
എന്താണ് അത്തച്ചമയം: മലയാളികള്‍ അറിഞ്ഞിരിക്കേണ്ട ചരിത്രം
സ്വന്തം ലേഖകന്‍
കൊച്ചി രാജാക്കന്മാരും, കോഴിക്കോട്ട് സാമൂതിരിമാരും ചിങ്ങമാസത്തിലെ അത്തം നക്ഷത്രത്തില്‍ ആഡംബരപൂര്‍വം ആഘോഷിച്ചിരുന്ന ഒരു ഉത്സവപരിപാടിയാണ് അത്തച്ചമയം. രാജവാഴ്ച അവസാനിച്ചതോടെ ഈ അഘോഷത്തിന്റെ പ്രചാരം കുറഞ്ഞു. മുന്‍ കാലങ്ങളില്‍ കോഴിക്കോട്ട് സാമൂതിരിമാര്‍ നടത്തിയിരുന്നതിനേക്കാള്‍ വര്‍ണശബളമായ ഒരാഘോഷമായാണ് കൊച്ചി രാജക്കന്മാര്‍ ഈ ഉത്സവം ആഘോഷിച്ചു വന്നത്. ഇതിനു സമാന്തരമായി തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ‘അരിയിട്ടു വാഴ്ച’ എന്നൊരു ആഘോഷ പരിപാടി നടത്തിയിരുന്നു. ചിങ്ങമാസത്തില്‍ ഓണം നക്ഷത്രത്തിനു പത്തുദിവസം മുമ്പ് അതായത്, അത്തംനാളില്‍ നടത്തുന്ന ‘ചമയം’ എന്നാണ് അത്തച്ചമയം എന്ന പദത്തിന്റെ വിവക്ഷ.

ഈ ആഘോഷത്തിന്റെ ചരിത്രപരമായ പശ്ചാത്തലത്തെപ്പറ്റി പല തരത്തിലുള്ള വിശ്വാസങ്ങള്‍ നിലവിലുണ്ട്. യുദ്ധഭൂമിയിലേക്കുള്ള പടനീക്കത്തിന്റെ പ്രതീകമാണിതെന്ന് ചിലര്‍ വിശ്വസിക്കുന്നു. മഹാബലിയെ വരവേല്‍ക്കുന്ന ഉത്സവാഘോഷമാണിതെന്നാണ് മറ്റൊരഭിപ്രായം. അത്തചമയം കൊച്ചിരാജാവിന്റെ എഴുന്നള്ളത്ത് രാജകീയപ്രൗഢി പ്രകടിപ്പിക്കാന്‍ പുരാതന ചേരരാജാക്കന്മാര്‍ നടത്തിയിരുന്ന ആഘോഷങ്ങളുടെ പുനരാവിഷ്‌കരണമാണിതെന്നും, ഓണാഘോഷങ്ങളുടെ നാന്ദിയായ ഉത്സവമാണെന്നും അഭിപ്രായഭേദങ്ങള്‍ വേറെയുമുണ്ട്. അത്തച്ചമയത്തിന്റെ ആവിര്‍ഭാവത്തെപ്പറ്റി വിശ്വസനീയമായ രേഖകളൊന്നുമില്ല. പെരുമാള്‍ ഭരണകാലത്ത് ചേരരാജ്യത്തിന്റെ തലസ്ഥാനം തിരുവഞ്ചിക്കുളത്തേക്കു മാറ്റുന്നതിനുമുമ്പ് തൃക്കാക്കരവച്ച് ഈ ഉത്സവാഘോഷങ്ങള്‍ നടത്തിവന്നിരുന്നു എന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു.

സാമന്തരാജാക്കന്മാരും ഇടപ്രഭുക്കന്മാരും മാടമ്പികളും സകല ആഡംബരങ്ങളോടും കൂടി ഈ ആഘോഷങ്ങളില്‍ പങ്കുകൊള്ളാറുണ്ടായിരുന്നുവെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. കൊച്ചി രാജാക്കന്മാര്‍ തൃപ്പൂണ്ണിത്തുറയില്‍ വച്ച് നടത്തിവന്ന അത്തച്ചമയാഘോഷം ‘ദേശമറിയിക്കല്‍’ എന്ന പരിപാടിയോടുകൂടിയാണ് ആരംഭിച്ചിരുന്നത്. കൊട്ടാരത്തിന്റെ ഗോപുരദ്വാരത്തില്‍ നിന്ന് ആനയും അമ്പാരിയുമായി പുറപ്പെടുന്ന ഘോഷയാത്ര നഗരാവ് (വലിയ ചെണ്ട) കൊട്ടിയും, കൊമ്പും കുഴലും വിളിച്ചും അത്തച്ചമയാഘോഷത്തെപ്പറ്റി പൊതുജനങ്ങളെ അറിയിക്കുന്ന ചടങ്ങാണിത്.

ഉത്രംനാള്‍ സായാഹ്നത്തില്‍ രാജാവ് ‘ഒരിക്കലൂണ്’ കഴിഞ്ഞ് ‘ചന്തം ചാര്‍ത്തല്‍’ (ക്ഷൗരം) നടത്തി അത്തച്ചമയത്തിന് തയ്യാറാകുന്നു. പിറ്റേന്നു രാവിലെ അദ്ദേഹം തേച്ചുകുളി കഴിഞ്ഞ് തറ്റുടുത്ത് പഴയന്നൂര്‍ ഭഗവതിക്കും പൂര്‍ണത്രയീശനും വഴിപാടുകള്‍ അര്‍പ്പിച്ചശേഷം ‘ചമയമുറി’യില്‍ പ്രവേശിക്കുന്നു. പ്രത്യേകം നിയുക്തരായ നമ്പൂതിരിമാരും തിരുമുല്‍പ്പാടന്മാരുമാണ് രാജാവിനെ വേഷഭൂഷാദികള്‍ അണിയിക്കുന്നത്. ‘ഹാരകേയൂരകടകാംഗുലീയങ്ങ’ളും അപൂര്‍വമായ പട്ടുവസ്ത്രങ്ങളും ചന്ദനകുങ്കുമാദികളും ചമയങ്ങളില്‍പ്പെടുന്നു. രാവിലെ ഏകദേശം എട്ടുമണിയോടുകൂടി എട്ടുപേര്‍ വഹിക്കുന്ന സ്വര്‍ണപ്പല്ലക്കില്‍ കയറി രാജാവ് ഘോഷയാത്ര ആരംഭിക്കുന്നു.

പകല്‍ സമയമാണെങ്കിലും കൊളുത്തിയ കുത്തുവിളക്കുകളും തീവെട്ടികളും ഘോഷയാത്രയില്‍ വേണമെന്ന് നിര്‍ബന്ധമുണ്ട്. പ്രത്യേക വേഷം ധരിച്ച് ദിവാന്‍ ഉള്‍പ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥന്മാരും രാജകുടുംബത്തിലെ പുരുഷാംഗങ്ങളും ഊരിപ്പിടിച്ച വാളുകളുമായി പല്ലക്കിനെ അകമ്പടി സേവിക്കുന്നു. ഘോഷയാത്ര രണ്ടു മണിക്കൂറിനുള്ളില്‍ ആരംഭിച്ച കൊട്ടാരത്തില്‍ തന്നെ മടങ്ങിയെത്തും. ഈ കൊട്ടാരങ്ങളും അത്തച്ചമയാഘോഷങ്ങളുടെ യാത്രാപഥവും ഇടയ്ക്കിടയ്ക്ക് വ്യത്യാസപ്പെടാറുണ്ട്. ഘോഷയാത്ര അവസാനിച്ച് രാജാവ് തന്റെ രജതസിംഹാസനത്തില്‍ ആസനസ്ഥനാവുകയും ഉദ്യോഗസ്ഥപ്രമുഖന്മാരും പ്രമാണിമാരും വന്ദിച്ച് ഇരുവശവും പിന്‍വാങ്ങി നില്ക്കുകയും ചെയ്യും.

അതു കഴിഞ്ഞാല്‍ ‘പട്ടോല മേനോന്‍’ എന്ന കൊട്ടാര ഉദ്യോഗസ്ഥന്‍ രാജകീയ പാരിതോഷികങ്ങള്‍ക്ക് അര്‍ഹരായ അതിഥികളുടെ പേരുകള്‍ താളിയോലഗ്രന്ഥങ്ങള്‍ നോക്കി വായിക്കുന്നു. സമ്മാനം കൊടുത്തുകഴിഞ്ഞാല്‍ വിഭവസമൃദ്ധമായ സദ്യയും അതില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം ‘സര്‍വാണി’ കൊടുക്കുന്ന പതിവും നടന്നുവന്നു. ആദ്യം ഓരോ പുത്തനും പിന്നീട് ഓരോ അണയുമായിരുന്നു സര്‍വാണിത്തുക. രാജാവിന്റെ ‘അമൃതേത്തും’ ഒരു വലിയ ചടങ്ങാണ്. ചേര്‍ത്തു തുന്നിക്കെട്ടിയ മൂന്നു വലിയ നാക്കിലയിലാണ് അദ്ദേഹം അമൃതേത്തു കഴിക്കുന്നത്. നിലവിളക്കും നിറപറയുമൊക്കെ അലങ്കരിച്ചു വച്ചിരിക്കും. ചോറിനുപുറമേ 64 കൂട്ടം വിഭവങ്ങള്‍ വിളമ്പാറുണ്ടായിരുന്നു.

ഈ ഊണാണ് അത്തച്ചമയത്തിന്റെ അവസാനത്തെ ചടങ്ങ്. അത്തച്ചമയം സംബന്ധിച്ച സകല ചെലവുകളും സംസ്ഥാന ഖജനാവില്‍ നിന്നാണ് ചെയ്തുവന്നത്. കേരളവര്‍മ (1946-48)യുടെ കാലത്താണ് അവസാനമായി രാജകീയാഘോഷമെന്ന നിലയില്‍ ഇത് ആചരിക്കപ്പെട്ടത്. ആഡംബര വിമുഖനായ പ്രസ്തുത രാജാവ് വെറും ഒരു ചടങ്ങെന്ന നിലയില്‍ മാത്രമേ ഇതു നടത്തിയുള്ളൂ. സാധാരണ വസ്ത്രങ്ങള്‍ ധരിച്ച്, താന്‍ താസമിക്കുന്ന നാലുകെട്ടിനുള്ളില്‍ കടന്ന് അല്‍പ്പനിമിഷം ധ്യാനനിമഗ്‌നനായി നിന്നിട്ട് അദ്ദേഹം ചടങ്ങ് അവസാനിപ്പിക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാലം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജവാഴ്ചതന്നെ അവസാനിക്കുന്നതിന്റെ നാന്ദിയായി കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും സംയോജനം നടന്നതോടെ (1949 ജൂല.) അത്തച്ചമയത്തിന്റെ രാജകീയസ്വഭാവം നഷ്ടപ്പെട്ടു. 1960നുശേഷം പുനരുദ്ധരിക്കപ്പെട്ട അത്തച്ചമയാഘോഷങ്ങള്‍ കേരള ഗവണ്‍മെന്റ് ഔദ്യോഗികതലത്തില്‍ നടത്തപ്പെടുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമാക്കി. ഇത് തൃപ്പൂണിത്തുറയില്‍ തന്നെയാണ് നടത്താറുള്ളതെങ്കിലും ഇതില്‍ രാജാവോ രാജകീയ പരിവാരങ്ങളോ രാജത്വച്ഛായയുള്ള എന്തെങ്കിലും പരിപാടികളോ ഉള്‍പ്പെടുന്നില്ല.
