
KSRTC MD ബിജു പ്രഭാകറിനെ പൊങ്കാലയിട്ട് ജീവനക്കാര്‍
ഡീസല്‍ മോഷ്ടിച്ചവരെന്ന് കൂറ്റപ്പെടുത്തിയതിന് ഭരണിപ്പാട്ടും, പൊങ്കാലയും പിന്നെ, ശാപവാക്കുകളും ചൊരിഞ്ഞ് തൊഴിലാളികള്‍
സ്വന്തം ലേഖകന്‍
KSRTCയിലെ ഡീസല്‍ മോഷ്ടാക്കളും, മറ്റുടായിപ്പുകളും ചെയ്യുന്ന ജീവനക്കാരാണ് തന്റെ ശത്രുക്കളെന്ന് പറഞ്ഞ് എം. ഡിബുപ്രഭാകറിനെ സോഷ്യല്‍ മീഡിയയില്‍ പൊങ്കലയിട്ട് ഭരണിപ്പാട്ടും പാടി തൊഴിലാളികള്‍. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അനുകൂല സംഘടന ബിജു പ്രഭാകറിന്റെ വീട്ടിലേക്ക് നടത്താനിരുന്ന സമരത്തെ തുടര്‍ന്ന് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ജീവനക്കാരെ കള്ളന്‍മാരാക്കിയത്. KSRTC ജീവനക്കാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെല്ലാം ബിജു പ്രഭാകറിന്റെ മോശം പരാമര്‍ശത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതു സംബന്ധിച്ച് KSRTC യിലെ അംഗീകൃത യൂണിയനുകള്‍ എന്തു നിലപാടെടുക്കുമെന്നതാണ് ജീവനക്കാരുടെ ചോദ്യം.

അഞ്ച് എപ്പിസോഡുകളിലായി തനിക്ക് പറയാനുള്ളതെല്ലാം KSRTCയുടെ സോഷ്യല്‍ മീഡിയയിലൂടെ പറയാന്‍ ഒരുങ്ങുകയാണ് ബിജു പ്രഭാകര്‍. ഇന്നു വൈകിട്ട് 6 മണി മുതല്‍ അത് സംപ്രേക്ഷണം ചെയ്തു തുടങ്ങും. ആരെയൊക്കെ എങ്ങനെയൊക്കെ വെട്ടുമെന്ന് പറയാനാകില്ല. ഒന്നുറപ്പാണ് വെട്ടു കിട്ടുകയാണെങ്കില്‍ അതെല്ലാം തൊഴിലാളികളുടെ നെഞ്ചത്തു തന്നെയായിരുന്നു.
ഒരു ജീവനക്കാരന്റെ സോഷ്യല്‍ മീഡിയയിലെ പൊങ്കാല ഇങ്ങനെയാണ്;
ഡീല്‍ മോഷ്ടിക്കുന്നവരെന്ന് പരസ്യമായി പറഞ്ഞ് ആക്ഷേപിച്ചത് അവരെയാണല്ലോ. ഇങ്ങനെയൊക്കെ പറയാന്‍ താങ്കള്‍ക്കു ലജ്ജയില്ലേ ,സര്‍. ഡീസല്‍ മോഷ്ടിക്കുന്ന ഡ്രൈവറുണ്ടെങ്കില്‍ അയാളെ KSRTCവിജിലന്‍സ് വിഭാഗത്തെകൊണ്ട് പിടിപ്പിക്കേണ്ടത് അങ്ങയുടെ ചുമതലയല്ലേ. ടിക്കറ്റിന്റെ പൈസ വെട്ടിക്കുന്നവരുണ്ടെങ്കില്‍ പരിശോധനാ വിഭാഗത്തിലെ ഉദ്യോഗസ്ഥരെക്കൊണ്ട് നടപടിയെടുപ്പിക്കേണ്ടതല്ലേ. ലോക്കല്‍ പര്‍ച്ചേസില്‍ അഴിമതിയുണ്ടങ്കില്‍ അതും തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ ഭരണതലത്തിലുണ്ടല്ലോ
അത്തരം സംവിധാനങ്ങള്‍ പരാജയപ്പെടുന്നുവെങ്കില്‍ അത് താങ്കളുടെ പിടിപ്പുകേടു തന്നെയാണ് , സര്‍ !

അതെല്ലാം മറച്ചുവെച്ച് , ജീവനക്കാര്‍ ഒന്നടങ്കം കള്ളന്മാരാണെന്നു ധ്വനിപ്പിക്കും വിധം മീഡിയാകളോട് പുലമ്പുന്നത് അല്പത്തമാണ് സാര്‍. KSRTC യില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കുവാനും അതിലെ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുവാനും കഴിയില്ലെങ്കില്‍ ബഹുമാനപ്പെട്ട CMD, അങ്ങ് സോഷ്യല്‍ മീഡിയയില്‍ വന്ന് കാര്യങ്ങള്‍ അവതരിപ്പിച്ച് മോശമാകുന്നതിനേക്കാള്‍ നല്ലത് രാജിവച്ചൊഴിയുന്നതാണ്. KSRTC ഓപ്പറേറ്റു ചെയ്യുന്ന റൂട്ടും ദൂരവും അനുദിനം വെട്ടിക്കുറച്ചു കൊണ്ടിരിക്കുമ്പോഴും പ്രതിമാസ വരുമാനം 220 കോടി ഖജനാവിലടയ്ക്കുന്നത് ജീവനക്കാര്‍ എല്ലുമുറിയെ പണിയെടുത്തിട്ടാണ്. അതിനാല്‍ അവര്‍ക്ക് കൃത്യമായി ശമ്പളം നല്‍കേണ്ടതും അങ്ങയുടെ ഉത്തരവാദിത്തം തന്നെയാണ് സര്‍. Swift എന്ന ജാരസന്തതിക്ക് ജന്മം നല്‍കിയതു തന്നെ KSRTC യുടെ ഉദകക്രിയ ലക്ഷ്യം വച്ചാണെന്ന് ആര്‍ക്കാണറിയാത്തത്.

ബഹുമാനപ്പെട്ട CMD,
അങ്ങയുടെ സമയം ഇപ്പോള്‍ ഏറെനല്ലതാണ്.! അതിനാല്‍ എന്തു ഭോഷത്തം കാട്ടിയാലും പറഞ്ഞാലും അങ്ങയെ ചുമതലയേല്‍പ്പിച്ചവര്‍ ഇതിലൊക്കെ ആനന്ദം കണ്ടെത്തിയെന്നിരിക്കും.! പക്ഷേ, അതൊക്കെ താല്ക്കാലികം മാത്രമാണെന്ന് അങ്ങ് മറക്കാതിരിക്കുക. ഞങ്ങള്‍ ജീവനക്കാരും പെന്‍ഷന്‍കാരുമടങ്ങുന്ന 65000 കുടുംബങ്ങള്‍ പട്ടിണിയിലാണെന്ന് അങ്ങ് മറക്കേണ്ടതില്ല. വിശക്കുന്നവന്റെ ശാപത്തിന് അണുബോംബിനേക്കാള്‍ ശക്തിയുണ്ട് സഹോദരാ?? ഞങ്ങളുടെ കണ്ണീരിന്റെ വില കുറച്ചു വൈകിയാലും അങ്ങയുടെ തലമുറകളേപ്പോലും വെറുതേ വിടുമെന്ന് കരുതണ്ടേതില്ല.
ഓര്‍മ്മയിരിക്കട്ടെ!
കാത്തിരിക്കുക.