
പൊതുസ്ഥലത്ത് ഓണപ്പൂക്കളങ്ങള്‍ക്ക് പോലീസിന്റെ നിരോധനം
മലയാളികളുടെ ദേശീയോത്സവമായ ഓണക്കാലത്ത് പൊതുസ്ഥലങ്ങളില്‍ ഓണപ്പൂക്കളമൊരുക്കുന്നതിന് പോലീസിന്റെ നിരോധനം. വിവിധ ക്ലബ്ബുകളും സംഘടനകളും ജീവനക്കാരുടെയും തൊഴിലാളികളുടെയും കൂട്ടായ്മകളാണ് അത്തം മുതല്‍ പൊതുസ്ഥലത്ത് ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമൊരുക്കുന്നത്. മത്സര ബുദ്ധിയോടെയും കലാവിരുതോടെയും തയ്യാറാക്കുന്ന ഇത്തരം പൂക്കളങ്ങള്‍ ജനകീയ സ്വഭാവവും പങ്കാളിത്വവുമുള്ളതും ആകര്‍ഷകവുമാണ്. ചാത്തന്നൂര്‍ പോലീസ് സബ്ഡിവിഷനില്‍ ഇത് പാടില്ലെന്നാണ് പോലീസിന്റെ വിലക്ക്.
സുരക്ഷിത ചാത്തന്നൂര്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസം ചാത്തന്നൂര്‍ എ.സി.പി വിളിച്ചു കൂട്ടിയ പോലീസ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ ജി.എസ്.ജയലാല്‍ എം.എല്‍.എ യുടെ സാന്നിധ്യത്തിലാണ് ഓണപ്പൂക്കളങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചത്.
ഓണപ്പൂക്കളമൊരുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം പരവൂരില്‍ അഞ്ച് കേസുകളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് എട്ട് പേരെ റിമാന്‍ഡ് ചെയ്യേണ്ടി വന്നുവെന്നും യോഗത്തില്‍ പരവൂര്‍ ഇന്‍സ്പെക്ടര്‍ എ. നിസാര്‍ അഭിപ്രായപ്പെട്ടതാണ് ഓണപ്പൂക്കളങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ എ.സി.പിയെ പ്രേരിപ്പിച്ചത്.
യോഗത്തില്‍ത്തന്നെ ഇതിനെതിരേ അഭിപ്രായങ്ങളുയര്ത്തുന്നു.
പൊതു സ്ഥലങ്ങളില്‍ അത്തപ്പൂക്കളങ്ങള്‍ ഒരുക്കാന്‍ പാടില്ലായെന്ന എ.സി.പിയുടെയും പരവൂര്‍ സി.ഐയുടെയും നിര്‍ഗേശം ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ സമിതി അരോപിച്ചു. ഓണാഘോഷങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിനെതിരേ ഹിന്ദു ഐക്യവേദി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സമിതി ഭാരവാഹികള്‍ പറഞ്ഞു.