biju-prabhakar.ksrtc-bus-contrivercy-crime-face-book-live

KSRTC MD ബിജു പ്രഭാകറിന് കോണ്‍ഗ്രസ്സ് മുഖം, വഴി പുറത്തേക്ക് (എക്സ്‌ക്ലൂസീവ്)

ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പ്, UDF ടിക്കറ്റില്‍ മത്സരിച്ച് ഗതാഗതമന്ത്രിയാകാന്‍ കളമൊരുക്കിത്തുടങ്ങി

എ.എസ്. അജയ്‌ദേവ്

കെ.എസ്.ആര്‍.ടി.സിയെയും തൊഴിലാളികളെയും രണ്ടുതട്ടിലാക്കി ഭരിച്ച എം.ഡി. ബിജു പ്രഭാകറിന്റെ നാളുകള്‍ക്ക് ഇനി അധിക ദൂരമുണ്ടാകില്ല. എണ്ണപ്പെട്ട ദിവസങ്ങളില്‍ പറയാനുള്ളതെല്ലാം പറഞ്ഞ്, എല്ലാവിധ വെറുപ്പുകളും ഏറ്റുവാങ്ങി സ്വയം സ്ഥാനഭ്രഷ്ടനാകാനുള്ള കരുനീക്കങ്ങളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തൊഴിലാളി വിരുദ്ധ ലൈവ്, അഞ്ചാം എപ്പിസോഡ് പൂര്‍ത്തിയാക്കുന്നതോടെ ബിജു പ്രഭാകറിന്റെ റോള്‍ വ്യക്തമാകും. ഇത്രയും കാലം എം.ഡി. കസേരയില്‍ കടിച്ചു തൂങ്ങിയതിന്റെ കാരണം തിരിച്ചറിഞ്ഞ തൊഴിലാളികളും സര്‍ക്കാരിലെ കൂപ മണ്ടൂകങ്ങളും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടും.

അറിഞ്ഞതിനേക്കാള്‍ വലുതായിരുന്നോ, മടിയിലിരുന്നതെന്നും തിരിച്ചറിയും. അച്ഛന്‍ തച്ചടി പ്രഭാകരന്റെ വഴിയേയാണ് ബിജു പ്രഭാകറിന്റെയും നടത്തം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രഹസ്യമായി രാഷ്ട്രീയക്കുപ്പായം തുന്നുകയാണ് അദ്ദേഹം. അതും യു.ഡി.എഫ് ടിക്കറ്റില്‍. ഇതുകേട്ടാല്‍ ആദ്യമൊന്നു വിശ്വസിക്കാന്‍ ജനങ്ങള്‍ക്ക് പ്രയാസമായിരിക്കും. പക്ഷെ, സത്യം ഇതാണെന്ന് കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനയില്‍പ്പെട്ടവര്‍ക്ക് നന്നായറിയാം. പ്രത്യേകിച്ച് ഇടതനുകൂല സംഘടനയിലുള്ളവര്‍ക്ക്.

എന്നിട്ടും, അവര്‍ക്കിപ്പോഴും ഒരെത്തും പിടിയും കിട്ടാത്ത കാര്യമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കങ്ങള്‍. തോളിലിരുന്ന് ചെവി കടിച്ചിട്ടും മുഖ്യമന്ത്രിയോ ഇതുമുന്നണിയോ ബിജുപ്രഭാകറിനെ എം.ഡി പദത്തില്‍ നിന്നിറക്കി വിടാന്‍ തയ്യാറാകാതിരിക്കുന്നതിന്റെ രാഷ്ട്രീയമെന്തായിരിക്കും. കെ.എസ്.ആര്‍.ടി.സിയെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നും, ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ ശമ്പളബില്ല് ബോധപൂര്‍വ്വം വൈകിപ്പിക്കുന്നുവെന്നും, തൊഴിലാളികള്‍ അരികടത്തുകാരും-ഡിസല്‍ മോഷ്ടാക്കളും-സ്വന്തമായി കൊറിയര്‍ സര്‍വീസ് നടത്തുന്നവരുമൊക്കെയാണെന്ന് പരസ്യമായല്ലേ വിളിച്ചു പറയുന്നത്. ഇതെല്ലാം തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സര്‍ക്കാരിനെ ഉന്നംവെച്ചാണെന്ന് പറയുന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും. എം.ഡി.യുടെ രണ്ടു ഫേസ്ബുക്ക് ലൈവുകള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇന്നും നാളെയും മറ്റെന്നാളും ലൈവുകളുണ്ട്. കഴിഞ്ഞ രണ്ടു ഫേസ്ബുക്ക് ലൈവുകളിലും തൊഴിലാളികളെ കള്ളന്‍മാരും കടത്തുകാരും കൊള്ളക്കാരുമാക്കി ചിത്രീകരിച്ചിട്ടുണ്ട്.

ഇനി വരുന്ന ലൈവുകളില്‍ സര്‍ക്കാരിന്റെ പിടിപ്പുകേടുകളെ കുറിച്ചോ, മുന്‍കാല എം.ഡിമാരുടെ കഴിവു കേടുകളെ കുറിച്ചോ തട്ടിപ്പുകളെ കുറിച്ചോ ആയിരിക്കും പറയാന്‍ പോകുന്നതെന്ന് ഉറപ്പിച്ചിരിക്കുകയാണ് ജീവനക്കാര്‍. ഇതിനിടെയാണ് ബസുകളില്‍ പരസ്യം ചെയ്യുന്നതിന് 30,000 രൂപ കൈക്കൂലി വാങ്ങിയ ഒരു ഡെപ്യൂട്ടി ജനറല്‍ മാനേജറെ വിജിലന്‍സ് പൊക്കിയത്. 100 കോടിയുടെ തിരിമറി നടന്നുവെന്ന് മുന്‍പൊരിക്കല്‍ വെളിപ്പെടുത്തിയതും ബിജു പ്രഭാകറാണ്. എന്നിട്ട്, പിന്നീട് അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്നതും ഇദ്ദേഹം തന്നെയാണ്. ഒരു കാര്യം ഓര്‍മ്മിക്കാതെ വയ്യ, കേരളത്തിലെ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞ ഒരു പ്രസ്താവനയുണ്ട്. ആര്‍.എസ്.എസ്സിന്റെ വിടുപണിക്കാരനാണ് ടി,.പി.സെന്‍കുമാര്‍. അദ്ദേഹം ബി.ജെ.പി പാളയത്തിലേക്ക് പോകാനൊരുങ്ങുകയാണ്. അത് വഴിയേ മനസ്സിലായിക്കൊളളുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

പിന്നീട് കേരളം കണ്ടതും അറിഞ്ഞതും അതു തന്നെയായിരുന്നു. അങ്ങനെയൊരു പ്രസ്താവനയോ നീക്കമോ ബിജു പ്രഭാകറിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഉണ്ടാകുമോ എന്നാണ് KSRTCയിലെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്. എന്തായാലും കെ.എസ്.ആര്‍.ടിസിയെ ഒരു സ്വകാര്യ-സര്‍ക്കാര്‍ സംയുക്ത സംരംഭമെന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സിയെ മാറ്റിയെടുക്കുന്നതില്‍ ബിജുപ്രഭാകര്‍ ആത്മാര്‍ത്ഥമായി പണിയെടുത്തിട്ടുണ്ട്. ഒപ്പം, തൊഴിലാളികളെ അടിമകള്‍ എന്ന നിലയിലേക്ക് പരിണാമപ്പെടുത്താനും കഴിഞ്ഞു. നിലവില്‍ കെ.എസ്.ആര്‍.ടി.സി എന്നൊരു ഏക സംവിധാനമില്ല. സ്വിഫ്റ്റ്, ജെ.എന്‍.എന്‍.യു.ആര്‍.എം എന്നിവയും ഇതില്‍പ്പെടും. തൊഴിലാളികളെ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാന്‍ കഴിയും. കെ.എസ്.ആര്‍.ടിസിയെ ഏതു തരത്തില്‍ വേണമെങ്കിലും മാറ്റാനാകും.

അതായത്, കെ.എസ്.ആര്‍.ടി.സിയില്‍, (സ്വകാര്യ പങ്കാളിത്തം) (സര്‍ക്കാര്‍-സ്വകാര്യ സംയുക്ത സംരംഭം) (പൂര്‍ണ്ണമായും സ്വകാര്യ വത്ക്കരണം) (കെ.എസ്.ആര്‍.ടി.സി വാടകയ്ക്കെടുക്കുന്ന വാഹനങ്ങളും അതോടിക്കാന്‍ പുറത്തു നിന്നുള്ള ജീവനക്കാരുമെന്ന സംവിധാനം) (സ്ഥിരം ജീവനക്കാരെന്ന കടബാധ്യത പൂര്‍ണ്ണമായി ഒഴിവാക്കല്‍) എന്നുതുടങ്ങി മാനേജ്മെന്റിനും മാറിവരുന്ന സര്‍ക്കാരുകള്‍ക്കും അനുയോജ്യമായ രീതിയില്‍ കെ.എസ്.ആര്‍.ടി.സിയെയും തൊഴിലാളികളെയും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മാറ്റിയെടുത്തിട്ടുണ്ട്. ബിജുപ്രഭാകറിന്റെ നിരന്തര പരിശ്രമത്തിന്റെ വിജയമാണിത്. മുഖ്യമന്ത്രിയുടെ മൗനാനുവാദവും, യൂണിയനുകളുടെ അകമഴിഞ്ഞ സഹകരണവും ബിജു പ്രഭകറിന് ഇതിനു ലഭിച്ചിട്ടുണ്ടെന്ന് മറന്നുകൂടാ. എന്നാല്‍, ഇടതുമുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐ ബിജുപ്രഭാകറിനെ നോട്ടമിട്ടതോടെ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് മനസ്സിലായി. പാളയം സുരക്ഷിതമല്ലെന്ന തിരിച്ചറിവുണ്ടാവുകയും ചെയ്തു.

കെ.എസ്.ആര്‍.ടി.സിയെ ഈ വിധമാക്കിത്തന്നത് നല്ലകാര്യമാണെങ്കിലും രാഷ്ട്രീയമായി എതിര്‍ ചേരിയിലേക്ക് കണ്ണും നട്ടിരിക്കുന്ന ആളോട് ഒരു ദാക്ഷണ്യവും മുഖ്യമന്ത്രി കാട്ടില്ലെന്നെറുപ്പാണ്. ഇതു കൂടി കണക്കിലെടുത്താണ് ബിജു പ്രഭാകറിന്റെ കരുനീക്കം കൂടുതല്‍ ശക്തമായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഗതാഗതമന്ത്രി സ്ഥാനത്ത് എത്തുകയാണ് ലക്ഷ്യം. കെ.എസ്.ആര്‍.ടി.സി എം.ഡി ആയിരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് വകുപ്പിന്റെ മന്ത്രിയായിരിക്കുക എന്നതാണെന്ന ചിന്തയാണ് ഇതിനു കാരണം. അരവിന്ദ് കെജ്‌റിവാള്‍ ഐ.എ.എസ്സുകാരനായിരുന്നിട്ടും ഡെല്‍ഹി മുഖ്യമന്ത്രി ആയതിനെ കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിടുന്നവരും കുറവല്ല. കെ.എസ്.ആര്‍.ടി.സിയിലെ തന്നെയുള്ള വിശ്വസ്തരായ യൂണിയന്‍കാരോട് തന്റെ ഉള്ളിലെ പദ്ധതികളെ കുറിച്ച് നേരത്തെതന്നെ സംസാരിച്ചിരുന്നു എന്നാണ് സൂചന.

അതേസമയം, ബിജു പ്രഭാകറിനെ തല്‍സ്ഥാനത്തു നിന്നു തെറിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് നേരത്തെ തന്നെ KSRTCയിലെ ഇടതനുകൂല സംഘടനകള്‍ ഒരുക്കം തുടങ്ങിയിരുന്നു. ബിജു പ്രഭാകറിന്റെ രാഷ്ട്രീയ മാറ്റത്തിന്റെ ഒരുക്കവും, ഉള്ളിലിരിപ്പും കൃത്യമായി മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയായിരിക്കും കുരുക്കു മുറുക്കല്‍. തൊഴിലാളികളുടെ ആവശ്യങ്ങളോ ശമ്പളമോ പെന്‍ഷനോ കൃത്യമായി നല്‍കാതെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന എം.ഡിയുമായി ഇനിയൊരു ഒത്തു തീര്‍പ്പു വേണ്ടെന്ന നിലപാടിലേക്ക് സംഘടനകള്‍ എത്തിക്കഴിഞ്ഞു. സി.പി.ഐ കാലങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യം കൂടിയാണ് ബിജു പ്രഭാകറിന് ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണണെന്നത്. കോണ്‍ഗ്രസ് അനുകൂല സംഘടന ഒഴികെ മറ്റെല്ലാ സംഘടനകളും ബിജുവിനെതിരായിക്കഴിഞ്ഞു. ബിജുപ്രഭാകറിന്റെ വീടായ തിരുമലയിലെ തച്ചടി ഹൗസിലേക്ക് ഐ.എന്‍.ടി.യു.സി നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചു പോലും മാറ്റിവെച്ചിരുന്നു.

എന്നാല്‍, ഏതു സാഹചര്യത്തിലും കെ.എസ്.ആര്‍.ടി.സി തൊഴിലാളികളെ സംരക്ഷിക്കുമെന്നും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദന്‍ എത്ര വട്ടമാണ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇതിനൊന്നും വശംവദനാകാതെ മുഖ്യമന്ത്രി കെ.എസ്.ആര്‍.ടി.സി എം.ഡിയോടൊപ്പം അടിയുറച്ചു നിന്നതായിരുന്നു ഇതുവരെയുണ്ടായിരുന്ന പ്രധാന പ്രശ്നം. ബിജു പ്രഭാകറിന്റെ ഫേസ്ബുക്ക് ലൈവ് കഴിയുന്നതോടെ മുഖ്യമന്ത്രി എന്തു തീരുമാനം എടുക്കുമെന്നതാണ് ഇനി കണ്ടറിയേണ്ടത്.

Leave a Reply

Your email address will not be published.

one-civil-code-yachoori-cpm Previous post ഏകസിവിൽകോഡ് നടപ്പിലാക്കുന്നത് വർഗീയ ധ്രുവീകരണത്തിനായി; സിപിഎം സെമിനാർ ഉദ്ഘാടനം ചെയ്ത് യെച്ചൂരി
chess-sports-champion-ship Next post 52 മത് സംസ്ഥാനതല അണ്ടർ 19 ഓപ്പൺ/ ഗേൾസ് ചെസ്സ് ചാമ്പ്യൻഷിപ്പ് ഓപ്പൺ വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ ഗൗതം കൃഷ്ണ എച്ച് ചാമ്പ്യൻ ഗേൾസ് വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ തന്നെ അനുപം ശ്രീകുമാർ ചാമ്പ്യനായി