
കാൻസർ മരണനിരക്കിൽ സ്ത്രീകൾ മുന്നിൽ; പുരുഷന്മാരിൽ കുറഞ്ഞതായി പഠനം
ഇന്ത്യയിൽ കാൻസർ മൂലം മരിക്കുന്ന പുരുഷന്മാരുടെ എണ്ണം 0.19 ശതമാനമായി കുറഞ്ഞപ്പോൾ, സ്ത്രീകളുടെ എണ്ണം 0.25 ശതമാനമായി ഉയർന്നുവെന്ന് പഠനം. 2000 നും 2019 നും ഇടയിൽ 12.85 ദശലക്ഷം ഇന്ത്യക്കാരുടെ ജീവനെടുത്ത 23 പ്രധാന അർബുദങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ് ശ്രദ്ധേയമായ കണ്ടെത്തലുകൾ.
അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയിൽ അഫിലിയേറ്റ് ചെയ്ത ജേണലായ ജെസിഒ ഗ്ലോബൽ ഓങ്കോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഡബ്ല്യുഎച്ച്ഒയുടെ ഒരു വിഭാഗമായ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറിൽ നിന്നുള്ള ഡോ. കാതറിൻ സൗവാഗെറ്റുമായി സഹകരിച്ച് കൊച്ചി അമൃത ഹോസ്പിറ്റലിലെ അജിൽ ഷാജി, ഡോ. പവിത്രൻ കെ, ഡോ. വിജയകുമാർ ഡി.കെ എന്നിവരാണ് പഠനം നടത്തിയത്.
2000 നും 2019 നും ഇടയിൽ ശ്വാസകോശം, സ്തനങ്ങൾ, കൊളോറെക്ടം, ലിംഫോമ, മൾട്ടിപ്പിൾ മൈലോമ, പിത്തസഞ്ചി, പാൻക്രിയാസ്, കിഡ്നി, മെസോതെലിയോമ എന്നിവയെ ബാധിക്കുന്ന അർബുദങ്ങളിൽ മരണനിരക്ക് വർധിക്കുന്നതായി കണ്ടെത്തി. പാൻക്രിയാറ്റിക് കാൻസർ മൂലമാണ് രണ്ട് ലിംഗക്കാർക്കിടയിലും കൂടുതൽ മരങ്ങൾ സംഭവിച്ചിട്ടുള്ളത് (പുരുഷന്മാരിൽ 2.1 ശതമാനവും സ്ത്രീകളിൽ 3.7 ശതമനാവും). ആമാശയം, അന്നനാളം, രക്താർബുദം, ലാറിൻക്സ്, മെലനോമ എന്നീ കാൻസറുകൾ മൂലമുള്ള മരണനിരക്ക് കുറയുന്ന പ്രവണതയാണ് കാണിച്ചത്.
തൈറോയ്ഡ് (0.6), പിത്തസഞ്ചി (0.6) അർബുദങ്ങൾ ഒഴികെയുള്ള എല്ലാ സാധാരണ അർബുദങ്ങൾക്കും സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് കാൻസർ മരണനിരക്ക് കൂടുതലെന്ന് പഠനം കണ്ടെത്തി. സ്ത്രീകളേക്കാൾ പുരുഷന്മാരിൽ ലാറിൻക്സ് കാൻസർ മൂലമുള്ള മരണനിരക്ക് ഏകദേശം 6 മടങ്ങ് ഉയർന്നതാണ്. ശ്വാസകോശം (2.9), മെലനോമ (2.5), മൂത്രാശയം (2.3), വായ, ഓറോഫറിൻക്സ് (2.2), കരൾ (1.9). ആമാശയത്തിലെയും വൻകുടലിലെയും കാൻസർ മരണനിരക്ക് രണ്ട് ലിംഗക്കാർക്കിടയിലും താരതമ്യേന സമാനമാണെന്ന് പഠനം പറയുന്നു.
ഗ്ലോബൽ ഹെൽത്ത് ഒബ്സർവേറ്ററി (GHO) ഡാറ്റാബേസിന്റെ അടിസ്ഥാനത്തിൽ 2000-നും 2019-നും ഇടയിൽ 23 പ്രധാന അർബുദ മരങ്ങളെക്കുറിച്ചാണ് വിശകലനം ചെയ്തത്. ദേശീയ കാൻസർ രജിസ്‌ട്രിയോ കാൻസർ മരണനിരക്ക് ഡാറ്റയോ ഇല്ലാത്ത സാഹചര്യത്തിൽ കാൻസർ സംബന്ധിച്ച അവബോധന പരിപാടികൾക്കും കൃത്യവും കാര്യക്ഷമവുമായ ആരോഗ്യ പരിപാലന അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനും ഈ പഠനം സഹായിച്ചേക്കാമെന്ന് അമൃത ആശുപത്രിയിലെ കാൻസർ രജിസ്‌ട്രി മേധാവി അജിൽ ഷാജി പറഞ്ഞു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയിൽ കാൻസറുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണത്തിൽ വന്ന മാറ്റത്തെക്കുറിച്ച് അന്വേഷിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. ഇന്ത്യയിലെ പുരുഷന്മാർക്കിടയിലെ കാൻസർ മരണനിരക്കിൽ കുറവ് കാണിക്കുന്നതായി പഠനത്തിൽനിന്നും മനസിലാക്കിയതായി അമൃത ഹോസ്പിറ്റലിലെ ബ്രെസ്റ്റ് ആൻഡ് ഗൈനക് ഓങ്കോളജി വിഭാഗം മേധാവി ഡോ.ഡി.കെ.വിജയ്കുമാർ അഭിപ്രായപ്പെട്ടു.
ആഗോളതലത്തിൽ, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുശേഷം ഏറ്റവും മാരകമായ രണ്ടാമത്തെ സാംക്രമികേതര രോഗമാണ് കാൻസർ. 2020-ൽ ഏകദേശം 9.9 ദശലക്ഷം മരണങ്ങൾ സംഭവിച്ചു. മൊത്തം കാൻസർ മരണങ്ങളിൽ 9 ശതമാനവും ഇന്ത്യൻ ജനസംഖ്യയിലാണെന്നും ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു. 2000 നും 2019 നും ഇടയിൽ 23 പ്രധാന അർബുദങ്ങളെ തുടർന്ന് 12.85 ദശലക്ഷം മരണങ്ങൾ ഇന്ത്യയിൽ സംഭവിച്ചു.