
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ കാണാനെത്തി; യുവാവും സുഹൃത്തും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ യുവാവും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. ഗുരുഗ്രാമിലെ സെക്ടര്‍ 50 പ്രദേശത്തെ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. ജൂണ്‍ 29നായിരുന്നു ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ നേരില്‍ കാണാനായി യുവതി പോയത്. യുവാവിനൊപ്പം സുഹൃത്തുമുണ്ടായിരുന്നു. ഇരുവര്‍ക്കുമൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിച്ചതിനു പിന്നാലെ ബോധം നഷ്ടമായെന്നാണ് യുവതി പറയുന്നത്.
യുവാവും സുഹൃത്തും ചേർന്ന് തന്നെ ബലാത്സംഗം ചെയ്യുകയും, വീഡിയോ ചിത്രീകരിക്കുകയും ചെയ്തെന്ന് യുവതി പറഞ്ഞു. ബോധം വന്നപ്പോള്‍ താന്‍ ചെറുത്തുനിന്നു. സംഭവിച്ചത് പുറത്തുപറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്നും യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.എന്നാൽ തിരിച്ച് വീട്ടിലെത്തിയ ശേഷം യുവതി പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ കൂട്ട ബലാത്സംഗക്കുറ്റം ചുമത്തി സെക്ടര്‍ 50 സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാനായി അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് എസ്.എച്ച്.ഒ പ്രവീൺ മാലിക് പറഞ്ഞു.