
ദേശീയ നേതൃത്വത്തിന് നന്ദി, കേരളത്തിൽ ഒന്നിലധികം സീറ്റുകളിൽ ബിജെപി ജയിക്കും: അനിൽ ആന്റണി
ദേശീയ നേതൃത്വത്തിന് നന്ദി അറിയിച്ച് ബിജെപി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അനിൽ ആൻ്റണി. ദേശീയ നേതൃത്വത്തിന് നന്ദി പറയുന്നു. സ്ഥാനലബ്ധി പ്രതീക്ഷിച്ചല്ല ബിജെപിയിൽ എത്തിയതെന്നും അനിൽ ആൻ്റണി പറഞ്ഞു. ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അനിൽ ആന്റണി. കേരളത്തിൽ വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ഒന്നിലധികം സീറ്റ് നേടും. യുവാക്കൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കും. 2024 ൽ ബിജെപി തന്നെ അധികാരത്തിൽ എത്തും. പ്രതിപക്ഷ ഐക്യത്തിന് ഒരു ലക്ഷ്യം ഇല്ലെന്നും മോദി വിരോധം മാത്രമാണെന്നും അനിൽ ആന്റണി പറഞ്ഞു.
ജെ പി നദ്ദയാണ് ബിജെപിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ദേശീയ ഉപാധ്യക്ഷനായി അബ്ദുള്ളകുട്ടി തുടരും. ബി എൽ സന്തോഷ് സംഘടനാ ചുമതലയുള്ള ജന സെക്രട്ടറി സ്ഥാനത്തും മലയാളിയായ അരവിന്ദ് മേനാേൻ ദേശീയ സെക്രട്ടറിയായും തുടരും. നേരത്തെ ബിജെപിയില്‍ സജീവമാകുന്നതിന് മുന്നോടിയായി അനില്‍ ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനില്‍ ആന്റണി ബിജെപിയിലെത്തിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തില്‍ അനില്‍ ആന്റണി മുൻനിരയിൽ ഇടം പിടിച്ചിരുന്നു. അനില്‍ ആന്റണിയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം പാര്‍ട്ടിക്കും എ കെ ആന്റണിക്ക് നാണക്കേടുണ്ടാക്കി എന്നതില്‍ സംശയമില്ലെങ്കിലും രാഷ്ട്രീയമായ നഷ്ടം ഉണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്. ആന്റണിയുടെ മകന് എന്നതിനപ്പുറം അനിലിന് പ്രത്യേകിച്ചൊരു സ്വാധീനവും പാര്‍ട്ടിയില്‍ ഇല്ല. അതിനാല്‍ തന്നെ മറ്റുനേതാക്കളോ പ്രവര്‍ത്തകരോ മറുകണ്ടം ചാടില്ലെന്നും അനിലിന്റെ രാഷ്ട്രീയ ചുവടുമാറ്റം വ്യക്തിപരമായ ലാഭത്തിന് വേണ്ടിയാണെന്നും ആന്റണിയുടെ വൈകാരികമായ പ്രതികരണം കാര്യങ്ങള്‍ അനുകൂലമാക്കിയെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
