
ബിഹാറിൽ നിന്നും വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ചൈനയിൽ ഉപരിപഠനം; നേപ്പാൾ എം.പി അറസ്റ്റിൽ
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ചൈനയിൽ ഉന്നത വിദ്യാഭ്യാസത്തിന് ഉപയോഗിച്ച നേപ്പാൾ എം.പി അറസ്റ്റിൽ. നേപ്പാളി കോൺഗ്രസ് എം.പി സുനിൽ കുമാർ ശർമ്മ ബിഹാറിൽ നിന്ന് ഹയർ സെക്കൻഡറി അക്കാദമിക് ബിരുദം വാങ്ങി ചൈനയിൽ ഉപരിപഠനത്തിന് ഉപയോഗിച്ചുവെന്നാണ് ആരോപണം.
നേപ്പാൾ പൊലീസിൻറെ സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (സിഐബി) സംഘം കാഠ്മണ്ഡുവിൽ നിന്ന് നേപ്പാൾ ഭരണകക്ഷിയിലെ ജനപ്രതിനിധി സഭയിലെ അംഗമായ സുനിൽ ശർമ്മയെ അറസ്റ്റ് ചെയ്തതായി പൊലീസ് വക്താവ് കുബേർ കടയത്തിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. മൊറാംഗ്-3-ൽ നിന്ന് ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശർമ, നേപ്പാളി കോൺഗ്രസിലെ ശേഖർ കൊയ്രാളയുടെ അടുത്തയാളാണ്. സുനിലിൻറെ അറസ്റ്റ് ഭരണസഖ്യത്തിൽ അസ്വസ്ഥതക്ക് ഇടയാക്കിയിട്ടുണ്ട്. 100 കിലോ സ്വർണം കടത്തിയ സംഭവത്തിൽ ആഭ്യന്തര മന്ത്രി നാരായണ് കാജി ശ്രേഷ്ഠയും ധനമന്ത്രി പ്രകാശ് ശരൺ മഹത്തും രാജിവയ്ക്കണമെന് സുനിൽ ആവശ്യപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഏതാനും മെഡിക്കൽ കോളേജുകളുടെയും സ്വകാര്യ കോളേജുകളുടെയും ഉടമയായ ശർമ്മയുടെ അറസ്റ്റ്.