികളും വിതരണം ചെയ്തു.

ചാന്ദ്രദൗത്യത്തിന് പിന്നാലെ ഇന്ത്യ പ്രഖ്യാപിച്ച സൗരദൗത്യമായ ആദിത്യ എല്‍ 1 കൂടെ ലക്ഷ്യസ്ഥാനം കണ്ടതോടെ ഓഹരിവിപണിയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഗഗന്‍യാനും മംഗള്‍യാന്‍ രണ്ടുമൊക്കെ ഇന്ത്യയുടെ വരാനിരിക്കുന്ന ദൗത്യങ്ങളാണ്. ആഗോളവിപണിയില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ത്യയുടെ വിഹിതം. ബഹിരാകാശ കമ്പനികള്‍ക്ക് അപ്രാപ്യമായിരുന്ന സ്‌പേസ് വിപണി 2023ലാണ് സൗകാര്യ കമ്പനികള്‍ക്ക് ഇന്ത്യ തുറന്നു നല്‍കുന്നത്. അഞ്ച് പിഎസ്എല്‍വി റോക്കറ്റുകള്‍ നിര്‍മ്മിക്കാനുള്ള കരാറടക്കം തുടര്‍ന്ന് സ്വകാര്യ കമ്പനികള്‍ക്ക് ലഭിച്ചിരുന്നു.

ഇനി നിങ്ങള്‍ പറയൂ, ഏത് കച്ചവടമാണ് ലാഭകരം.

Leave a Reply

Your email address will not be published.

coins-money-treasury-kerala-scam Previous post ഹെലിക്കോപ്ടറും, സ്വിമ്മിംഗ് പൂളും സദ്യയുമൊക്കെയായി മുഖ്യന്റെ സുഖവാസം: നിത്യച്ചെലവിന് പണമില്ല; പിച്ചചട്ടിയെടുത്ത് കേരളം
g20-conference-gurpathindh-singh Next post ജി20 ഉച്ചകോടി: തടയാന്‍ ഖാലിസ്ഥാനി നേതാവിന്റെ ആഹ്വാനം