
ആയുഷ്മാൻ ഭാരത് പദ്ധതിയിൽ വൻ തട്ടിപ്പ്, പട്ടികയിൽ ഒന്നാമത് കേരളം
രോഗികൾ മരിച്ചശേഷവും ‘ആയുഷ്മാൻ ഭാരത്– പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന’ (പിഎംജെഎവൈ) വഴി ഇവരുടെ പേരിൽ പണം തട്ടിയെടുക്കുന്നുവെന്നും പട്ടികയിൽ ഒന്നാമത് കേരളമാണെന്നും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) കണ്ടെത്തി. രാജ്യത്താകെ 3466 രോഗികളുടെ പേരിൽ ഇത്തരത്തിൽ പണം തട്ടിയെടുത്തതിൽ 966 പേരും കേരളത്തിലാണ്. സംസ്ഥാനത്ത് 2.60 കോടി രൂപയാണ് ഇത്തരത്തിൽ ആശുപത്രികൾക്കു കിട്ടിയതെന്നും സിഎജി പാർലമെന്റിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആരോഗ്യരംഗത്തെ കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയുടെ നടത്തിപ്പിലെ ഗുരുതര പിഴവുകൾ റിപ്പോർട്ടിലുണ്ട്. സിഎജി 2020 ജൂലൈയിലെ ഓഡിറ്റിനുശേഷം പ്രശ്നം ദേശീയ ആരോഗ്യ അതോറിറ്റിയുടെ (എൻഎച്ച്എ) ശ്രദ്ധയിൽപെടുത്തിയിരുന്നു. വീഴ്ച സ്ഥിരീകരിച്ച എൻഎച്ച്എ, മരിച്ച രോഗികളുടെ പിഎംജെഎവൈ അക്കൗണ്ട് പ്രവർത്തനരഹിതമാക്കാൻ നടപടി സ്വീകരിച്ചതായി 2 വർഷത്തോളം കഴിഞ്ഞ് 2022 ഏപ്രിലിൽ അറിയിച്ചു. എന്നാൽ, അതിനുശേഷവും മരിച്ചവരുടെ പേരിൽ പണം വാങ്ങുന്നതു തുടർന്നു. കേരളം കഴിഞ്ഞാൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മധ്യപ്രദേശ് (403), ഛത്തീസ്ഗഡ് (365), ഹരിയാന (354), ജാർഖണ്ഡ് (250) എന്നീ സംസ്ഥാനങ്ങളിലാണ്.
പിഴവിന് എൻഎച്ച്എ ചൂണ്ടിക്കാട്ടിയ സാങ്കേതിക കാരണങ്ങൾ സിഎജി തള്ളി. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായെന്നു നിരീക്ഷിക്കുകയും ചെയ്തു. ഓരോ കേസിലും സംഭവിച്ച ക്രമക്കേട് എന്താണെന്നു ദേശീയ, സംസ്ഥാന ആരോഗ്യ അതോറിറ്റികൾ വിശദമായ അന്വേഷിക്കാനാണ് സിഎജിയുടെ ശുപാർശ.