
ദുബായ് ഫിറ്റ്നസ് ചലഞ്ച്; അടുത്ത മാസം 28 മുതൽ
ലോകശ്രദ്ധ നേടിയ ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഏഴാമത് എഡിഷൻ ഒക്ടോബർ 28-ന് ആരംഭിക്കും. ഒരു മാസം നീണ്ടുനിൽക്കുന്ന ചലഞ്ചിൽ ദുബായ് നിവാസികൾക്കൊപ്പം വിദേശികൾക്കും വിനോദ സഞ്ചാരികൾക്കും പങ്കെടുക്കാം. 30 ദിവസം 30 മിനിറ്റ് വ്യായാമത്തിനായി മാറ്റിവെക്കുകയെന്നതാണ് ചലഞ്ച്. ഫിറ്റ്നസ് ചലഞ്ചിലെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്നായ ദുബായ് റൈഡ് നവംബർ 12-ന് നടക്കും. നവംബർ 26-ന് നടക്കുന്ന ദുബായ് റണ്ണോട് കൂടിയാണ് ചലഞ്ചിന്‍റെ സമാപനം.താമസക്കാരുടെ ആരോഗ്യകരമായ ജീവിതത്തിൽ വ്യായാമത്തിന്‍റെ പ്രധാന്യം ഓർമിപ്പിക്കുന്നതിനായി ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ആശയത്തിൽനിന്നാണ് 2017-ൽ ഫിറ്റ്നസ് ചലഞ്ചിന്‍റെ തുടക്കം. കായിക രംഗത്തെ പ്രോത്സാഹിപ്പിക്കലും ശാരീരിക ക്ഷമത നിലനിർത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള സംരംഭങ്ങളെ പിന്തുണയ്ക്കലുമാണ് ചലഞ്ചിന്‍റെ പ്രധാന ലക്ഷ്യം.മുൻവർഷങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ഫിറ്റ്നസ് ചലഞ്ച് നേടിയത്. ആറാമത് എഡിഷനിൽ 22 ലക്ഷം പേർ ചലഞ്ചിന്‍റെ ഭാഗമായെന്നാണ് കണക്ക്. ശൈഖ് സായിദ് റോഡിൽനിന്ന് ആരംഭിക്കുന്ന സൈക്കിൾ റൈഡിൽ 35,000 പേർ പങ്കെടുത്തിരുന്നു. ദുബായ് റണ്ണിൽ 1,93,000 പേരും പങ്കാളികളായി.അടുത്ത ആഴ്ചയോടുകൂടി ചലഞ്ചിന്‍റെ കൂടുതൽ വിവരങ്ങളും രജിസ്ട്രേഷൻ നടപടികളും അതോറിറ്റി പുറത്തുവിടും.