
അസംതൃപ്തരായി ബി.ജെ.പി അംഗങ്ങള്‍: പുറത്തു പറയാന്‍ ഭയമെന്ന് പങ്കജ മുണ്ടെ
മഹാരാഷ്ട്രയില്‍ എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ പക്ഷം ബിജെപിയുടെ ഭഗമായതിന് പിന്നാലെയാണ് ബിജെപിയില്‍ അതൃപ്തിയുണ്ടെന്ന സൂചനകള്‍ പുറത്തുവരുന്നത്. ദീര്‍ഘകാലമായി എന്‍സിപിയോട് പോരാടിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരു പാര്‍ട്ടികളും തമ്മിലുണ്ടായ സഖ്യം ഉടനെ അംഗീകരിക്കാനാകില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ് ഫഡ്‌നാവിസും പ്രതികരിച്ചു. ബിജെപി നേതൃത്വം പങ്കജ മുണ്ടെയുമായി സംസാരിക്കുമെന്നും, അവര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നാണ് കരുതുന്നതെന്നും ഫഡ്നാവിസ് അറിയിച്ചു.
ഇതിനിടെ താന്‍ സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയെന്ന് വ്യാജവാര്‍ത്ത നല്‍കിയ ചാനലിനെതിരെ അപകീര്‍ത്തിക്കേസ് നല്‍കുമെന്ന് പങ്കജ മുണ്ടെ പറഞ്ഞു. ”ഞാന്‍ രണ്ട് തവണ രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കണ്ടുവെന്നും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയാണെന്നുമുള്ള റിപ്പോര്‍ട്ട് തീര്‍ത്തും തെറ്റാണ്. ഒരു പാര്‍ട്ടിയുടെയും ഒരു നേതാവുമായും അവരുടെ പാര്‍ട്ടിയിലേക്കുള്ള എന്റെ പ്രവേശനം സംബന്ധിച്ച് സംസാരിച്ചിട്ടില്ലെന്ന് ഞാന്‍ സത്യം ചെയ്യുന്നു. ഞാന്‍ ഉടന്‍ തന്നെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും.’ അവര്‍ പറഞ്ഞു.
‘ഞാന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെയും അടല്‍ ബിഹാരി വാജ്പേയി ജിയുടെയും ആശയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. പല രാഷ്ട്രീയ പാര്‍ട്ടികളും എന്നെ ക്ഷണിച്ചിട്ടുണ്ട്. ഞാന്‍ അതിനോടൊന്നും പ്രതികരിച്ചിട്ടില്ല. ഞാന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന ഊഹാപോഹങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കോടതിയില്‍ മറുപടി പറയേണ്ടിവരും. കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ ബിജെപിക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്”- പങ്കജ വിശദമാക്കി.
മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ അടുത്ത കാലത്തുണ്ടായ സംഭവങ്ങളെ മുന്‍നിര്‍ത്തി ഈ ദിവസങ്ങളില്‍ ‘പുതിയ പരീക്ഷണങ്ങള്‍’ നടക്കുന്നുണ്ടെന്നും പങ്കജ മുണ്ടെ പറഞ്ഞു. ‘105 ബിജെപി എംഎല്‍എമാരില്‍ പലരും അതൃപ്തരാണ്. പക്ഷേ ഭയം മൂലം അവര്‍ക്ക് പുറത്തുപറയാന്‍ കഴിയുന്നില്ല. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ താന്‍ എല്ലായ്പ്പോഴും അംഗീകരിച്ചിരുന്നു. ആരെയും പുറകില്‍ നിന്ന് കുത്തിയിട്ടില്ല.’പങ്കജ മുണ്ടെ പറഞ്ഞു.
‘2019ല്‍ തോറ്റപ്പോള്‍ മുതല്‍, ഓരോ തവണയും എംഎല്‍സി തെരഞ്ഞെടുപ്പോ രാജ്യസഭാ തെരഞ്ഞെടുപ്പോ ഉണ്ടാകുമ്പോള്‍, ഞാന്‍ അസന്തുഷ്ടയാണെന്ന് റിപ്പോര്‍ട്ടുകള്‍ വരാറുണ്ട്. എം.എല്‍.സി തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ സമര്‍പ്പിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് കൊടുക്കരുതെന്ന് എന്നോട് പറഞ്ഞെങ്കിലും പാര്‍ട്ടിയുടെ തീരുമാനം പൂര്‍ണഹൃദയത്തോടെയാണ് ഞാന്‍ സ്വീകരിച്ചത്.’
‘ഞാന്‍ ഒരിക്കലും ആര്‍ക്കെതിരെയും വ്യക്തിപരമായ ആക്രമണം നടത്തുകയോ ആരുടെയും പുറകില്‍ നിന്ന് കുത്തുകയോ ചെയ്തിട്ടില്ല. ആശയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ഒരിക്കലും മടിക്കില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നു. രണ്ട് മാസത്തെ അവധിയെടുക്കുകയാണെന്നും,ആത്മപരിശോധന നടത്തുമെന്നും പങ്കജ വിശദീകരിച്ചു.