
“കിളി”പോയ (വഴി നോക്കി) ഉദ്യോഗസ്ഥര്‍
തൃശൂര്‍ മൃഗശാലയില്‍ നിന്ന് ലക്ഷങ്ങള്‍ വിലയുള്ള ആമസ്റ്റ് പക്ഷി പറന്നുപോയി
സ്വന്തം ലേഖകന്‍
തൃശൂര്‍ മൃഗശാലയില്‍ നിന്ന് ലക്ഷങ്ങള്‍ വിലയുള്ള ആമസ്റ്റ് പക്ഷി പറന്നുപോയി. അങ്ങനെ, തൃശൂര്‍ മൃഗശാലയും തിരുവനന്തപുരം മൃഗശാലയുടെ മാതൃക പിന്തുടര്‍ന്ന് വിജയിച്ചിരിക്കുകയാണ്. ഇവിടെ കുരങ്ങ് ചാടിപ്പോയാല്‍ അവിടെ കിളിയെ തുറന്നു വിടും. ഒരു ആണ്‍ ആമസ്റ്റ് പക്ഷിയാണ് പറന്നു പോയതെന്ന് തൃശൂര്‍ മൃഗശാലാ സൂപ്രണ്ട് ഈ നാടിനോട് പറഞ്ഞു. ആകെ മൂന്ന് ആമസ്റ്റ് ഫെസന്റുകളാണുള്ളത്. ഇതില്‍ രണ്ടെണ്ണം പെണ്ണും. ഒന്ന് ആണുമാണ്. ഇതില്‍ ആണ്‍ ആമസ്റ്റ് ഫെസന്റാണ് പറന്നു പോയിരിക്കുന്നത്. വിവരം അറിഞ്ഞ മൃഗശാലാ ജീവനക്കാര്‍ മൃഗശാലയ്ക്കുള്ളിലും പരിസര പ്രദേശത്തുമൊക്കെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയിട്ടില്ല. ഇതുസംബന്ധിച്ച് ഒരു പരാതി പോലീസിനു നല്‍കിയിട്ടുണ്ടെന്നും സൂപ്രണ്ട് പറയുന്നു.

ഞായറാഴ്ച ഡെയ്‌ലി വേജസ് ജീവനക്കാരാണ് പക്ഷിയുടെ കൂട് വൃത്തിയാക്കിയത്. സ്ഥിരം ജീവനക്കാര്‍ ഇല്ലായിരുന്നു. ഇവരുടെ ശ്രദ്ധക്കുറവാണോ പക്ഷി പറന്നു പോകാന്‍ കാരണമായതെന്ന് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പക്ഷികളെല്ലാം കൂട്ടില്‍ത്തന്നെ ഉണ്ടായിരുന്നു. കൂട് തുറന്നിട്ടിട്ടുമില്ല. പിന്നെ എങ്ങനെ പക്ഷി പറന്നു പോയെന്നാലോചിച്ച് ആകെ ‘കിളിപോയ’ അവസ്ഥയിലാണ് ജീവനക്കാരെല്ലാം. ഇതിന്റെ പേരില്‍ ജോലി തെറിക്കാന്‍ സാധ്യതയുള്ള ദിവസ വേതനക്കാരുടെ കാര്യം അതിലേറെ കഷ്ടമാവുകയാണ്. എന്തു തന്നെ ആയാലും മൃഗശാലയിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ ചോദ്യം ചെയ്യാന്‍ കേരളത്തില്‍ ഇപ്പോള്‍ ആരുമില്ലെന്ന അവസ്ഥയാണ്. പറന്നു പോയത് ഒരു പക്ഷി ആയതു കൊണ്ടും, ചാടിയത് ഒരു ഹനുമാന്‍ കുരങ്ങായതു കൊണ്ടും മാധ്യമങ്ങളെല്ലാം ഇതിനെ കൗതുക വാര്‍ത്തയ്ക്കപ്പുറം പ്രാധാന്യം നല്‍കുന്നില്ല. മൃഗശാലയില്‍ എന്തു സംഭവിച്ചാലും അതെല്ലാം കൗതുക കാഴ്ചകള്‍ മാത്രമായി മാറിയിരിക്കുകയാണ്. ഇവിടെ നിന്നുണ്ടാകുന്ന വാര്‍ത്തകളെ അത്തരത്തില്‍ മാറ്റിയാണ് ഉദ്യോഗസ്ഥര്‍ അവതരിപ്പിക്കുന്നത്.

അതുകൊണ്ടു തന്നെ വാര്‍ത്തയുടെ ഗൗരവം ചോര്‍ന്നു പോവുകയും ചെയ്യും. തിരുവനന്തപുരം മൃഗശാലയില്‍ നിന്നും അധികൃതരുടെ അനാസ്ഥകൊണ്ടു മാത്രം പുറത്തു ചാടിയ ഹനുമാന്‍ കുരങ്ങ് ഒരു മാസത്തിനടുപ്പിച്ച് നഗരത്തില്‍ കറങ്ങി നടന്നു. ഇതിനിടയില്‍ കുരങ്ങ് ആരെയെങ്കിലും ആക്രമിച്ചെങ്കിലോ?. ആക്രമണത്തില്‍ ഗുരുതരമായി മുറിവേറ്റിരുന്നെങ്കിലോ?. വകുപ്പുമന്ത്രിയും മൃഗശാലാ അധികൃതരും എന്തു മറുപടി നല്‍കുമായിരുന്നു. മന്ത്രി അന്നു പറഞ്ഞത്, കുരങ്ങിനെ ആരും ശല്യം ചെയ്യരുത്, അത് താനേ വന്ന് കൂട്ടില്‍ കയറുമെന്നാണ്. എന്നിട്ടോ, ജര്‍മ്മന്‍ പഠ കേന്ദ്രത്തിലെ ക്ലാസ്സ് മുറിയില്‍ നിന്നുമാണ് കുരങ്ങനെ പിടികൂടിയത്. ഭരണ കര്‍ത്താക്കളും ഉദ്യോഗസ്ഥരും പറയുന്ന വാക്കുകള്‍ക്ക് ഒരു വിലയും ഇല്ലാത്ത അവസ്ഥയിലേക്ക് പോകുമ്പോള്‍ ജനം വിശ്വസിക്കേണ്ടത് ആരെയാണെന്ന ചോദ്യം ബാക്കിയാവുകയാണ്.

പൊതു വിപണിയില്‍ ലക്ഷങ്ങള്‍ വിലയുള്ള വിദേശയിനം പക്ഷിയാണ് ആമസ്റ്റ് ഫെസന്റ്. കഴുത്തില്‍ അടുക്കുപോലെയുള്ള വെള്ള നിറവും, വാലും ചിറകും മനോഹരമായ നിരവധി നിറങ്ങളുമുള്ള പക്ഷിയാണ് ആമസ്റ്റ്. ഒരു പക്ഷിയെ സൂക്ഷിക്കാന്‍ കഴിയാത്ത മൃഗശാലയില്‍ എങ്ങനെയാണ് സന്ദര്‍ശകര്‍ വിശ്വസിച്ച് കയറുന്നത്. കൂടുവിട്ട് പുറത്തിറങ്ങുന്ന പക്ഷികളായാലും, മൃഗങ്ങളായാലും അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്. മൃഗശാല സന്ദര്‍ശിക്കാനെത്തുന്നവര്‍ ഒരിക്കലും മൃഗങ്ങളെ പരിചരിക്കുന്നവരെ കുറിച്ച് അധികം ചിന്തിക്കാറില്ല എന്നതാണ് വസ്തുത. എന്നാല്‍, സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാരായ ഇവര്‍ മൃഗങ്ങളെ നല്ല രീതിയില്‍ നോക്കുന്നുണ്ടോയെന്നത് സംശയമാണ്. കാട്ടില്‍ വളരേണ്ട മൃഗങ്ങളെ കൂട്ടിലിട്ട്, സന്ദര്‍ശകരില്‍ നിന്നും പണം പിരിച്ച് കോടികള്‍ വരുമാനമുണ്ടാക്കുന്നുണ്ട്. മിണ്ടാപ്രാണികളോട് കാട്ടുന്ന ക്രൂരതയും പിന്നെ, പണപ്പിരിവും നടത്തി സുഖജീവിതം നയിക്കുന്നവരാണ് മൃഗങ്ങളുടെ യഥാര്‍ഥ ശത്രുക്കള്‍. മൃഗശാലകള്‍ സുരക്ഷിതമല്ലെന്ന സന്ദേശം കൂടിയാണ് ഈ കൂടു ചാടലുകള്‍ കാട്ടി തരുന്നത്. ഇനിയും സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഏറെ സാധ്യതകളുമുണ്ടെന്ന് കീപ്പര്‍മാര്‍ തന്നെ പറയുന്നു.