bala-you-tuber-chekuthaan

‘യൂട്യൂബർ പറയുന്നതൊക്കെ അടിസ്ഥാനരഹിതം’; ഇതാണ് ‘ചെകുത്താന്റെ’ റൂമിൽ നടന്നത്: വിഡിയോ പുറത്തുവിട്ട് ബാല

യൂട്യൂബറെ ഫ്ലാറ്റില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ മറുപടിയുമായി നടൻ ബാല. യൂട്യൂബർ പറയുന്നതൊക്കെ അടിസ്ഥാനരഹിതമാണെന്നും തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയോ റൂം അടിച്ചു തകർക്കുകയോ ചെയ്തിട്ടില്ലെന്നും ബാല പറയുന്നു. യൂട്യൂബറുടെ റൂമിലെത്തിയ ബാല അയാളുടെ സുഹൃത്തിനോട് സംസാരിക്കുന്ന വിഡിയോയും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ബാല റൂമിലെത്തുമ്പോൾ യൂട്യൂബറുടെ സുഹൃത്ത് മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.

‘‘നിങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വിഡിയോ എടുത്തത്. ചെറിയ കുട്ടികളെ ഓര്‍ത്ത് നിങ്ങളുടെ നാവ് കുറച്ച് കുറയ്ക്കൂ. ഇത് മുന്നറിയിപ്പ് അല്ല, തീരുമാനമാണ്.’’ ബാല വിഡിയോയില്‍ പറയുന്നു.  വിമര്‍ശിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ ചീത്ത വാക്കുകള്‍ ഉപയോ​ഗിക്കാന്‍ പാടില്ലെന്നും ഇതോടെ ഇത് നിർത്തണമെന്നും ബാല, അജുവിന്‍റെ മുറിയില്‍ ഉണ്ടായിരുന്ന സുഹൃത്തിനോട് പറയുന്നതും വിഡിയോയില്‍ കേൾക്കാം.

എന്നാൽ ബാല തോക്കുമായി തന്റെ വീട്ടിൽ കയറി ബാല ഭീഷണിപ്പെടുത്തിയെന്നാണ് യൂട്യൂബർ ആരോപിക്കുന്നത്. ബാലയ്ക്കെതിരെ താൻ ചെയ്ത ഒരു വൈറൽ വിഡിയോയാണ് സംഭവത്തിനു കാരണമായതെന്നും യൂട്യൂബർ പറയുന്നു. സോഷ്യൽമീഡിയയിൽ ചെകുത്താൻ എന്ന പേരിൽ വിഡിയോ ചെയ്യുന്ന അജു അലക്സ് എന്ന യൂട്യൂബറാണ് പരാതിക്കാരൻ.

ആറാട്ട് അണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും കൊണ്ടാണ് ബാല തന്‍റെ റൂമില്‍ വന്നതെന്നും ഒപ്പം രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നുവെന്നും അജു അലക്സ് പ്രതികരിച്ചു. ‘‘നടന്‍ ബാല ഞാന്‍ താമസിക്കുന്ന റൂമില്‍ വന്നു. ഞാന്‍ അവിടെ ഇല്ലായിരുന്നു. അവിടെ താമസിക്കുന്ന എന്‍റെ സുഹൃത്തിനെതിരെ തോക്ക് ചൂണ്ടി. അവനെ ഭീഷണിപ്പെടുത്തി. എന്നെ കൊല്ലുമെന്ന് പറഞ്ഞാണ് പോയിരിക്കുന്നത്. വീട്ടിലുള്ള സാധനങ്ങളൊക്കെ വലിച്ചെറിഞ്ഞു. കൂടെ രണ്ട് ​ഗുണ്ടകള്‍ ഉണ്ടായിരുന്നു. ആറാട്ട് അണ്ണന്‍ എന്ന് വിളിക്കുന്ന സന്തോഷ് വര്‍ക്കിയെയും കൂട്ടിക്കൊണ്ടാണ് അദ്ദേഹം വന്നത്. സന്തോഷ് വഴി കാണിച്ച് കൊടുക്കാന്‍ വന്നതാണ്. 

സന്തോഷിന്‍റെ മൊബൈലില്‍ നിന്നാണ് പിന്നീട് ഇവര്‍ വിളിക്കുന്നത്. സന്തോഷ് ഇപ്പോഴും അവരുടെ കയ്യിലാണെന്ന് തോന്നുന്നു. ആറാട്ടണ്ണനെ കൊണ്ട് മാപ്പ് പറയിക്കുന്ന ഒരു വിഡിയോ ബാല കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. അതിനെക്കുറിച്ച് ഞാന്‍ ഒരു ട്രോള്‍ വിഡിയോയും ഇട്ടിരുന്നു. അത് ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞാണ് ഇപ്പോള്‍ ബാല ഈ കയ്യാങ്കളിയൊക്കെ കാണിക്കുന്നത്.’’–അജു അലക്സ് പ്രതികരിച്ചു.

Leave a Reply

Your email address will not be published.

k.sudhakaran-mithi-an.shamseer-govindan Previous post ‘സ്പീക്കറെ ഗോവിന്ദന്‍ തിരുത്തണം’; നാമജപയാത്രക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് കെ സുധാകരന്‍
tuition-class-toru-programme Next post ട്യൂഷൻ ക്ലാസ്സുകളിലെ വിനോദയാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി ബാലാവകാശ കമ്മിഷൻ; പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി