
തിരഞ്ഞെടുപ്പ് അട്ടിമറിച്ച കേസ്: ട്രംപിനെതിരെ 20 വർഷം തടവ് ലഭിക്കാവുന്ന നാല് കുറ്റങ്ങൾ കൂടി ചുമത്തി
2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിച്ച കേസിൽ ഡോണൾഡ് ട്രംപിനെതിരെ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നാലു കുറ്റങ്ങൾ കൂടി ചുമത്തി. രാജ്യത്തെ കബളിപ്പിക്കൾ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ, ഗൂഢാലോചന നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പുതിയതായി ചുമത്തിയത്. കേസിൽ ട്രംപിനോട് വ്യാഴാഴ്ച കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.2020ലെ തിരഞ്ഞെടുപ്പിൽ ജോബൈഡനോട് തോൽക്കാതിരിക്കാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്ന ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ‘‘2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി നിങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റിനെതിരെ മറ്റൊരു വ്യാജ കുറ്റപത്രം കൂടി ജാക്ക് സ്മിത്ത് കൊണ്ടു വന്നതായി അറിഞ്ഞു’’– എന്ന് സംഭവത്തിനെതിരെ ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.തിരഞ്ഞെടുപ്പിൽ കൃത്രിമത്വം കാണിക്കാനായി ട്രംപ് സമ്മർദം ചെലുത്തിയതായി ചില ഉദ്യോഗസ്ഥരും അറിയിച്ചിരുന്നു. ജോ ബൈഡന്റെ വിജയാഘോഷത്തിനിടെ ട്രംപിന്റെ അനുയായികൾ ആക്രമണവും നടത്തിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ജനുവരിയിൽ ഒരു കത്ത് ലഭിച്ചതായി ട്രംപ് പറഞ്ഞിരുന്നു. ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്.