bheeman-raghu.1.2258863

നാണമില്ലാത്ത ഭീമന്‍ രഘു എന്ന അടിമ

  • രാഷ്ട്രീയ അടിമകളായി മാറുന്ന സിനിമാക്കാര്‍ സമൂഹത്തിനു മുമ്പില്‍ കോമാളികളായി മാറുന്നു

അടിമവംശ സ്ഥാപകന്‍ അലാവുദീന്‍ ഖില്‍ജിയെ കുറിച്ച് ചരിത്രം പഠിച്ചവര്‍ക്കെല്ലാം അറിയാം. എന്നാല്‍, അദ്ദേഹം അടിമകളാക്കിയവരെ കുറിച്ച് ആര്‍ക്കും ഒന്നുമറിയില്ല. അങ്ങനെയാണ് ചരിത്രം എഴുതപ്പെട്ടിട്ടുള്ളത്. എന്നാല്‍, കാലം മാറിയതോടെ അടിമയെ കുറിച്ചും ഉടമയെ കുറിച്ചും ഒരുപോലെ ചരിത്രം എഴുതേണ്ട ഘട്ടം വന്നിരിക്കുകയാണ്. ഭീമന്‍ രഘു എന്ന അടിമയും അയാളുടെ ഉടമയുടേയും കഥയാണ് മലയാളികള്‍ ചരിത്രത്തിലെ വലിയൊരു നാണക്കേടു പോലെ എഴുതുന്നത്. ഇവിടെ, ആധുനിക അടിമ വംശ സ്ഥാപകനാരെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലെങ്കിലും അടിമ ആരെന്ന് പറയേണ്ടതുണ്ട്. അത് ഭീമന്‍ രഘു തന്നെയാണ്. ഈ അടിമ ഉടമയ്ക്കു മുമ്പില്‍ വിനീത വിധേയത്വത്തോടെ നീണ്ടു നിവര്‍ന്ന് നില്‍ക്കും. എന്നാല്‍, മറ്റടിമകളെല്ലാം നില്‍ക്കുന്നവന് ചുറ്റും ഇഴയുകയും ഉരുളുകയും ചെയ്യുന്നതാണ് കാണാനാകുന്നത്. നില്‍ക്കുന്നവനും കിടക്കുന്നവരും തമ്മിലൊരു വ്യത്യാസമുണ്ട്. നില്‍ക്കുന്നവനെ എല്ലാവരും കാണും. എന്നാല്‍, കിടന്നിഴയുന്നവനെ ആരം കാണില്ല എന്നതാണ് വ്യത്യാസം. അതുകൊണ്ട് നില്‍ക്കുന്നവനെ കണ്ടവരെല്ലാവരും പുലഭ്യം പറഞ്ഞ് നിര്‍വൃതിയടയും.

അതാണ് കഴിഞ്ഞ ദിവസം കണ്ടത്. സംസ്ഥാന ഫിലിം അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിക്കാനെണീറ്റതു മുതല്‍ ഭീമന്‍ രഘു, അടിമയെപ്പോലെ എണീറ്റു നില്‍ക്കുന്നതാണ് ജനം കണ്ടത്. മുഖ്യമന്ത്രി പ്രസംഗിച്ച 15 മിനിട്ടും രഘുവും മഹാഭാരതത്തിലെ ഭീമനെപ്പോലെ ഗദയില്ലാതെ ഒറ്റ നിപ്പാണ്. ഇതു കണ്ടവരെല്ലാം നിന്ന നിപ്പില്‍ പാതാളത്തിലേക്ക് പോയാല്‍മതിയെന്നു പോലും ചിന്തിച്ചിട്ടുണ്ടാവാം. അത്രയ്ക്കും തൊലിക്കട്ടിയും, മാനക്കേടുമായിരുന്നു ആ വലിയ സദസ്സിനു മുമ്പില്‍ കണ്ടത്. സിനിമാക്കാരെയെല്ലാം നാണം കെടുത്തിയുള്ള അടിമയുടെ നില്‍പ്പിനു പിന്നാലെയാണ് അടുത്ത സിനിമാക്കാരന്‍ മാനം കപ്പലുകടത്തിയത്. സ്ത്രീ വിരുദ്ധ പരാമര്‍ശവും പെണ്‍പ്രതിമയെ കണ്ട് പ്രലോഭിപ്പിക്കപ്പെട്ട ആണത്തവുമെല്ലാം വിളമ്പി കുളമാക്കി. അലന്‍സിയര്‍ പറഞ്ഞതില്‍ ശരിയുണ്ടെന്നോ, ഭീമന്‍ രഘു ചെയ്തത് ന്യായമാണെന്നോ, ഒരാള്‍ക്കു പോലും അഭിപ്രായമുണ്ടാകില്ലെന്നതാണ് വസ്തുതയും സത്യവും.

രണ്ടു സിനിമാക്കാരും പൊതു സമൂഹത്തിന് വെറുപ്പുളവാക്കുന്ന രണ്ടു കാര്യങ്ങള്‍ ചെയ്തുവെന്നു മാത്രം. എന്തായിരുന്നു ഭീമന്‍ രഘുവിന്റെ ഉദ്ദേശം. ബി.ജെ.പി രാഷ്ട്രീയത്തില്‍ നിന്നും സി.പി.എം രാഷ്ട്രീയത്തിലേക്കുള്ള വരവില്‍ തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ദുരുദ്ദേശമുണ്ടെന്ന് വ്യക്തം. അതിന് മുഖ്യമന്ത്രിയുടെ ദാസനോ, അടിമയോ, ഭൃത്യനോ ഒക്കെ ആണെന്ന് വരുത്തി തീര്‍ക്കണം. മുഖ്യമന്ത്രിയെ സ്വകാര്യമായോ, അല്ലാതെയോ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നതും, സംസാരിക്കാന്‍ പറ്റിയിച്ചില്ലെന്നതും ഈയൊരു നില്‍പ്പ് വിധേയത്വം മനസ്സിലാക്കി തരുന്നുണ്ട്. പൊട്ടനെയും വട്ടനെയുമൊന്നും മുഖ്യമന്ത്രി പെട്ടെന്നൊന്നും അടുപ്പിക്കില്ല. അടുത്തു നില്‍ക്കേണ്ടവര്‍ ആരാണെന്നും, എന്താണ് അവര്‍ ചെയ്യേണ്ടതെന്നും വ്യക്തവും ശക്തവുമായി അറിയുന്ന വ്യക്തിയാണ് മുഖ്യമന്ത്രി. അത് മറന്നു പോയത് ഭീമന്‍ രഘുവാണ്. എന്നിട്ടും അവിവേകം കാണിക്കാന്‍ തോന്നിയ രഘുവിന്റെ മനസ്സിലെ എത്ര പുഛ്ഛിച്ചാലും മതിയാകില്ല. നാണമില്ലാത്തവന്റെ ആസനത്തില്‍ ആലുകുരുത്താലും അത് തണലാക്കുന്ന രഘുവിനെ സി.പി.എം ഇനി എന്തു ചെയ്യുമെന്നാണറിയേണ്ടത്. പാര്‍ട്ടിയില്‍ ഇപ്പോള്‍ അടിമകളായ് പരിണമിച്ചവരുടെ ഒപ്പം കൂട്ടിയാല്‍ ഒരു അടിമയെ കൂടി കിട്ടുമെന്നതിലുപരി പാര്‍ട്ടിക്കെന്തു ഗുണം.

പരിപാടികഴിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ബഹുമാന സൂചകമായാണ് താന്‍ എഴുന്നേറ്റ് നിന്നതെന്നും ഭീമന്‍ രഘു പറഞ്ഞതു കേട്ട് ഊറിച്ചിരിച്ചവരാണ് യഥാര്‍ഥ പ്രേക്ഷകര്‍. അച്ഛന്റെ സ്ഥാനമാണ് താന്‍ മുഖ്യമന്ത്രിക്ക് നല്‍കുന്നതെന്നും നടന്‍ പറയുന്നുണ്ട്. ‘മുഖ്യമന്ത്രി ഏത് പരിപാടിക്ക് വന്നാലും, ഞാന്‍ എവിടെ ആണോ ഇരിക്കുന്നത് അവിടെ തന്നെ എഴുന്നേറ്റ് നില്‍ക്കും. അദ്ദേഹത്തെ ഞാന്‍ ബഹുമാനിക്കുന്നത് കൊണ്ടാണത്. എന്റെ അച്ഛന്റെ കള്‍ച്ചറും ഞാന്‍ വളര്‍ന്നു വന്ന രീതിയുമായിട്ടെല്ലാം ചിലപ്പോഴൊക്കെ അദ്ദേഹത്തിന് താരതമ്യം തോന്നുമെന്നും ഭീമന്‍ രഘു പറയുന്നുണ്ട്. അച്ഛനെയും രാഷ്ട്രീയക്കാരനെയും തമ്മില്‍ തിരിച്ചറിയാത്ത ഭീമന്‍.

ഭീമന്‍ രഘുവിനെ കുറിച്ച്, എസ്.ഡി. കോളേജില്‍ കൂടെ പഠിച്ച ഒരു സഹപാഠിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

പ്രിയപ്പെട്ട രഘു…1970-71 മുതല്‍ താങ്കള്‍ SD കോളേജില്‍ എന്റെ സീനിയര്‍ ആയി പഠിച്ച വ്യക്തിയാണ്.. കോളേജിന്റെ weight lifting team ഓക്കെ ഒന്നിച്ചു ഉണ്ടായിരുന്നു. അന്ന് താങ്കളുടെ പിതാവ് ശ്രീ ദാമോദരന്‍ നായര്‍.. ആലപ്പുഴ മുനിസിപ്പല്‍ കമ്മിഷണര്‍ ആയിരുന്നു. അങ്ങനെ നല്ല കുടുംബ നിലവാരം ഉള്ള താങ്കള്‍ ഇങ്ങനെ അധ:പതിക്കരുത്… ഇറച്ചികട യുടെ മുന്നില്‍ ആരോ നില്‍ക്കുന്ന പോലെ. 70 വയസ്സ് ആയില്ലേ??.പ്രായത്തിന്റെ പക്വത കാണിക്കു മനുഷ്യാ.. ???? എന്നാണ്. ജൂലായ് 7നാണ് ഭീമന്‍ രഘു എ.കെ.ജി സെന്ററിലെത്തി പാര്‍ട്ടി മെമ്പര്‍ ആകുന്നത്. അതിനു ശേഷം എ.കെ.ജി സെന്റിനു മുമ്പില്‍ പാര്‍ട്ടി നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും സാക്ഷിയാക്കി ഒരു ഏകാംഗ ബാലെയും നടത്തിയാണ് സി.പി.എമ്മിനെ ഭീമന്‍ രഘു ആവാഹിച്ചത്. ആ ഒറ്റ പ്രകടനം കൊണ്ട് സി.പി.എമ്മിന്റെ നിലവാരത്തകര്‍ച്ച രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞിരുന്നു. പിന്നീട് പാര്‍ട്ടിയുടെ പോഷക സംഘടനകളുടെ പരിപാടിയില്‍ പോയി കോമാളിത്തരങ്ങള്‍ വിളമ്പിയതും സോഷ്യല്‍ മീഡിയയിലൊക്കെ വൈറലായി.

ബി.ജെ.പി ഒരു കോക്കസിന്റെ പിടിയാലാണെന്ന് മനസ്സിലാക്കിയാണ് താന്‍ സി.പി.എമ്മിലേക്കു വന്നതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അവിടെ നില്‍ക്കുമ്പോള്‍ ഇറങ്ങി ഓടാനാണ് തോന്നിയിരുന്നതെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍, സി.പി.എം ഒരു കോമാളിയുടെ പിടിയിലാണെന്നാണ് ഇതിനു മറുപടിയായി കേള്‍ക്കുന്നത്. ബി.ജെ.പിയില്‍ നിന്ന് ഇറങ്ങിയോടാന്‍ തോന്നിയിരുന്ന ഭീമന്‍ രഘുവിന് സി.പിഎമ്മിലെത്തിയപ്പോള്‍ ബാലെ നടത്താനും, കിടന്ന് വിരവുകയുമൊക്കെയാണ് ചെയ്യുന്നതെന്നുമാണ് ദോഷൈകദൃക്കുകള്‍ പറയുന്നത്. ഒരു കാര്യം പറയാതെ വയ്യ. സിനാക്കാരുടെ സംഘടനകള്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്. സിനിമ ഒരു പൊതു മാധ്യമമാണ്. അതിനെ രാഷ്ട്രീയ വത്ക്കരിക്കരുത്. സിനിമാക്കാര്‍ക്ക് രാഷ്ട്രീയം വേണ്ടെന്നു പറയുന്നില്ല, എന്നാല്‍, എല്ലാവര്‍ക്കുമായി സിനിമ ചെയ്യുമ്പോള്‍ അത്, രാഷ്ട്രീയമായി വേര്‍തിരിക്കപ്പെടുന്നുണ്ട്. രാഷ്ട്രീയത്തിന്റെ അമിത വത്ക്കരണം വലിയൊരു വ്യവസായത്തെ പിന്നോട്ടടിക്കുമെന്നുറപ്പാണ്. അതിന്റെ ദൃഷ്ടാന്തങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് സിനിമാ സംഘടനകള്‍ സിനിമാക്കാരുടെ രാഷ്ട്രീയ ഇടപെടലുകള്‍ നിയന്ത്രിക്കാന്‍ തയ്യാറാകുമെങ്കില്‍ ആ വ്യവസായം ദീര്‍ഘനാള്‍ നിലനില്‍ക്കും. അല്ലെങ്കില്‍ രാഷ്ട്രീയ അടിമകളായി മാറുന്ന സിനിമാക്കാര്‍ സമൂഹത്തിനു മുമ്പില്‍ അനുദിനം കോമാളികളായി മാറും.

Leave a Reply

Your email address will not be published.

bheeman raghu-film-awards-malayalam Previous post എഴുന്നേറ്റ് നിന്നത് മുഖ്യമന്ത്രിയോടുള്ള ബഹുമാനം കൊണ്ട്, അച്ഛനോടുള്ള സ്നേഹം തോന്നി; ഭീമൻ രഘു
pinarayi vijayan-politics-cpm Next post മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചോദ്യം: ‘അത് നിങ്ങള് കൊണ്ടുനടക്ക്’ എന്ന് മാധ്യമങ്ങളോട് മുഖ്യമന്ത്രി