
ഐപിസിയുടെ പേര് ‘ഭാരതീയ ന്യായ സംഹിത’ എന്നാക്കും; ക്രിമിനൽ നിയമത്തിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ
രാജ്യത്തെ ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ഇന്ത്യന്‍ പീനല്‍ കോഡും (ഐപിസി), ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡും (സിആർപിസി) പരിഷ്കരിക്കാനുള്ള സുപ്രധാന ബിൽ അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു. മൂന്ന് ക്രിമിനൽ നിയമങ്ങളിൽ മാറ്റമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ പീനല്‍ കോഡിന്റെ പേര് ‘ഭാരതീയ ന്യായ സംഹിത’യെന്നും, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ പേര് ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’യെന്നും, തെളിവ് നിയമം ‘സാക്ഷ്യബിൽ’ എന്നുമാക്കി മാറ്റും. ആൾക്കൂട്ട കൊലപാതകത്തിന് പരമാവധി ശിക്ഷയും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷയും നൽകും.
അതേസമയം പുതിയ നിയമത്തില്‍ ബ്രിട്ടീഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റം മുഴുവനായി ഒഴിവാക്കും. കൂട്ട ബലാല്‍സംഗത്തിന് 20 വര്‍ഷമോ ജീവപര്യന്തമോ തടവുശിക്ഷ നൽകും. മാറ്റങ്ങൾ നീതി ഉറപ്പാക്കാൻ വേണ്ടിയാണെന്ന് അമിത് ഷാ പറഞ്ഞു. ആളുകളെ ശിക്ഷിക്കുക എന്നതല്ല, നീതി നൽകുക എന്നതാണു ലക്ഷ്യമെന്നും, ശിക്ഷകൾ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.