
ഡോക്ടർമാർ ബ്രാൻഡഡ് മരുന്നുകൾക്ക് പകരം ജനറിക് പേരുകൾ കുറിക്കണം: ദേശീയ മെഡിക്കൽ കമ്മിഷൻ ഉത്തരവിനു വിലക്ക്
ഡോക്ടർമാർ ബ്രാൻഡഡ് മരുന്നുകൾക്കു പകരം ജനറിക് പേരുകൾ കുറിക്കണമെന്ന ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ഉത്തരവിനു വിലക്ക്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേർസ് അസോസിയേഷനും കേന്ദ്രത്തിനെ സമീപിച്ചതിനു പിന്നാലെയാണു നടപടി. എൻഎംസിയുടെ ഉത്തരവിനെതിരെ ഡോക്ടർമാർ ആദ്യം മുതൽ തന്നെ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. രാജ്യത്തു ‘ജനറിക് മരുന്നുകളുടെ’ ഗുണനിലവാര നിയന്ത്രണം കുറവാണെന്നും ഇത്തരം ഉത്തരവുകൾ രോഗികളെ അപകടത്തിൽപ്പെടുത്തുമെന്നുമായിരുന്നു ഡോക്ടർമാരുടെ വാദം.
നാഷനൽ മെഡിക്കൽ കമ്മിഷന്റെ, 2023 റജിസ്റ്റർഡ് മെഡിക്കൽ പ്രാക്ടീഷനൽ റെഗുലേഷൻസിലാണു ഡോക്ടർമാർ മരുന്നുകളുടെ ജനറിക് പേരുകൾ കുറിക്കണമെന്നു നിർബന്ധമാക്കിയത്. ബ്രാൻഡഡ് മരുന്നുകളെക്കാൾ ജനറിക് മരുന്നുകൾക്കു 30 മുതൽ 80 ശതമാനം വരെ വിലകുറവുള്ളതിനാൽ പുതിയ ഉത്തരവ് ആരോഗ്യസംരക്ഷണ ചെലവു കുറയ്ക്കുമെന്നായിരുന്നു റെഗുലേറ്ററി ബോഡിയുടെ വാദം.