
ബെഞ്ചമിൻ നെതന്യാഹുവിന് പേസ് മേക്കർ ഘടിപ്പിച്ചു; ഇസ്രായേൽ പ്രധാനമന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകൾ, പ്രതിഷേധം ശക്തം
നീതിന്യായ സംവിധാനത്തിന്റെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിൽ ഇസ്രായേൽ പാർലമെന്റിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി
ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകൾ ഉയരുന്നു. പ്രധാനമന്ത്രിയെ ആശുപത്രിയിൽ കൊണ്ടുപോയി പേസ്‌മേക്കർ ഘടിപ്പിച്ചു.
കഴിഞ്ഞയാഴ്ച ഘടിപ്പിച്ച ഹൃദയ നിരീക്ഷണ ഉപകരണം അപാകതകൾ കാണിച്ചതിനെത്തുടർന്ന് 73-കാരനെ ശനിയാഴ്ച രാത്രി ഷെബ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു, ഞായറാഴ്ച പുലർച്ചെ അദ്ദേഹം അടിയന്തര
ശസ്ത്രക്രിയയ്ക്ക് വിധേയനായി.
കടുത്ത ചൂടിൽ ഗലീലി കടലിൽ കുടുംബത്തോടൊപ്പം ചിലവഴിച്ച നെതന്യാഹുവിനെ തലകറക്കത്തെ തുടർന്ന് ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിർജ്ജലീകരണം ഉണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചികുന്നു. എന്നാൽ കഴിഞ്ഞയാഴ്ചത്തെ ആശുപത്രി സന്ദർശനത്തിൽ കാർഡിയാക് ആർറിത്മിയ കണ്ടെത്തിയതായി ഇസ്രായേലി ദിനപത്രമായ ഹാരെറ്റ്‌സ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു, എന്നാൽ ആ വിവരം ആ സമയത്ത് പരസ്യമായി പുറത്തുവിട്ടിരുന്നില്ല.
രാജ്യത്തെ എക്കാലത്തെയും മോശമായ ആഭ്യന്തര പ്രതിസന്ധിക്കിടയിലാണ് പ്രധാനമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, സുപ്രീം കോടതിയുടെ അധികാരം നിയന്ത്രിക്കാനുള്ള നെതന്യാഹുവിന്റെ ഗവൺമെന്റിന്റെ ശ്രമങ്ങൾക്കിടയിലാണ് പുതിയ വാർത്തകൾ രാജ്യത്ത് നിന്ന് വരുന്നത്.
അതിനിടെ നീതിന്യായ സംവിധാനത്തിന്റെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിനെചൊല്ലി ഇസ്രായേലിൽ ബെഞ്ചമിൻ നെതന്യാഹു സർക്കാറിനെതിരെ പ്രതിഷേധം ശക്തമാണ്. പതിനായിരക്കണക്കിന് ഇസ്രായേലികൾ ജറുസലേമിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ടെൽ അവീവിലും പ്രതിഷേധക്കാർ ഒത്തുകൂടി. ബില്ലിൽ അവസാന വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്. മന്ത്രിതല തീരുമാനങ്ങളെ അസാധുവാക്കുന്നതിന് സുപ്രിംകോടതിയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതാണ് ബിൽ. അഴിമതിയും അയോഗ്യരായ വ്യക്തികളെ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കുന്നതും തടയുന്നതിന് സുപ്രിംകോടതിക്കുള്ള അധികാരമാണ് ബിൽ പാസായാൽ ഇല്ലാതാകുന്നത്. ജുഡീഷ്യറിയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമനിർമാണത്തിനെതിരെ മന്ത്രിസഭയിലടക്കം കനത്ത പ്രതിഷേധമാണ് ഉയർന്നത്. നെതന്യാഹുവിന്റെ അഭാവത്തിൽ നിയമമന്ത്രി യാറിവ് ലെവിനാണ് ആക്ടിങ് പ്രധാനമന്ത്രി.