
ബിജെപി ദേശീയ വക്താവായി അനിൽ ആന്റണിയെ നിയമിച്ച് ജെ.പി.നഡ്ഡ
പാർട്ടിയുടെ ദേശീയ വക്താവായി അനിൽ കെ. ആന്റണിയെ നിയമിച്ച് ബിജെപി. കഴിഞ്ഞ മാസം അനിലിനെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി ദേശീയ വക്താവിന്റെ ചുമതല കൂടി അദ്ദേഹത്തിന് നൽകിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ നടത്തിയ നിയമനം സംബന്ധിച്ച് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് ഉത്തരവിറക്കി. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനായ അനിൽ ആന്റണി ഈ ഏപ്രിലിലാണ് ബിജെപിയിൽ ചേർന്നത്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും, എഐസിസി സോഷ്യൽ മീഡിയ കോഓർഡിനേറ്റുമായിരുന്നു അനിൽ ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ചാണ് കോൺഗ്രസുമായി തെറ്റിയത്. തുടർന്ന് പദവികളെല്ലാം രാജിവെച്ച് ബിജെപിയിൽ ചേരുകയായിരുന്നു.